ഇന്ത്യയില്‍ മദ്യപിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ശതമാനകണക്ക് താഴ്ന്നെങ്കിലും ഏതാണ്ട് എല്ലാ ദിവസവും മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകളെ ആധാരമാക്കി നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 2015-16ലെ കുടുംബാരോഗ്യ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോൾ 2019-21ലെ കണക്കുകളില്‍ മദ്യപിക്കുന്ന പുരുഷന്മാരുടെ എണ്ണം 29.5 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടേതാകട്ടെ 1.23 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായും കുറഞ്ഞതായി ആല്‍ക്കഹോള്‍ ആന്‍ഡ് ആല്‍ക്കഹോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മദ്യപിക്കുന്നവര്‍ ഇതില്‍ ഏര്‍പ്പെടുന്നതിന്‍റെ ആവൃത്തി കൂടിയത് ആശങ്കയുയര്‍ത്തുന്നു. ഏതാണ്ട് എല്ലാ ദിവസവും മദ്യപിക്കുമെന്ന് പറഞ്ഞ പുരുഷന്മാരുടെ ശതമാനം 2015-16ലെ 12.4ല്‍ നിന്ന് 15.4 ആയി ഉയര്‍ന്നു. സ്ത്രീകളില്‍ പക്ഷേ ഇത് 17.9 ശതമാനത്തില്‍ നിന്ന് 16.9 ശതമാനമായി താഴ്ന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുമെന്ന് പറഞ്ഞ പുരുഷന്മാരുടെ ശതമാനം 40.6ല്‍ നിന്ന് 43.5 ആയി വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കലെങ്കിലും എന്ന മദ്യപാന ശീലം പിന്തുടരാത്ത പുരുഷന്മാരുടെ സംഖ്യ 47 ശതമാനത്തില്‍ നിന്ന് 41 ശതമാനമായും കുറഞ്ഞു.
ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കാറുണ്ടെന്ന് പറഞ്ഞ സ്ത്രീകളുടെ ശതമാനം 35ല്‍ നിന്ന് 36.6 ശതമാനമായി വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കലെങ്കിലും എന്ന ശീലം പിന്തുടരാറില്ലെന്നും വല്ലപ്പോഴും മാത്രമേ മദ്യപിക്കുകയുള്ളൂ എന്നും പറഞ്ഞ സ്ത്രീകളുടെ ശതമാനം 47.2ല്‍ നിന്ന് 46.6 ആയും കുറഞ്ഞു. മദ്യപിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും മദ്യപാന ശീലത്തിന്‍റെ തവണകള്‍ വര്‍ധിക്കുന്നത് കൂടുതല്‍ ശ്രദ്ധയും ഇടപെടലും സമൂഹത്തിന്‍റെ ഭാഗത്ത് നിന്ന് ആവശ്യമായ വിഷയമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലും ബീഹാറിലും ലക്ഷദ്വീപിലും യഥാക്രമം 5.8, 15.5, 0.4 ശതമാനം പുരുഷന്മാര്‍ തങ്ങള്‍ മദ്യപിക്കാറുണ്ടെന്ന് സര്‍വേയില്‍ പറഞ്ഞു. സ്ത്രീകളില്‍ ഇത് യഥാക്രമം 0.6, 0.4, 0 ശതമാനമാണ്.
Content Summary: Fewer Indians drinking since 2015