ADVERTISEMENT

കാരണം കണ്ടെത്താനാകാത്ത തരത്തില്‍ പനി വരുന്നവരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പനിയുടെ ലക്ഷണം കണ്ടാല്‍ മലേറിയയോ ഡെങ്കിപ്പനിയോ ടൈഫോയ്ഡോ ഒക്കെ ആണെന്ന് തോന്നുമെങ്കിലും ഈ രോഗങ്ങള്‍ക്കുള്ള പരമ്പരാഗത ചികിത്സയോട് പനി വന്ന രോഗി പ്രതികരിക്കാത്ത അവസ്ഥയുണ്ടെന്ന് മധുകര്‍ റെയ്ന്‍ബോ ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്‍റ് ഡോ. ഷര്‍വാരി ധബാഡെ ദുവ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങളും രോഗികളില്‍ കാണപ്പെടുന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും ബുദ്ധിമുട്ടേറിയതാകുന്നു. 

 

അതിസാരം, ഛര്‍ദ്ദി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളോട് കൂടിയോ അല്ലാതെയോ പനി പ്രത്യക്ഷപ്പെടാറുണ്ട്. തുടക്കത്തില്‍ വൈറല്‍ ഫീവറാണെന്ന് തോന്നിപ്പിക്കുന്ന പനി രണ്ടാഴ്ചയ്ക്കുള്ളല്‍ ഹൈ ഗ്രേഡ് പനിയായി മാറാമെന്നും ഡോ. ഷര്‍വാരി മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനും കാലാവസ്ഥാ മാറ്റങ്ങള്‍ക്കുമൊപ്പം ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത പനി ഡോക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പവും ഉണ്ടാക്കാറുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും രോഗങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നു.

 

കൊതുക് ജന്യ രോഗങ്ങളുടെ പകര്‍ച്ചയില്‍ താപനില പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 16 ഡിഗ്രി സെല്‍ഷ്യസിനും 36 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലാണ് കൊതുക് മുട്ടയിട്ട് പെരുകാറുള്ളത്. ഇതില്‍ കൂടുതലോ കുറവോ ആയ താപനിലയില്‍ കൊതുകിന്‍റെ വളര്‍ച്ച എളുപ്പമല്ല. മലേറിയ, ഡെങ്കിപ്പനി എന്നിവയെല്ലാം ഈ അനുകൂല താപനില ലഭ്യമാകുന്ന ഇടങ്ങളില്‍ വര്‍ധിക്കുന്നുണ്ട്. മഴ വിട്ടുമാറാതെ നില്‍ക്കുന്ന മണ്‍സൂണ്‍ കാലാവസ്ഥയില്‍ ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. എലിപ്പനി, ടൈഫോയ്ഡ്, ഗ്യാസ്ട്രോഎന്‍ററൈറ്റിസ്, റിക്കറ്റ്സിയ ഫീവര്‍, കൊക്കപ്പുഴു മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയെല്ലാം മഴക്കാലത്ത് പടരാറുണ്ട്. 

 

കോവിഡ് മഹാമാരിയോട് അനുബന്ധിച്ച ലോക്ഡൗണുകള്‍ക്കു ശേഷം ജനങ്ങള്‍ കൂടുതലായി യാത്ര ചെയ്യുന്നതും ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ട്രോപ്പിക്കല്‍ രോഗങ്ങളുടെ വര്‍ധനയ്ക്ക് പിന്നിലെ ഒരു കാരണമാണ്. യാത്ര ചെയ്ത സ്ഥലങ്ങള്‍, അവിടുത്തെ കാലാവസ്ഥ, പ്രാണികളുടെ കടിയേല്‍ക്കാനുള്ള സാധ്യത, മലിനമായ ജലവും ഭക്ഷണവും കഴിക്കാനുള്ള സാധ്യത എന്നിവയെല്ലാം രോഗനിര്‍ണയത്തില്‍ ഡോക്ടര്‍മാരെ സഹായിക്കാം. മങ്കിഫീവര്‍ പോലുള്ള രോഗങ്ങളുടെ വരവ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാമെന്നും ഡോ. ഷര്‍വാരി ചൂണ്ടിക്കാട്ടി. 

 

കാലാവസ്ഥ മാറ്റങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയില്ലെന്നതിനാല്‍ വിശദീകരിക്കാനാകാത്ത പനിയുടെയും മറ്റ് രോഗങ്ങളുടെയും നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഇതിനാല്‍ പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും നിത്യവും വ്യായാമം ചെയ്യാനും ശ്രമിക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്‍റെയും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ ചെക്കപ്പ് നടത്തേണ്ടതിന്‍റെയും പ്രാധാന്യവും ഇവര്‍ ഊന്നിപ്പറയുന്നു.

Content Summary: Don’t Ignore Unexplained Fever: It May Be More Dangerous Than You Think

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com