ഹൃദയ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം? നിത്യജീവിതത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

heart beat
Photo Credit: Brian A Jackson/ Shutterstock.com
SHARE

ലോക ഹൃദയദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കോട്ടയം ഘടകവും മലയാള മനോരമയും ചേർന്നു നടത്തിയ ഫോൺ ഇൻ പരിപാടിക്കു ലഭിച്ചത് വലിയ പ്രതികരണം. ഹൃദയാരോഗ്യം സംബന്ധിച്ച സംശയങ്ങൾക്കു കോട്ടയം മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പലും റിട്ട. കാർഡിയോളജി പ്രഫസറുമായ ഡോ.എൻ.സുദയകുമാർ, കാർഡിയോ തൊറാസിക് സർജൻ ഡോ. വിനീത വി.നായർ, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ജയിംസ് തോമസ് എന്നിവരാണു ഫോണിൽ മറുപടി നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ.

ഹൃദയ രോഗം എങ്ങനെ തടയാം?

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതു വഴി ഒരു പരിധിവരെ രോഗത്തെ അകറ്റിനിർത്താം. കൊഴുപ്പ് അധികം അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കി നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തണം. വെള്ളം ധാരാളമായി കുടിക്കുന്നതു നല്ലതാണ്. അമിതവണ്ണവും ബ്ലഡ് പ്രഷറും ഉണ്ടാകാതെ ശ്രദ്ധിക്കണം. രക്തസമ്മർദവും പ്രമേഹവുമുള്ളവർ അതു കർശനമായി നിയന്ത്രിക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം. മാനസിക സമ്മർദം കുറയ്ക്കണം. കൃത്യമായി വ്യായാമം ചെയ്യണം. ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണു വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രഷർ, പ്രമേഹം, ശ്വാസംമുട്ടൽ, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവർ ഡോക്ടറുടെ വിദഗ്ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികൾ തിരഞ്ഞെടുക്കാവൂ.

രോഗം എങ്ങനെ തിരിച്ചറിയാം?

40 വയസ്സു മുതൽ പ്രായം കൂടുന്നതനുസരിച്ചു രക്തക്കുഴലിലെ തടസ്സം കൂടിക്കൊണ്ടിരിക്കും. പെട്ടെന്നു നെഞ്ചുവേദനയുണ്ടാകുമ്പോഴാണു പലരും രോഗം തിരിച്ചറിയുന്നത്. ഹൃദയത്തിനു വേണ്ട തോതിൽ രക്തം പമ്പ് ചെയ്യാൻ കഴിയാനാകാത്ത അവസ്ഥ, ഹാർട്ട് ബ്ലോക്ക്, വാൽവുകളിൽ തകരാറുകൾ  എന്നിവയുള്ളവരും മുൻപു ഹാർട്ട് അറ്റാക്ക് ഉണ്ടായവരും പ്രത്യേകം ചികിത്സ തേടേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ്. നെഞ്ചുവേദന, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, തളർച്ച, തലകറക്കം, താടി, തോൾ ഇവിടങ്ങളിൽ അകാരണമായ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ  ചികിത്സ നേടണം.

പ്രമേഹം ഹൃദയത്തെ ബാധിക്കുമോ?

പ്രമേഹരോഗികളുടെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൊറോണറി ധമനികൾ ചുരുങ്ങി ഹൃദയപേശികൾക്കു വേണ്ടത്ര രക്തം ലഭിക്കാതെ വരുമ്പോൾ രോഗമുണ്ടാകുന്നു.

എന്താണ് ഹാർട്ട് അറ്റാക്ക്?

ഹൃദയപേശികൾക്കു രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളിൽ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണു ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നത്. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാൽ ഏതു നിമിഷവും പൂർണമായി അടഞ്ഞു രക്തയോട്ടം കുറയാം. തുടർന്നു രക്തം കട്ടപിടിക്കും. അങ്ങനെ ഹൃദയപേശികൾക്കു രക്തം കിട്ടാതെ വരുമ്പോഴാണു ഹൃദയാഘാതം ഉണ്ടാവുന്നത് .ഹൃദയാഘാതത്തിന്റെ ഫലമായി ചിലരിൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകുന്നതാണ് ഹൃദയസ്തംഭനം. ഹൃദയാഘാതം വന്നവർക്കു വേഗം വൈദ്യസഹായം കിട്ടിയാൽ രക്ഷപ്പെടാം.

നിത്യജീവിതത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?

പടികൾ കയറുമ്പോൾ കയ്യിലോ നെഞ്ചിലോ ഒക്കെ ഒരു പിടിത്തം പോലെ തോന്നിയാൽ ശ്രദ്ധിക്കണം. നന്നായി ഭക്ഷണം കഴിച്ചു സ്റ്റെപ് കയറുമ്പോൾ ബുദ്ധിമുട്ടുണ്ടെങ്കിലും ശ്രദ്ധിക്കണം. ദിനവും വ്യായാമം ചെയ്യുന്ന ഒരാൾക്കു സാധാരണഗതിയിൽ കൂടുതലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ശ്രദ്ധ വേണം. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത ലക്ഷണങ്ങളാണ് കാണിക്കുന്നത്. അസ്വാഭാവിക ക്ഷീണം, ഉറക്കമില്ലായ്മ, ദഹനപ്രശ്നം, താടി, പുറം, തോൾ, നെ‍ഞ്ച് തുടങ്ങിയ ഭാഗങ്ങളിലെ വേദന എന്നിവയാണ് സ്ത്രീകളിൽ കൂടുതലായി കാണുന്ന ലക്ഷണങ്ങൾ.

heart-ima

കോവിഡ് ബാധിച്ചവർക്ക് ഹൃദ്രോഗ സാധ്യത കൂടുമോ?

എല്ലാവരിലും ആശങ്കയുണ്ടെങ്കിലും കോവിഡ് കാലത്തു ഹൃദ്രോഗം ബാധിച്ചവരുടെ എണ്ണം രാജ്യത്തു കുറയുകയാണു ചെയ്തത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു കോവിഡിനെ തുടർന്നു ഹൃദയസ്തംഭനം ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  

സ്ത്രീകൾക്ക് ഹൃദ്രോഗസാധ്യത കുറവാണോ?

ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ്. ജീവിതശൈലീ രോഗങ്ങൾക്കു പുറമേ അമിതമായി ഹോർമോൺ ഗുളികകളും ഗർഭനിരോധന ഗുളികകളും കഴിക്കുന്നവരിൽ രോഗസാധ്യത കൂടുതലാണ്.

വേദനയില്ലാതെ ഹൃദ്രോഗം വരുമോ ?

നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം. പിന്നീടെപ്പോഴെങ്കിലും ഇസിജി എടുക്കുമ്പോഴാകും ഇതു തിരിച്ചറിയുക. ചിലർക്കു നെഞ്ചെരിച്ചിലും വിങ്ങലുമുണ്ടായി കുറച്ചു കഴിഞ്ഞു അതു മാറിയെന്നും വരാം. ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റേതാണെന്നു പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് ഈ തരത്തിൽ വേദനയില്ലാതെ ഹൃദ്രോഗം കാണുന്നത്.

Content Summary: Heart related diseases and prevention tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}