ADVERTISEMENT

പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ച സാഹചര്യത്തില്‍ പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ പദ്ധതി തയeറാക്കിയിട്ടുണ്ട്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകം കൃത്യ സമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷന്‍ ആണെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്. അതിനാല്‍തന്നെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്ലാവരും ശാസ്ത്രീയമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. നായയോ, പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനമാണ്. അതിനാല്‍തന്നെ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

 

പ്രഥമ ശുശ്രൂഷ

ആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്റെ ഉമിനീരില്‍ നിന്നോ ശരീരത്തില്‍ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയും. അതിന് ശേഷം അയഡിന്‍ കലര്‍ന്ന ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്തുക്കള്‍ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങള്‍ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റയാളിനെ പറഞ്ഞ് പേടിപ്പിക്കരുത്. ആശ്വാസമേകി എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

 

ചികിത്സ

മൃഗങ്ങള്‍ കടിച്ചാല്‍ ചെറിയ പോറലാണെങ്കില്‍ പോലും പ്രഥമ ശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.), ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ ചികിത്സകളാണ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്. സംസ്ഥാനത്ത് 573 സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.ഡി.ആര്‍.വി.യും 43 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമാണ്.

 

പ്രതിരോധം

നായകള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും, അവയെ ഭയപ്പെടുത്തുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് അക്രമണ സ്വഭാവം കൂട്ടാനിടയാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. തെരുവ് നായകളുടെ സമീപത്തുകൂടി നടക്കുന്നത് വളരെ ശ്രദ്ധിക്കണം. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Content Summary: Rabies infection: First aid treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com