ADVERTISEMENT

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലത്തെ പദാര്‍ഥമാണ് കൊളസ്ട്രോള്‍. ശരീരത്തിന്‍റെ നിരവധി ജീവശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്ട്രോള്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ രക്തത്തിലെ കൊളസ്ട്രോളിന്‍റെ തോത് പരിധി വിട്ട് ഉയരുന്നത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. രക്തധമനികളില്‍ അടിഞ്ഞ് തുടങ്ങുന്ന കൊളസ്ട്രോളിന്‍റെ സാന്നിധ്യത്തെ കുറിച്ച് ഹൃദയാഘാതമോ പക്ഷാഘാതമോ വരുമ്പോൾ  മാത്രമാണ് പലരും മനസ്സിലാക്കുന്നത്. ഇടയ്ക്കിടെ രക്തം പരിശോധിച്ച് കൊളസ്ട്രോള്‍ തോത് അറിയുക മാത്രമാണ് ഇതിന് ഒരു പരിഹാരം. 

 

എന്നാല്‍ ഏത് പ്രായം മുതല്‍ കൊളസ്ട്രോള്‍ പരിശോധിച്ച് തുടങ്ങണം എന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ അഭിപ്രായത്തില്‍ 20 വയസ്സ് മുതല്‍ തന്നെ രക്തത്തിലെ കൊളസ്ട്രോള്‍ തോത് പരിശോധിച്ച് തുടങ്ങേണ്ടതുണ്ട്. കുട്ടികളില്‍ 9 വയസ്സില്‍ ആദ്യ ലിപിഡ് പ്രൊഫൈല്‍ പരിശോധനയും പിന്നീട് 17-20 വയസ്സിനുള്ളില്‍ ഇതിന്‍റെ ആവര്‍ത്തനവും നടക്കണമെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ കുല്‍കര്‍ണ്ണി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുട്ടികളിലും കൗമാരക്കാരിലും കൊളസ്ട്രോള്‍ പരിശോധനയ്ക്ക് അമേരിക്കയിലെ സിഡിസിയും അംഗീകാരം നല്‍കുന്നു. 

 

20 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും  കൊളസ്ട്രോള്‍ പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. പ്രായം കൂടുന്നത് അനുസരിച്ച് പരിശോധനയുടെ തവണകളും കൂട്ടേണ്ടതായി വരും. 19 വയസ്സ് വരെയുള്ളവര്‍ക്ക് 170 mg/DL ന് താഴെയാണ് ടോട്ടല്‍ കൊളസ്ട്രോളിന്‍റെ സാധാരണ തോത്. മുതിര്‍ന്നവരില്‍ ഇത്  200ല്‍ താഴെയായിരിക്കണം. 

 

ജനിതകപരമായ കാരണങ്ങള്‍ കൊളസ്ട്രോളില്‍ നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. കുടുംബത്തില്‍ കൊളസ്ട്രോള്‍ ചരിത്രമുള്ളവര്‍ക്ക് ഉയര്‍ന്ന കൊളസ്ട്രോള്‍ വരാന്‍ സാധ്യത അധികമാണ്. അടുത്ത കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരും തങ്ങളുടെ കൊളസ്ട്രോള്‍ തോത് ഇടയ്ക്കിടെ പരിശോധിച്ച് കൂടുതലല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

Content Summary: What is the right age to start monitoring blood cholesterol?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com