ADVERTISEMENT

വളരെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3- 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. മറ്റു വാതരോഗങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ മിക്ക രക്ത പരിശോധനാ, സ്‌കാനിങ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ്. പല വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും കണ്ട് ചുറ്റിത്തിരിഞ്ഞ് ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടു വരാറുണ്ട്. ആയതുകൊണ്ടുതന്നെ ഈ രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.

 

രോഗ ലക്ഷണങ്ങള്‍ 

∙ ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain).

∙ ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം (Trigger point).

∙ അകാരണമായ ക്ഷീണം

∙ ചിലര്‍ക്ക് ഇത് ശരീരത്തില്‍ കഴപ്പായോ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.

· അകാരണമായ വ്യാകുലത (Anxiety), വിഷാദം (Depression) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.

· ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.

∙ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction).

 

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന അനുബന്ധ രോഗങ്ങള്‍

∙ ചെന്നിക്കുത്ത് (Migraine headache).

· 3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome - IBS).

∙ വേദനയോടു കൂടിയ ആര്‍ത്തവം.

∙ ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).

ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.

 

എന്തുകൊണ്ട് ഫൈബ്രോമയാള്‍ജിയ?

ഇതിന് ഒരു വ്യക്തമായ കാരണം നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

 

ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). ഒസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് (ആമവാതം), Seronegative spindylo arthritis, Sjogren's syndrome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട് 

 

രോഗനിര്‍ണയം

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല. അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിങ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും  ഫൈബ്രോമയാള്‍ജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

 

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, Sjogren's syndrome  മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി, ANA test, തൈറോയ്ഡ് ടെസ്റ്റ്, ബോൺ സാക്ൻ മുതലായവ ആവശ്യമായി വരാം. സ്‌കോറിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിങ് നിര്‍ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുകയും വേണം.

 

ചികിത്സാ രീതികള്‍

മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാന്‍ ഇന്ന് സാധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. നല്ല ഉറക്ക ശീലങ്ങള്‍, ദിവസേനയുള്ള വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ  ചില ഉദാഹരണങ്ങളാണ്. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഇതിന്റെ ചികിത്സയില്‍ ആവശ്യമായി വരാം.

 

ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടുതന്നെ വീട്ടുകാരില്‍ നിന്നു രോഗികള്‍ക്ക് വേണ്ടത്ര ഗൗരവപൂര്‍വ്വമായ ഒരു ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളില്‍ മാനസിക സമ്മര്‍ദം, വിഷാദം, മുന്‍കോപം മുതലായ ലക്ഷണങ്ങള്‍ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനില്‍ക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാള്‍ജിയ മാറാനും കാരണമാകാം.

 

ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ അവലംബിച്ചാൽ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന  ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.

Content Summary: Fibromyalgia: Causes, Symptoms and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com