ADVERTISEMENT

കോവിഡും ലോക്‌‍ൗണുമൊക്കെ കേരളത്തിനു പുതിയ അനുഭവങ്ങളായിരുന്നു. അതിനു ശേഷം ലോകം സാധാരണ ഗതിയിലേക്കു മാറുകയാണ്. എന്നാൽ കോവിഡ് സൃഷ്ടിച്ച് പ്രത്യാഘാതങ്ങൾ ബാക്കിയാവുകയാണ്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചുവെന്നു കരുതുന്ന നേട്ടങ്ങളെപ്പറ്റി വിലയിരുത്താൻ കോവിഡ് സഹായിച്ചിട്ടുണ്ട്. കോവിഡ് ആരോഗ്യ മേഖലയിലെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചിരിക്കുകയാണെന്ന് പ്രമുഖ പ്രമേഹ രോഗ വിദഗ്ധനും ആരോഗ്യ പ്രവർത്തകനുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു. ‘‘കോവിഡ് വന്നു പോയവരിൽ പലർക്കും ഉറക്കമില്ലായ്മ, നിരാശ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകൾ കണ്ടു വരുന്നുണ്ട്. പ്രമേഹം, ഹൃദ്രോഗം സ്ട്രോക്ക് എന്നിവ ഒന്നോ ഒന്നരയോ മടങ്ങ് വർധിച്ചിട്ടുണ്ട്. നമ്മൾ കരുതുന്നതിനെക്കാൾ ഗുരുതരമാണു പ്രശ്നങ്ങൾ എന്നാണു മനസ്സിലാക്കുന്നത്. കേരളം ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി വാർധക്യവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുമാണ്. അതിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് ഇനി അനിവാര്യം. ആരോഗ്യകരമായ ഒരു ജീവിത ശൈലിയാണ് ഇനി ആവശ്യമെന്നു കൂടി കോവിഡ് പഠിപ്പിക്കുന്നു.’’– അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കോവിഡനന്തര കേരളത്തിലെ ആരോഗ്യ സങ്കൽപങ്ങളെയും വെല്ലുവിളികളെയും പറ്റി മനോരമ ഓൺലൈൻ സംവാദ പരമ്പരയായ ‘ദി ഇൻസൈഡറി’നോട് ഡോ. ജ്യോതിദേവ് കേശവദേവ് സംസാരിക്കുന്നു.

covid-negative-test

 

കണക്കുകൂട്ടലുകൾ തെറ്റിച്ച കോവിഡ് 

Photo credit : Boonanan Chokprasertsom / Shutterstock.com
Photo credit : Boonanan Chokprasertsom / Shutterstock.com

കോവിഡ് മഹാമാരി ആരോഗ്യ മേഖലയുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചിരിക്കുകയാണ്. ഈ രോഗം ഇപ്പോഴും പൂർണമായും മാറിയിട്ടില്ല. തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ അതു സങ്കീർണമാകാറുണ്ട്. കോവിഡിന്റെ തീവ്രത കുറഞ്ഞുവന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിനു കൂടുതൽ കാര്യങ്ങൾ മനസ്സിലായത്. കോവിഡ് കാലത്ത് ഏറ്റവും സങ്കീർണമായ രോഗമാണ് പ്രമേഹം. ഈ ഘട്ടത്തിൽ മരണമടഞ്ഞ 80 ശതമാനം പേരിലും ഗ്ലൂക്കോസ് കൂടുതലായിരുന്നു. പുതിയ പ്രമേഹ രോഗികളുടെ എണ്ണം ഒരു മടങ്ങോളം വർധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നിവൃത്തിയില്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും രോഗികൾക്ക് സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കേണ്ടിവന്നതും പ്രമേഹ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കു കോവിഡ് ബാധിച്ചപ്പോൾ അവരുടെ ആശുപത്രി പ്രവേശനത്തിന്റെയും മരണത്തിന്റെയും സാധ്യത രണ്ടു മുതൽ മൂന്നു വരെ ഇരട്ടി വർധിച്ചു. പ്രമേഹം മാത്രമല്ല കോവിഡ് വന്നു പോയവരിൽ പലർക്കും ഉറക്കമില്ലായ്മ, നിരാശ, ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകൾ കണ്ടു വരുന്നുണ്ട്. പ്രമേഹം, ഹൃദ്രോഗം സ്ട്രോക്ക് എന്നിവ ഒന്നോ ഒന്നരയോ മടങ്ങ് വർധിച്ചിട്ടുണ്ട്. നമ്മൾ കരുതുന്നതിനെക്കാൾ ഗുരുതരമാണു പ്രശ്നങ്ങൾ എന്നാണു മനസ്സിലാക്കുന്നത്. 

 

പ്രമേഹം എന്ന നിശബ്ദനായ വില്ലൻ

type-two

കഴിഞ്ഞ ദിവസം ഒരു കുടുംബം എക്സിക്യൂട്ടീവ് പരിശോധനയ്ക്കായി എന്നെ സമീപിച്ചിരുന്നു. അതിൽ രണ്ടു പേർക്ക് പ്രമേഹം കണ്ടെത്തി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവർക്ക് 400ൽ ഏറെയായിരുന്നു. യഥാർഥത്തിൽ ഭക്ഷണത്തിനു മുൻപ് 100നു താഴെയായിരിക്കണം ഗ്ലൂക്കോസിന്റെ അളവ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, രാത്രി ഭക്ഷണം എന്നിവയ്ക്കു ശേഷമുള്ള അളവ് 140ൽ താഴെ ആയിരിക്കണം. ആ സ്ഥാനത്താണ് ഗ്ലൂക്കോസിന്റെ അളവ് 400ൽ ഏറെയാണെന്നു കണ്ടെത്തിയത്. ഇതിനെപ്പറ്റി അവർ അറിഞ്ഞിരുന്നുമില്ല. കേരളത്തിലെ പ്രമേഹ ചികിത്സാ രംഗത്തെ ഒരു പൊതു പ്രവണതയാണിത്. പ്രമേഹം ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന മാർഗങ്ങൾ ഇപ്പോൾ നമുക്കു മുന്നിലുണ്ട്. അത് ഉരുത്തിരിഞ്ഞു വന്നിട്ട് 25 വർഷത്തോളമായി. എന്നാൽ അതിന്റെ ഗുണം പ്രയോജനപ്പെടുത്തുന്നത് 5 മുതൽ 8 വരെ ശതമാനം പേർ മാത്രമാണ്.ആധുനിക ചികിത്സാ മാർഗങ്ങളോ മരുന്നുകളോ സ്വീകരിക്കുന്നതിന് രോഗം സ്ഥിരീകരിച്ചാൽപോലും ആളുകൾ വിമുഖത കാണിക്കുന്നതാണ് ഈ രംഗത്തെ ചികിത്സ നേരിടുന്ന പ്രധാന വെല്ലുവിളി. രോഗത്തെക്കുറിച്ചിള്ള അറിവില്ലായ്മയാണ് ഇതിനു പ്രധാന കാരണം. 

ഇന്ത്യാ ഉപഭൂഖണ്ഡത്തിലുള്ളവരുടെ പ്രമേഹ സാധ്യത മറ്റു രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത് . അതു ജന്മംകൊണ്ടും മറ്റു പ്രത്യേകത കൊണ്ടും വന്നെത്തിയ ഒരു പ്രതിഭാസമാണ്. വളരെയേറെപ്പേരെ അപകടത്തിലാക്കുന്ന ഒരു രോഗമാണിത്. യഥാർഥത്തിൽ കോവിഡിനെക്കാളും മറ്റു രോഗങ്ങളെക്കാളും വില്ലനാണ് ഈ രോഗം. കോവിഡ് കാലത്ത് ഏറ്റവും അപകടകരമായ സാഹചര്യം നേരിട്ടത് പ്രമേഹ രോഗികളായിരുന്നു. പ്രമേഹ രോഗികളിൽ ഹൃദ്രോഗ സാധ്യത മൂന്നു മടങ്ങാണ്. ഏറ്റവും കൂടുതൽ വൃക്ക രോഗികളും ഡയാലിസിസിനു വിധേയമാകുന്നവരും പ്രമേഹ രോഗികളാണ്. ഏറ്റവും പണം ചെലവാകുന്നത് പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങൾ ചികിത്സിക്കുന്നതിനാണ്. പ്രമേഹ രോഗികളെ മറ്റ് ഏതെങ്കിലും അസുഖം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഗ്ലൂക്കോസ് നിരക്ക് നിശ്ചിത അളവിനെക്കാൾ കൂടുതലാണെങ്കിൽ അവർക്ക് ഹൃദ്രോഗ സാധ്യതയും മരണ സാധ്യതയും രണ്ടു മുതൽ മൂന്നു മടങ്ങുവരെ കൂടുതൽ ആയിരിക്കും. കാൻസർ ചികിത്സിക്കുമ്പോൾ അനിയന്ത്രിതമായി പ്രമേഹം ഉണ്ടെങ്കിലും ഇതുപോലെ സംഭവിക്കും. ഗർഭകാലത്തെ പ്രമേഹമാണ് മറ്റൊന്ന്. നമ്മുടെ നാട്ടിൽ ഇപ്പോഴും ഇതിനെ ഗൗരവത്തോടെ കാണാറില്ല. പത്ത് ഗർഭിണികളിൽ ശരാശരി 4പേർക്ക് പ്രമേഹമുണ്ടെന്നാണു കണക്ക്. ഗർഭകാലത്തു ചികിത്സിക്കുന്ന ഒരു രോഗമായതിനാൽ അതിന്റേതായ പ്രാധാന്യം നൽകി പഠിക്കുവാൻ അമ്മമാരോ വീട്ടുകാരോ ശ്രമിക്കാറില്ല. ഗർഭകാലത്ത് പ്രമേഹം നന്നായി ചികിത്സിക്കാൻ കഴിയാതെ വരുമ്പോൾ ഭാവിയിൽ കുഞ്ഞിനും പ്രമേഹ സാധ്യതയുണ്ട്. 

ടൈപ് വൺ ഡയബറ്റിസ് ചികിത്സ; വേണ്ടത് സാമൂഹിക പങ്കാളിത്തം 

Photo credit : goffkein.pro / Shutterstock.com
Photo credit : goffkein.pro / Shutterstock.com

ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ടൈപ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുള്ളത് ഇന്ത്യയിലാണ്. ഇൻസുലിൻ കണ്ടുപിടിച്ചിട്ട് നൂറു വർഷമായി. അതിനുമുൻപ് ഇൻസുലിൻ ഉൾപ്പെടെയുള്ള ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ മരണനിരക്കു കൂടുതലായിരുന്നു. എന്നാൽ ഇൻസുലിന്റെ വരവോടെ അതു കുറഞ്ഞു. പക്ഷേ ആയുർ ദൈർഘ്യത്തിന്റെ കാര്യത്തിലെ അവ്യക്തതകൾ മാറിയില്ല. ഇപ്പോൾ ഇൻസുലിൻ പമ്പുകളുടെയും പേനകളുടെയും യുഗമാണ്. എങ്കിലും ടൈപ് വൺ പ്രമേഹ രോഗ ചികിത്സ അതി സങ്കീർണമായിത്തുടരുകയാണ്. 

 

കുട്ടികൾക്കുണ്ടാകുന്ന രോഗം കാരണം നിരാശ അനുഭവിക്കുന്ന ഒട്ടേറെ രക്ഷകർത്താക്കളെ അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുകയെന്നതാണു പ്രധാനം. അതിന് ഉറക്കമൊഴിഞ്ഞിരുന്നുള്ള ചികിത്സയും നിരീക്ഷണവുമാണു വേണ്ടത്. ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുന്ന ഇൻസുലിൻ പമ്പുകൾ ഇന്നു ലഭ്യമാണെങ്കിലും അവയുടെ വില 6 ലക്ഷത്തോളം രൂപയാണ്. അതിനു പുറമേ പ്രതിമാസം ഏകദേശം 25, 000 രൂപ വേറെ ചെലവഴിക്കേണ്ടി വരും. മറ്റു രാജ്യങ്ങളിൽ സർക്കാരുകൾ ഇതു സൗജന്യമായി ലഭ്യമാക്കുകയോ റീ ഇംബേഴ്സ് ചെയ്തു കൊടുക്കുകയോ ആണു പതിവ്. എന്നാൽ ഇവിടെ അത്തരം സംവിധാനങ്ങളില്ല. സർക്കാരിനു മാത്രം താങ്ങാൻ കഴിയുന്നതല്ല ഇത്. കേശവദേവ് ട്രസ്റ്റ് മുന്നൂറുപേരെ ഇത്തരത്തിൽ സംരക്ഷിക്കുന്നുണ്ട്. വയനാട് സ്വദേശി നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് സമ്മാനിച്ച ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ നടപടി ഒരു മാതൃകയാണ്. വിപണിയിൽ പലതരത്തിലുള്ള ഇൻസുലിൻ പമ്പുകൾ ഇന്നു ലഭ്യമാണ്. അതിൽ ഏറ്റവും പ്രയോജനപ്രദമായ പമ്പ് സമ്മാനിക്കുന്നതിനാണ് അദ്ദേഹം തയാറായത്. ഓരോ പമ്പിന്റെയും ഗുണദോഷങ്ങളെപ്പറ്റി കൃത്യമായി പഠിച്ച ശേഷമായിരുന്നു അദ്ദേഹം തീരുമാനമെടുത്തത്. ഇത്തരത്തിൽ കൂടുതൽ വ്യക്തികളും സംഘടനകളും സഹായഹസ്തവുമായി മുന്നോട്ടു വരേണ്ടതുണ്ട്. 

Representative image: Shutterstock/Tatjana Baibakova
Representative image: Shutterstock/Tatjana Baibakova

 

പ്രമേഹ ചികിത്സയിലെ വികാസ പരിണാമങ്ങൾ

Photo Credit: Prostock-studio/ Shutterstock.com
Photo Credit: Prostock-studio/ Shutterstock.com

ഇൻസുലിൻ കണ്ടുപിടിക്കുന്നത് 1921ലാണ്. പ്രമേഹ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമായിരുന്നു അത്. അതുകഴിഞ്ഞ് പിന്നെ ഇൻസുലിൻ പേന വന്നു. അത് 1985 ൽ ആയിരുന്നു– നോവോപെൻ (novopen). പക്ഷേ പലർക്കും അറിയാത്ത കാര്യം, ഇൻസുലിൻ പമ്പുകൾ പേനകൾക്കും മുൻപ് വന്നതാണ്. 1965ൽ ആണ് ഇൻസുലിൻ പമ്പുകൾ വന്നത്. ഇതൊക്കെ വന്നുവെങ്കിലും പെട്ടെന്ന് ഗ്ലൂക്കോസ് കൂടുകയും കുറയുകയും ചെയുന്നവർക്ക് അതിനനുസരിച്ച് ഇൻസുലിൻ ലഭ്യമാക്കുന്ന ഒരു സംവിധാനം ആവശ്യമായിരുന്നു. അത് പതിയെ പതിയെയാണു വികസിച്ചുവന്നത്. 670 G എന്ന് പറയുന്ന ഒരുപകരണം 2017ൽ വന്നു. അടുത്ത കാലത്ത് ഇന്ത്യയിൽ വന്ന ഏറ്റവും പുതിയ കണ്ടുപിടിത്തം ആണ് 780G. ഇതൊക്കെ കണ്ടുപിടിക്കുന്നതു വരെ പാൻക്രിയാസ്, ഐസലെറ്റ് സെൽസ് എന്നിവ മാറ്റി വയ്ക്കുന്ന വളരെ സങ്കീർണമായ ശസ്ത്രക്രിയകൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് എല്ലാവർക്കും താങ്ങാനും കഴിയുമായിരുന്നില്ല. പ്രമേഹ ചികിത്സ പെട്ടെന്നു മാറിക്കൊണ്ടിരിക്കുകയാണ്. കാൻസറിന്റെ കാര്യവും അങ്ങനെതന്നെ. ഏറ്റവും അധികം ഗവേഷണങ്ങൾ നടക്കുന്ന രണ്ട് മേഖലകളാണ് ഇവ. ഈ മേഖലകളിൽ മരണങ്ങൾ കൂടുതലായതുകൊണ്ട് ഗവേഷണം ശക്തമായി നടക്കുന്നത്. ആയുർദൈർഘ്യം ഉയ‍ർത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളാണു നടക്കുന്നത്. 

 

ഈ വർഷം പുതുതായി നമ്മുടെ നാഷനൽ RSSDI ചികിത്സ ഗൈഡ് ലൈൻസ് വരാൻ പോകുകയാണ്. അവിടെ നമ്മൾ നിശ്ചയിച്ച ചികിത്സ നിർദേശങ്ങൾ, ഒരു കാര്യം വർഷത്തിൽ ഒരിക്കൽ ഡോക്ടർമാരെ അറിയിക്കുന്നതിനു പകരം മാസത്തിൽ ഒരിക്കൽ ഈ രംഗത്തെ മാറ്റങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയെന്നതാണ്. പലപ്പോഴും ആളുകൾക്കു കിട്ടുന്നത് 30 വർഷം പഴക്കമുള്ള ചികിത്സയോ 50 വർഷം പഴക്കമുള്ള മരുന്നുകളോ ആണ്. പക്ഷേ ചികിത്സ ഒരുപാട് മാറി. പ്രമേഹം കാരണം ഹൃദയം, വൃക്ക, നാഡീവ്യൂഹങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ തടയുന്ന രീതിയിൽ ആണ് ഇപ്പോൾ ചികിത്സ നൽകുന്നത്. പ്രമേഹ ചികിത്സയ്ക്ക് രക്തത്തിലെ പഞ്ചസാര കുറയ്‌ക്കുക എന്നുള്ള ഉദ്ദേശ്യം മാത്രം ആയിരിക്കരുത് എന്ന നിർദേശവും ഉണ്ട്. ഹൃദയത്തിനെയും വൃക്കകളെയെയും കേന്ദ്രീകരിച്ചു കൊണ്ട് അവ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ആധുനിക ഔഷധങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഭീമമായ ചികിത്സാ ചെലവുകൾ ഉള്ളതല്ല ഇവ. ചെലവു കുറവുള്ള ഒട്ടേറെ ചികിത്സകൾ ഉണ്ട്. രോഗികൾ ഇതെല്ലാം മനസ്സിലാക്കി സ്വീകരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇതിലൂടെ രോഗികളുടെ ആയുർദൈർഘ്യം കൂടിക്കിട്ടുക മാത്രമല്ല, വീടുകളിൽ കിടന്നു പോകുന്ന അവസ്ഥയും കുറഞ്ഞുവരും. ഇതിലൂടെ നമുക്ക് വാർധക്യത്തിലുള്ള ചികിത്സാ ചെലവിലും ഭീമമായ കുറവു വരും.

 

മരുന്നുകൾ കൊണ്ടു മാത്രം കാര്യമില്ല

പ്രമേഹ ചികിത്സ ഫലപ്രദമാകാത്തതിനു കാരണം രോഗത്തെയും ചികിത്സയെയും കുറിച്ചുള്ള അവ്യക്തതയാണ്. മരുന്നുകൾ മാത്രമല്ല യഥാർഥത്തിൽ ചികിത്സ. ഇതുമായി ബന്ധപ്പെട്ട കൃത്യമായ അറിവു നേടലാണു പ്രധാനം. എന്നാൽ അതിനു രോഗികളും ബന്ധുക്കളും വിമുഖത കാണിക്കുന്നതായാണ് അനുഭവം. ഞങ്ങളൊക്കെ കൃത്യമായ ഇടവേളകളിൽ രോഗികൾക്കായി ക്ലാസുകൾ നടത്താറുണ്ട്. 20 ശതമാനത്തിൽ താഴെമാത്രമാണു പങ്കാളിത്തം. പലർക്കും പെട്ടെന്ന് മരുന്നു വാങ്ങിപ്പോകാനുള്ള തിടുക്കമാണ്. അങ്ങനെ പരിഹരിക്കാൻ കഴിയുന്ന രോഗമല്ല പ്രമേഹം. അതിന് വീട്ടിലിരുന്നുതന്നെ രക്ത പരിശോധന നടത്താൻ കഴിയുന്ന ഗ്ലൂക്കോമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വേണം, ഡയബറ്റിസ് നഴ്സ്, ഡയറ്റീഷ്യൻ ടെക്‌നീഷ്യൻ തുടങ്ങിയ ഒരു ടീം ഡോക്ടർക്കൊപ്പം വേണം. ഇവരോടൊപ്പം സമയം ചെലവഴിക്കാൻ രോഗികൾ തയാറാവണം. പ്രമേഹം ഗുരുതരമാകുന്നതിനു മുൻപ് ഉപയോഗിക്കേണ്ടതാണ് ഇൻസുലിൻ. വൃക്ക, ഹൃദയം, കരൾ എന്നിവയെ സംരക്ഷിക്കുന്ന മരുന്നുകളും ഉപയോഗിക്കണം. എന്നാൽ പല രോഗികളും ഇവ വേണ്ടെന്നു പറയുന്നതാണ് അനുഭവം. അതിനു സാമ്പത്തികമുൾപ്പെടെ പല കാരണങ്ങളുമുണ്ടാകാം. എന്നാൽ ചികിത്സ വൈകുന്നിടത്തോളം മറ്റു രോഗങ്ങൾ വന്നെത്തിക്കൊണ്ടിരിക്കും. വ്യായാമം, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള അവ്യക്തതകളും പൊതുവേയുണ്ട്. കൊളസ്ട്രോൾ കൂടുതലാണെങ്കിൽ മരുന്നു കഴിച്ചു കൊണ്ടാണ് വ്യായാമം ചെയ്യേണ്ടത്. പ്രമേഹം കൂടുതലാണെങ്കിൽ മരുന്നു കഴിച്ചു നിയന്ത്രണ വിധേയമാക്കുന്ന ഘട്ടത്തിലാണു വ്യായാമം ചെയ്യേണ്ടത്. ഇക്കാര്യത്തിലെ അറിവില്ലായ്മയാണ് വില്ലൻ. 

 

തയാറെടുക്കാം, സജീവ വാർധക്യത്തിനായി

കേരളം ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി വാർധക്യമാണ്. ഒട്ടേറെ ചെറുപ്പക്കാർ നല്ല ജോലികൾ തേടി മറ്റു രാജ്യങ്ങളിലേക്കു പോവുകയാണ്. അവരിൽ പലരും മടങ്ങിവരാനുള്ള സാധ്യതയില്ല. പ്രായമായ മാതാപിതാക്കൾ നാട്ടിൽ ഒറ്റയ്ക്ക് വാർധക്യം ചെലവിടേണ്ടിവരും. പ്രമേഹം ഉൾപ്പെടെയുള്ളവ വാർധക്യത്തിൽ ഏറ്റവും കൂടുതൽ അപകടത്തിനു കാരണമാകുന്ന രോഗങ്ങളാണ്. വേറെയും രോഗങ്ങളുണ്ട്. അതു മനസ്സിലാക്കി വാർധക്യത്തെ നേരിടാനുള്ള തയാറെടുപ്പ് അനിവാര്യമാണ്. നാൽതോ നാൽപത്തിയഞ്ചോ വയസ്സുള്ളപ്പോൾത്തന്നെ അതു തുടങ്ങണം. ആറുമാസത്തിൽ ഒരിക്കലെങ്കിലും എക്സിക്യുട്ടീവ് ചെക്കപ് നടത്തണം. കാ‍ൻസർ പരിശോധനയ്ക്കും പ്രാധാന്യം നൽകണം. രോഗങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ. ചികിത്സിക്കുകയും വേണം. ഇത്തരം ചികിത്സ തേടാത്തതാണ് പലപ്പോഴും വാർധക്യത്തിലുള്ള അവശതകൾക്കു കാരണം. നാൽപതോ നാൽപത്തി അഞ്ചോ വയസ്സോ ഉള്ളപ്പോൾത്തന്നെ രോഗങ്ങൾ കണ്ടെത്തി മരുന്നുകൾ കഴിച്ച് പരമാവധി രോഗമുക്തരായി ജീവിക്കാനാണു ശ്രമം വേണ്ടത്. മറ്റൊന്ന് മാനസിക ആരോഗ്യമാണ്. സമയം കണ്ടെത്തി മാത്രമേ നമുക്ക് അതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഉറക്കം, വിശ്രമം, വ്യായാമം, സമ്പത്തു മാറ്റിവയ്ക്കൽ എന്നിവ പ്രധാനമാണ്. ആദ്യമായി വ്യായാമം ചെയ്യുന്നവർ ഒരു വിശദമായ ലാബ് പരിശോധന നടത്തി കുടുംബ ഡോക്ടറുടെ ഉപദേശം തേടണം. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് ജീവിത ശൈലിക്കാണ്. കഴിക്കുന്ന ഭക്ഷണം, വ്യായാമം, ഇതൊക്കെ പ്രധാനമാണ്. അതൊക്കെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തിയാൽ തീർച്ചയായും നമ്മൾ ആഗ്രഹിക്കുന്ന സജീവ വാർധക്യമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കും. 

Content Summary: COVID19 and related health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com