ADVERTISEMENT

ലോക വയോജന ദിനം വീണ്ടും വന്നെത്തിയിരിക്കുന്നു. വാർധക്യം അഥവാ രണ്ടാം ബാല്യം ശാരീരികവും മാനസികമായി ഒത്തിരി വ്യതിയാനങ്ങൾ സംഭവിക്കുന്ന ഒരു കാലഘട്ടമാണ്. ആരോഗ്യരംഗത്ത് വന്നിട്ടുള്ള പുരോഗതി ജീവിതദൈർഘ്യം വർധിപ്പിച്ചപ്പോൾ ചില വയോജനപ്രശ്നങ്ങളുടെ തോതും കൂടി. വയോജന പ്രശ്നങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ദന്താരോഗ്യ പ്രശ്നങ്ങൾ. അവയെ അറിയാം, പരിഹരിക്കാം.  

 

1. മോണരോഗങ്ങൾ 

പ്രധാനമായും പല്ലുകളെ താങ്ങി നിർത്തുന്ന അസ്ഥിക്ക് ഭ്രംശം സംഭവിക്കുന്നത് മൂലം പല്ലുകൾക്ക് ഇളക്കം സംഭവിച്ച് അവ നഷ്ടപ്പെടാനുള്ള സാധ്യതയേറുന്നു. പ്രമേഹരോഗി കൂടിയാണെങ്കിൽ ഇതിനുള്ള സാധ്യത 3-4 മടങ്ങ് കൂടുന്നു. മോണ കീഴോട്ടിറങ്ങുന്നതു കാരണം പല്ലിന്റെ വേര് കൂടുതൽ പുറത്ത് കാണുന്നു. ഇത് പല്ലിന് നീളം കൂടിയതായ തോന്നൽ ഉണ്ടാക്കുന്നു.  

 

2. വായിലെ വരൾച്ച

പല മരുന്നുകളുടെ പാർശ്വഫലമായും അല്ലാതെയും ഉമിനീരിന്റെ അളവ് കുറയുന്നതുമൂലം വായിൽ വരൾച്ച അനുഭവപ്പെടാം. ഇതു കാരണം വായിൽ പുകച്ചിലും നീറ്റലും അനുഭവപ്പെടുന്നു. ഇത് പ്രമേഹരോഗികളിലും സ്ത്രീകളിലും കൂടുതലായിരിക്കും       

 

3. പല്ലുകളിൽ നിറവ്യത്യാസം

പല്ലിന് കൂടുതൽ തേയ്മാനം വന്ന് ഉൾഭാഗത്തെ ഡെന്റിൻ അഥവാ ദന്തവസ്തു കൂടുതൽ വെളിവാക്കുന്നതു മൂലം മഞ്ഞനിറം കൂടുന്നു. ചിലരിൽ തേയ്മാനം കൂടി പല്ല് സ്ഫടികം പോലെയാവുന്നു.  

 

4. വായിലെ അർബുദം

പുരുഷന്മാരിൽ സ്ത്രീകളേക്കാൾ കൂടുതൽ സാധ്യതയുള്ള വദനാർബുദത്തിന്റെ പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ ഉപയോഗമാണ്. അർബുദത്തിന് മുന്നോടിയായി കാണുന്ന പൂർവാർബുദാവസ്ഥകളും ഇവരിൽ കൂടുതലായിരിക്കും. മായാത്ത വെളുത്തതും (ധവളരേഖ) ചുവന്നതുമായ (ശോണരേഖ) പാടുകൾ, മൂന്നാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത വായിലെ മുറിവുകൾ, നാവിന്റെ മുന്നോട്ടുള്ള ചലനത്തെ വരെ ബാധിക്കുന്ന വായ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് തുടങ്ങിയവയൊക്കെ കൂടുതലായി കാണപ്പെടുന്നു.     

 

5. പല്ലിന്റെ വേരിനെ ബാധിക്കുന്ന ദന്തക്ഷയം 

വായിലെ കാൻസറിന് റേഡിയേഷൻ ചികിത്സ ചെയ്യുന്നവരിൽ ഇതിന്റെ സാധ്യത വർധിക്കുന്നു 

 

6. അസ്ഥിക്ക് സംഭവിക്കുന്ന ത്വരിത വേഗത്തിലുള്ള ക്ഷയം

ഇതു കാരണം കൃത്രിമ ദന്തങ്ങൾ ഇടയ്ക്കിടെ അയഞ്ഞു പോകാനും വായിൽ നിന്ന് ഇളകി വീഴാനുമുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ കൃത്രിമ ദന്തങ്ങൾ മാറ്റി വയ്ക്കേണ്ടതായി വരുന്നു. ഈ പ്രക്രിയയും പ്രമേഹരോഗികളിൽ കൂടുതലായിരിക്കും. കൃത്രിമ ദന്തം അമരുന്ന അണയുടെ ഭാഗത്തും അണ്ണാക്കിലും നീർവീക്കവും പൂപ്പൽ ബാധയും മുറിവുകളുമുണ്ടാവുന്നു   

 

7. നാവിലുണ്ടാവുന്ന പൂപ്പൽ ബാധ

രോഗ പ്രതിരോധശേഷി കുറയുന്ന അവസ്ഥയിൽ ഇത് വീണ്ടും കൂടുന്നു. 

8. ഭക്ഷണം നന്നായി കഴിക്കാത്തതു കാരണം ചില വൈറ്റമിനുകളുടെ അഭാവം മൂലം നാവിലുണ്ടാവുന്ന വ്യതിയാനങ്ങൾ. ഭൂപടം പോലെ തോന്നിപ്പിക്കുന്ന നാക്ക് ഇതിനൊരു ഉദാഹരണമാണ്.        

 

പാലിക്കേണ്ട കാര്യങ്ങൾ 

∙ ദിവസവും രണ്ട് നേരം മീഡിയം അഥവാ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക

∙ പല്ലിന് ഇടയിലെ അവശിഷ്ടങ്ങൾ ഇന്റർ ദന്തൽ ഉപാധികളായ ദന്തൽ ഫ്ളോസ്സ് , ഇന്റർ ദന്തൽ ബ്രഷ് എന്നിവ ഉപയോഗിച്ച് നീക്കം ചെയ്യുക.

∙ വർഷത്തിൽ രണ്ടു തവണ ദന്തപരിശോധന നടത്തുക

∙ കൃത്രിമ ദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

∙ പ്രമേഹം രക്തസമ്മർദം എന്നിവ നിയന്ത്രിച്ചു നിർത്തുക.

∙ മറ്റസുഖങ്ങൾക്ക് കഴിയുന്ന മരുന്നിന്റെ വിവരങ്ങൾ ദന്തഡോക്ടറോട് പറയുക

∙ പുകയിലയുടെ ഉപയോഗം, മുറുക്കൽ, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. പുകയിലയില്ലാതെ മുറുക്കുന്നതും അപകടമുണ്ടാക്കുന്നവ തന്നെയാണ്. അടയ്ക്കയും ചുണ്ണാമ്പും വായിലെ അർബുദം ത്വരിതപ്പെടുത്തും.

∙ എല്ലാ ദിവസവും പല്ല് തേയ്ക്കുന്ന സമയം വായ കണ്ണാടിയിൽ സ്വയം പരിശോധിക്കുക. വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണങ്ങാത്ത മുറിവുകളോ കണ്ടാൽ അത് ദന്തഡോക്ടറെ കാണിക്കുക .

∙ സ്വയം ചികിത്സ ഒഴിവാക്കുക.

∙ പോഷകാഹാരങ്ങൾ കഴിക്കാനും വ്യായാമം ചെയ്യാനും മറക്കരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാർധക്യം അഥവാ രണ്ടാം ബാല്യം ഉല്ലാസകരമാക്കി തീർക്കാൻ സാധിക്കും.

Content Summary: Ways to Maintain Dental Health for Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com