ADVERTISEMENT

ടൈപ്പ് 2 പ്രമേഹം സ്ത്രീകളിലെ അകാല മരണ സാധ്യത 96 ശതമാനവും പുരുഷന്മാരിലെ അകാല മരണ സാധ്യത 74 ശതമാനവും വര്‍ധിപ്പിക്കുമെന്ന് പഠനം. ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. സാധാരണക്കാരെ അപേക്ഷിച്ച് പ്രമേഹമുള്ളവര്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത 84 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

 

പ്രമേഹമുള്ള ഒരു സ്ത്രീ അതില്ലാത്ത ഒരു സ്ത്രീയെ അപേക്ഷിച്ച് അഞ്ച് വര്‍ഷം കുറച്ച് ജീവിക്കാനേ സാധ്യതയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അഡ്രിയാന്‍ ഹിയല്‍ഡ് പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹബാധിതരാകുന്നവരുടെ ആയുര്‍ദൈര്‍ഘ്യം എട്ട് വര്‍ഷത്തോളം കുറയാമെന്നും ഡോ. അഡ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. 

 

പ്രമേഹം മരണസാധ്യത മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതില്‍ മുഖ്യമായ ഒന്നാണ് ഹൃദ്രോഗം. നെഞ്ച് വേദനയ്ക്കും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും രക്തധമനികള്‍ ചുരുങ്ങുന്നതിനുമുള്ള സാധ്യത പ്രമേഹം വര്‍ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് നാഡീവ്യൂഹത്തെ പരിപോഷിപ്പിക്കുന്ന രക്തധമനികളുടെ ഭിത്തികളെയും ശോഷിപ്പിക്കുന്നു. ഇത് നാഡികളുടെ നാശത്തിലേക്കും നയിക്കാം. കൈകാലുകള്‍ക്ക് മരവിപ്പ്, തരിപ്പ്, വേദന, പുകച്ചിൽ  എന്നിവ ഇത് മൂലം ഉണ്ടാകാം. 

 

പ്രമേഹമുള്ളവര്‍ക്ക് ദഹനപ്രശ്നങ്ങൾ, വൃക്കനാശം, കണ്ണുകള്‍ക്കും ചര്‍മത്തിനും വായ്ക്കും പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകാമെന്നും  ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ ജീവിതശൈലി വഴി പ്രമേഹസാധ്യത കുറയ്ക്കാനും ഇതുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകള്‍ ഇല്ലാതാക്കാനും സാധിക്കും. ഹാര്‍വഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്‍റെ പഠനങ്ങള്‍ അനുസരിച്ച് അമിതവണ്ണമാണ് ടൈപ്പ് 2 പ്രമേഹത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. അമിതഭാരം ടൈപ്പ് 2 പ്രമേഹത്തിന്‍റെ സാധ്യത ഏഴ് മടങ്ങ് വര്‍ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

 

ശരീരത്തിന്‍റെ ഉയരത്തിനും പ്രായത്തിനും ലിംഗപദവിക്കും അനുസൃതമായി ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കണം. ശരീരഭാരം ഏഴ് മുതല്‍ 10 ശതമാനം വരെ കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കും. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും  ഭാരം കുറയ്ക്കാന്‍ സഹായകമാണ്. ദിവസവും അരമണിക്കൂര്‍ വേഗത്തിലുള്ള നടത്തം പ്രമേഹം സാധ്യത 30 ശതമാനം കുറയ്ക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Diabetes can increase risk of early death by 96 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com