ADVERTISEMENT

കാഴ്ചയില്‍ ആരോഗ്യവാന്മാരായ യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണപ്പെടുന്ന വാര്‍ത്ത പലപ്പോഴും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും ഞെട്ടലുണ്ടാക്കാറുണ്ട്. ഗായകന്‍ കെകെ, നടന്മാരായ സിദ്ധാര്‍ത്ഥ് ശുക്ല, പുനീത് രാജ്കുമാര്‍ എന്നിങ്ങനെ പല സെലിബ്രിറ്റികളുടെയും ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണം ഹൃദയാരോഗ്യത്തെ കുറിച്ച് പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ദിവസവും മണിക്കൂറുകള്‍ ജിമ്മിലും മറ്റും ചെലവഴിച്ചിട്ടും പുറമേക്ക് ഫിറ്റായിട്ടിരുന്നിട്ടും ഇവര്‍ക്ക് ഇത് എങ്ങനെ സംഭവിച്ചു എന്നതായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. 

 

ഹൃദയസ്തംഭനം പ്രായമായവര്‍ക്ക് മാത്രം വരുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ സമയമായെന്ന് ഈ സംഭവങ്ങളെല്ലാം വീണ്ടും ഉറക്കെ വിളിച്ച് പറയുന്നുണ്ട്. യുവത്വത്തോടെ ഇരിക്കുന്ന ശരീരത്തിലെ അവയവങ്ങളെല്ലാം നന്നായി പ്രവര്‍ത്തിച്ചു കൊള്ളുമെന്ന ധാരണ മാറേണ്ടതുണ്ട്. മികച്ച ജീവിതശൈലി പിന്തുടരാത്ത പക്ഷം ഒരു ഇരുപതുകാരനും അറുപതുകാരനും ഹൃദയാഘാതം വരാനുള്ള സാധ്യത തുല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 

കൊളസ്ട്രോള്‍ മൂലം രക്തധമനികള്‍ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാര്‍വഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് 35-40 വയസ്സുള്ളവരിലെ ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും നിരീക്ഷിക്കുന്നു.  ഹൃദയത്തിലേക്ക് രക്തം പമ്പ്  ചെയ്യുന്ന രക്തധമനികളില്‍ ജന്മാല്‍തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ യുവാക്കളിലെ ഹൃദയാഘാതങ്ങളില്‍ നാലു ശതമാനത്തിന് കാരണമാകാമെന്ന് മറ്റൊരു ഹാര്‍വഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് അടിവരയിടുന്നു.  

 

ഹൃദയാഘാതങ്ങളില്‍ അഞ്ച് ശതമാനം കേസുകള്‍ രക്തം കട്ടപിടിക്കുന്നത് മൂലമാകാം. ശരീരത്തിലെ മറ്റേതെങ്കിലും ഇടത്തില്‍ രൂപപ്പെടുന്ന  ക്ലോട്ട് രക്തപ്രവാഹത്തിലൂടെ ഹൃദയധമനികളിലെത്തിയാണ് കുഴപ്പമുണ്ടാക്കുന്നത്. രക്തം കട്ടപിടിക്കുന്ന സംവിധാനത്തില്‍ ഉണ്ടാകുന്ന താളപ്പിഴകള്‍ ഹൃദയത്തിലെ ധമനികളില്‍ മാത്രമല്ല രക്തചംക്രമണ സംവിധാനത്തില്‍ ആകപ്പാടെ ക്ലോട്ട് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. 

 

അമിതഭാരവും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ഭാരം അമിതമാണോ എന്നറിയാന്‍ ബോഡി മാസ് ഇന്‍ഡെക്സ് മാത്രമല്ല അരക്കെട്ടിന്‍റെ വണ്ണവും നോക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 35 ശതമാനം ഹൃദ്രോഗ കേസുകള്‍ക്ക് പിന്നില്‍ ശാരീരികമായ പ്രവര്‍ത്തനമില്ലായ്മയാണ് കാരണമെന്നും കണക്കുകള്‍ തെളിയിക്കുന്നു. ആരോഗ്യകരമായ ഹൃദയത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം 30 മുതല്‍ 60 മിനിറ്റു വരെ മിതമായ എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു. നടത്തം, പടി കയറ്റം, തോട്ടപ്പണി, വീട് വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. 

 

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

യുവാക്കള്‍ തങ്ങളുടെ ഹൃദയം തരുന്ന സൂചനകള്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

 

1. സാധാരണ ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക

 

2. സമപ്രായക്കാരേക്കാള്‍ ക്ഷീണിതനായി കാണപ്പെടുക

 

3. മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുക

 

4. ഇടയ്ക്കിടെ തലകറക്കം വരുക

 

5. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നതായി ഇടയ്ക്കിടെ തോന്നുക

 

6. ബോധം മറയുന്നതായുള്ള തോന്നല്‍ ഇടയ്ക്കിടെ ഉണ്ടാകുക

 

7. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ വിട്ടു  മാറാത്ത വേദന

 

ഏത് പ്രായക്കാരാണെങ്കിലും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി ഹൃദയമുള്‍പ്പെടെയുള്ള അവയവങ്ങള്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും ഹൃദ്രോഗ വിദഗ്ധർ പറയുന്നു.

Content Summary: Sudden cardiac arrest in youth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com