ADVERTISEMENT

പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുസമൂഹവും സർക്കാരും മാധ്യമങ്ങളുമെല്ലാം വലിയതോതിലുളള ജാഗ്രത പലപ്പോഴും പുലര്‍ത്താറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ മരണങ്ങളില്‍ 66 ശതമാനവും സംഭവിക്കുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അർബുദം  എന്നിവ പോലുളള പകരാത്ത രോഗങ്ങള്‍ വഴിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ഓരോ രണ്ട് സെക്കന്‍ഡിലും 70 വയസ്സിനു താഴെയുള്ള ഒരാള്‍ പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 86 ശതമാനം മരണങ്ങളും നടക്കുന്നത് ഇന്ത്യയെ പോലുള്ള കുറ‍ഞ്ഞ, ഇടത്തരം വരുമാന രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട 194 രാജ്യങ്ങളിലെ ഡേറ്റ ഉള്‍പ്പെടുത്തുന്ന ഒരു പോര്‍ട്ടലിനും ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചു. ഈ പോര്‍ട്ടല്‍ അനുസരിച്ച് 2019ല്‍ ഇന്ത്യയില്‍ 60.46 ലക്ഷം പേരാണ് ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടത്. 30നും 70നും ഇടയില്‍ പ്രായമുള്ളവര്‍ ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം, ക്രോണിക് പള്‍മനറി ഡിസീസ് എന്നിവ ബാധിക്കപ്പെട്ട് മരിക്കാനുള്ള സാധ്യത 22 ശതമാനമാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

 

രാജ്യത്തെ പകര്‍ച്ചവ്യാധി ഇതര മരണങ്ങളില്‍ 25.66 ലക്ഷം മരണങ്ങളും 2019ല്‍ സംഭവിച്ചത് ഹൃദ്രോഗം മൂലമാണ്. 11.46 ലക്ഷം രോഗങ്ങള്‍ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ മൂലവും 9.20 ലക്ഷം മരണങ്ങള്‍ അര്‍ബുദം മൂലവും 3.49 ലക്ഷം മരണങ്ങള്‍ പ്രമേഹം മൂലവും സംഭവിച്ചു. ആഗോളതലത്തില്‍ നോക്കിയാല്‍ മൂന്നിലൊന്ന് മരണങ്ങള്‍- പ്രതിവര്‍ഷം 17.9 ദശലക്ഷം മരണങ്ങള്‍ ഹൃദ്രോഗം മൂലമാണ്. ഹൃദ്രോഗ മരണങ്ങളില്‍ 86 ശതമാനവും ശരിയായ ചികിത്സ കൊണ്ട് നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ കഴിയുന്നവയായിരുന്നെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. 

 

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികളില്‍ മൂന്നില്‍ രണ്ടും കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. എന്നാല്‍ അവരില്‍ പകുതിപേര്‍ക്കും തങ്ങള്‍ക്ക് രോഗമുണ്ടെന്ന ധാരണ കൂടിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 30നും 79നും ഇടയില്‍ പ്രായമുള്ളവരില്‍ 1.3 ബില്യണ്‍ ആളുകളെ ബാധിക്കുന്ന രോഗമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. പകര്‍ച്ചവ്യാധികളും പകര്‍ച്ചവ്യാധി ഇതര രോഗങ്ങളും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്താന്‍ കോവിഡ് മഹാമാരിക്കാലത്തിന് സാധിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Non-communicable diseases led to 66% of deaths in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com