ADVERTISEMENT

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഉപോൽപന്നമാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ വൃക്കകള്‍ രക്തത്തെ അരിച്ച് ശുദ്ധീകരിക്കുമ്പോൾ യൂറിക് ആസിഡ് മൂത്രത്തിലൂടെ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടും. എന്നാല്‍ പ്യൂറൈന്‍ അധികമായി അടങ്ങിയ മാംസം, കടല്‍മീന്‍, മദ്യം തുടങ്ങിയവ കഴിക്കുമ്പോൾ യൂറിക് ആസിഡ് ശരീരത്തിനുള്ളില്‍ അടിഞ്ഞ് സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

 

ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വർ‌ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ഗൗട്ട് പോലുള്ള ആര്‍ത്രൈറ്റിസിന് ഇത് കാരണമാകും. ചില ചയാപചയ പ്രശ്നങ്ങളും യൂറിക് ആസി‍ഡ് ശരീരത്തില്‍ വർ‌ധിക്കാന്‍ കാരണമാകാമെന്ന് ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ഊര്‍മിള ആനന്ദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

 

ഭൂരിപക്ഷം കേസുകളിലും ഉയര്‍ന്ന യൂറിക് ആസിഡ് ലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നും  പരിശോധനകള്‍ വഴി മാത്രമേ ഇവ തിരിച്ചറിയാന്‍ സാധിക്കൂ എന്നും ഡോ. ഊര്‍മിള വ്യക്തമാക്കുന്നു. വൃക്കരോഗികളിലും ഉയര്‍ന്ന യൂറിക് ആസിഡ് തോത് ചിലപ്പോള്‍ കാണപ്പെടാറുണ്ട്. സന്ധിവേദനയ്ക്കു പുറമേ മൂത്രത്തില്‍ കല്ലിനും യൂറിക് ആസിഡ് കാരണമാകാം. ഈ കല്ലുകള്‍ എക്സ് റേയില്‍ ദൃശ്യമായെന്നു വരില്ല. ഇത് കണ്ടെത്താന്‍ അള്‍ട്രാസൗണ്ടോ സിടി സ്കാനോ ആവശ്യമാണ്. വലിയ കല്ലുകള്‍ ദീര്‍ഘകാലത്തേക്ക് ശരീരത്തില്‍ തുടരുന്നത് യൂറേറ്റ് നെഫ്രോലിത്തിയാസ് തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നും ഡോ. ഊര്‍മിള കൂട്ടിച്ചേര്‍ക്കുന്നു. 

 

അനാരോഗ്യകരമായ ജീവിതശൈലി യൂറിക് ആസിഡ് തോത് ഉയര്‍ത്തുന്നു. ചില മരുന്നുകളും ഇതിന് കാരണമാകാം. അമിതവണ്ണമോ പ്രമേഹമോ രക്താതിസമ്മർദമോ വൃക്കരോഗമോ ഉള്ളവര്‍ യൂറിക് ആസിഡ് തോത് ഇടയ്ക്കിടെ പരിശോധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില ജനിതക വൈകല്യങ്ങളും എന്‍സൈമുകളുടെ ഏറ്റക്കുറച്ചിലുകളും ഹൈപ്പര്‍യൂറിസീമിയയിലേക്ക് നയിക്കാം. രക്ത പരിശോധനയിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് കണ്ടെത്താന്‍ സാധിക്കും. 

 

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതാണ്. പ്യൂറൈന്‍ അമിതമായി അടങ്ങിയ കടല്‍ മത്സ്യം, കക്കകള്‍, കരള്‍ പോലുള്ള മൃഗാവയവങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചീര, കോളിഫ്ലവര്‍, കൂണ്‍, മദ്യം തുടങ്ങിയവയുടെ ഉപയോഗവും നിയന്ത്രിക്കുന്നത് നന്നാകും. ഭക്ഷണക്രമത്തിലെ വൈറ്റമിന്‍ സിയുടെ തോതും ഇതോടൊപ്പം വർധിപ്പിക്കേണ്ടതാണ്.

Content Summary: High uric acid: never ignore the painful swelling in your joints

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com