ADVERTISEMENT

ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. സാധാരണ 50 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റങ്ങളുടെയും മറ്റും ഭാഗമായി യുവാക്കളിലും കണ്ടു വരുന്നുണ്ട്. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്കോപ്പി പരിശോധന വഴിയാണ് കോളന്‍ അര്‍ബുദം കണ്ടെത്തുന്നത്.  

 

എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഈ അര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ബിസിഎ എന്നാണ്  ഈ ലക്ഷണങ്ങളെ ചുരുക്കത്തില്‍ പറയുന്നത്. ഇതിലെ 'ബി' ബ്ലീഡിങ് അഥവാ രക്തസ്രാവത്തെ കുറിക്കുന്നു. മലദ്വാരത്തിലൂടെ രക്തമൊഴുകുന്നത് ഈ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. ഇതിനാല്‍ എപ്പോഴും മലവിസര്‍ജനം നടത്തിയ ശേഷം രക്തത്തിന്‍റെ സാന്നിധ്യം മലത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വയറ്റില്‍ നിന്ന് പോകുന്നതില്‍ എന്തെങ്കിലും മാറ്റം അഥവാ ചേഞ്ച് വരുന്നുണ്ടോ എന്നതിനെ കുറിക്കുന്നതാണ് 'സി'. മൂന്ന് നാലാഴ്ചകളോളം മലവിസര്‍ജ്ജനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തിയാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കാം. 

 

അബ്ഡോമിനല്‍ പെയിന്‍ അഥവാ വയര്‍ വേദനയെ കുറിക്കുന്നതാണ് 'എ'. ഇതിനൊപ്പം അതികഠിനമായ ക്ഷീണവും വയറില്‍ മുഴ പോലത്തെ തോന്നലും വരും. ഈ ലക്ഷണങ്ങളെല്ലാം മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. കാരണമില്ലാത്ത ഭാരനഷ്ടത്തിനും കോളന്‍ അര്‍ബുദം വഴിവയ്ക്കും. പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ കൂടാതെ തന്നെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതും കോളന്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളിലൊന്നായി എടുക്കണം. ഈ അര്‍ബുദബാധിതരില്‍ മലവിസര്‍ജ്ജനത്തിന് ശേഷവും വയര്‍ പൂര്‍ണമായും ഒഴിഞ്ഞതായ തോന്നല്‍ ഉണ്ടാവുകയില്ല. 

 

കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള  രക്തപരിശോധന വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചില്‍ നടക്കുന്നുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ ഈ രക്തപരിശോധനയിലൂടെ നേരത്തെ അര്‍ബുദ രോഗനിര്‍ണയം നടത്താന്‍ സാധിച്ചേക്കും.

Content Summary: Bowel cancer signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com