ADVERTISEMENT

വയറിന് പിന്നില്‍ കരളിനും ചെറുകുടലിനും പ്ലീഹയ്ക്കുമെല്ലാം അടുത്തായി കാണപ്പെടുന്ന ആറ് മുതല്‍ 10 ഇഞ്ച് വരെ നീളത്തിലുള്ള അവയവമാണ് പാന്‍ക്രിയാസ്. ദഹനത്തെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് രസത്തിന്റെ  ഉത്പാദനമാണ് പാന്‍ക്രിയാസിന്‍റെ പ്രധാന ജോലി. ഇതിന് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളും പാന്‍ക്രിയാസ് പുറത്ത് വിടുന്നു. പാന്‍ക്രിയാസിനുള്ളില്‍ ഉണ്ടാകുന്ന അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാറില്ലെന്നും ഇവ നിശ്ശബ്ദം പടരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 1990നും 2017നും ഇടയില്‍ പാന്‍ക്രിയാസ് അര്‍ബുദ കേസുകള്‍ 2.3 മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍. 

 

വയറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ പലരും പാന്‍ക്രിയാസിനുള്ളിലെ അര്‍ബുദത്തെ കുറിച്ച് അറിയാതെ പോകാമെന്ന് ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറിലെ സീനിയര്‍ കണ്‍സല്‍റ്റന്‍റ് ഡോ. അരുള്‍പ്രകാശ് ദ ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വയറു വേദന, പുറംവേദന, വിശപ്പില്ലായ്മ, ഭാരനഷ്ടം, മലത്തില്‍ ചില വ്യത്യാസങ്ങള്‍, മനംമറിച്ചില്‍, ദഹനക്കേട് എന്നിവയെല്ലാം പാന്‍ക്രിയാസ് അര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

 

അമിതവണ്ണം, പ്രായം, മദ്യപാനം തുടങ്ങിയവ പാന്‍ക്രിയാസ് അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെ അര്‍ബുദകോശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പലരും അവസാന ഘട്ടങ്ങളിലൊക്കെയാണ് രോഗനിര്‍ണയം നടത്താറുള്ളത്. അപ്പോഴേക്കും അര്‍ബുദം പാന്‍ക്രിയാസിന് ചുറ്റുമുള്ള കോശസംയുക്തങ്ങളിലേക്ക് കൂടി പടര്‍ന്നിട്ടുണ്ടാകും. കൊളാന്‍ജിയോസ്കോപ്പി, എന്‍ഡോസ്കോപ്പിക് അള്‍ട്രാ സൗണ്ട്(ഇയുഎസ്) പോലുള്ള മാര്‍ഗങ്ങളിലൂടെ പാന്‍ക്രിയാസ് അര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Pancreatic cancer symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com