പ്രമേഹവും അർബുദവും തമ്മിൽ എന്തു ബന്ധം? ഡോ. ജ്യോതിദേവ് പറയുന്നു

dr-jothydev
SHARE

പ്രാരംഭദശയിൽ പ്രമേഹം കണ്ടുപിടിക്കാൻ മൂന്നു മാസത്തിന്റെ ശരാശരിയായ HbA1C പരിശോധിക്കുകയോ രാവിലെ വെറുംവയറ്റിലുള്ള ഗ്ലൂക്കോസ് നോക്കുകയോ ചെയ്യണം. അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചശേഷം രണ്ടുമണിക്കൂറിനു ശേഷം ഗ്ലൂക്കോസ് ലെവൽ പരിശോധിക്കണം. 

A1C – 6.5 ൽ അധികം ആകുമ്പോഴാണ് ഒരാൾക്ക് പ്രമേഹം ഉണ്ടെന്നു പറയുന്നത്. ഇതിന്റെ നോർമൽ അളവ് 5.6 വരെയാണ്. 5.7 മുതൽ പ്രീഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹ പ്രാരംഭാവസ്ഥയാണ്. വെറുംവയറ്റിൽ രാവിലെ എഴുന്നേറ്റ ഉടനെ ഷുഗർ നില പരിശോധിക്കുമ്പോൾ 100 ൽ താഴെയാണെങ്കിൽ സുരക്ഷിതരാണ്. 126– ഓ അതിലധികമോ ആയാൽ പ്രമേഹരോഗിയായി. ഭക്ഷണത്തിന് രണ്ടു മണിക്കൂറിനു ശേഷമോ അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് ലായനി ഉള്ളിലേക്ക് കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമോ നോക്കുമ്പോൾ 200 മില്ലി ഗ്രാം ഡെസിലീറ്ററിൽ കൂടുതൽ രക്തത്തിലെ പഞ്ചസാര എത്തിയാലും രോഗം ഉറപ്പാക്കാം. നോർമൽ ലെവൽ എന്നു പറയുന്നതിൽതന്നെ നോർമലിന് ഒരളവും പ്രമേഹ പ്രാരംഭാവസ്ഥയിൽ വേറെയും പ്രമേഹം ഉറപ്പിക്കുന്നതിന് വേറെ അളവുമാണ്.

hba1c

ഒരാൾക്ക് പ്രമേഹം ഉണ്ട് എന്നുറപ്പാക്കുന്നതിന് മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു വാല്യൂ മാത്രം പോര. പക്ഷേ പ്രമേഹത്തിന്റെ എല്ലാ രോഗലക്ഷണങ്ങളും പ്രകടമാകുന്ന ഒരാൾക്ക് ഗ്ലൂക്കോസ് നില 200 കണ്ടെത്തിയാൽ ഉറപ്പാക്കാൻ മറ്റൊരു ടെസ്റ്റിന്റെ ആവശ്യമില്ല. സമൂഹമാധ്യമങ്ങളിലൊക്കെ പ്രമേഹം നിർണയിക്കുന്നതിനുള്ള അളവുകൾ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുകയാണെന്ന രീതിയിൽ നടക്കുന്ന  പ്രചരണവും തെറ്റാണ്. 10–15 വർഷങ്ങളായിട്ട് ഇതേ അളവുകൾ തന്നെയാണ് പ്രമേഹം സ്ഥിതീകരിക്കാനായി ഉപയോഗിക്കുന്നത്. പ്രമേഹം ഉള്ള ഒരാൾക്ക് ചികിത്സയിൽ ഇരിക്കുമ്പോൾ ഗ്ലൂക്കോസ് എത്ര ആകാം എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ശരാശരി പറഞ്ഞാൽ 70 നും 180 ml/dl  നും ഇടയ്ക്കാണ് ലോവർ ലിമിറ്റും അപ്പർ ലിമിറ്റും. 

type 1 diabetes
Photo Credit: Oleksandr Nagaiets/ Shutterstock.com

എന്തുകൊണ്ട് ഈ ലോവർ ലിമിറ്റും അപ്പർ ലിമിറ്റും?

പ്രമേഹം ചികിത്സിക്കുന്ന വേളയിലും ഗ്ലൂക്കോസ് കൂടുതലായി നിന്നു കഴിഞ്ഞാൽ വൃക്കയിലും ഹൃദയത്തിലും നാ‍ഡീ വ്യൂഹത്തിലും തുടങ്ങി പ്രധാനപ്പെട്ട എല്ലാ അവയവത്തിലും പ്രമേഹ സങ്കീർണതകൾ സംഭവിക്കാം. അത് തടയുന്നതിനു വേണ്ടിയാണ് പ്രമേഹ ചികിത്സ നടത്തുമ്പോൾ അനുവദനീയമായ അളവുകളിലായിരിക്കണം ഗ്ലൂക്കോസ് എന്ന് മാർഗനിര്‍ദേശങ്ങൾ നൽകുന്നത്.  

പ്രമേഹത്തിന്റെ അളവുകൾ തീരുമാനിക്കുന്നത് ആര്?

പ്രമേഹം കണ്ടുപിടിക്കുന്നതിന് എത്രവേണം? ചികിത്സാവേളയിൽ എങ്ങനെയായിരിക്കണം ഇങ്ങനെയുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത് അന്തർദേശീയ തലത്തിലും ദേശീയ തലത്തിലുമുള്ള സയന്റിഫിക് ഓർഗനൈസേഷനുകളാണ്. നൂറു കണക്കിന് ഡോക്ടർമാരും സയന്റിസ്റ്റുകളും ഗവേഷകരും ചേർന്നാണ് ഈ തീരുമാനം എടുക്കുന്നത്. ലോകമെമ്പാടും ഈ തീരുമാനങ്ങൾ ഒരുപോലെയാണ് നിലനിൽക്കുന്നത്. 

പ്രമേഹവും കാൻസറും തമ്മിൽ എന്ത് ബന്ധം? 

obesity
Photo Credit : New Africa/ Shutterstock.com

പ്രമേഹം, അമിതവണ്ണം, കാൻസർ ഇവ മൂന്നും വളരെ അടുത്ത് ബന്ധമുള്ള രോഗങ്ങളാണ്. പ്രമേഹവും അമിതവണ്ണവും ഉള്ളവർക്ക് ഏകദേശം പത്തിലധികം അർബുദ രോഗങ്ങൾ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാളും രണ്ടു മുതല്‍ മൂന്നു മടങ്ങുവരെ കൂടുതലാണ്. ഇത് തിരിച്ചറിഞ്ഞിട്ട്  ഏകദേശം 20 വർഷങ്ങളായി. അതുകൊണ്ടു തന്നെയാണ് അമിതവണ്ണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. അമിതവണ്ണത്തെ ഒരു രോഗമായാണ് ലോകാരോഗ്യസംഘടന കണക്കാക്കിയിരിക്കുന്നത്. കാരണം അമിതവണ്ണവും അതോടൊപ്പം പ്രമേഹവും ഉണ്ടെങ്കിൽ ഏകദേശം 20 ൽ അധികം പ്രധാന രോഗങ്ങൾക്ക് ഇതു കാരണമാകും.

പ്രമേഹ മരുന്ന് കഴിച്ചാൽ മറ്റു രോഗങ്ങൾക്ക് സാധ്യതയുണ്ടോ?

ഔഷധങ്ങൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ നാം മോഡേൺ മെഡിസിനില്‍ ഉപയോഗിക്കുന്ന ഒരു ഔഷധത്തിനും കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങൾ വരുത്തുവാൻ കഴിയില്ല. േനരിയ സംശയം ഉണ്ടെങ്കിൽ പോലും ആ മരുന്ന് പിന്നെ എവിടെയും ലഭ്യമാകില്ല. പ്രമേഹത്തിന് 25 വർഷത്തിലധികമായി ഉപയോഗിക്കുന്ന എല്ലാ ഔഷധങ്ങളും യാതൊരു പാർശ്വഫലങ്ങളും ഇല്ല സുരക്ഷിതമാണ് എന്നു ഉറപ്പിച്ചിട്ടുള്ളതാണ്. പക്ഷേ ഒരു രോഗിക്ക് പ്രമേഹം ചികിത്സിക്കുന്നതിൽ തെറ്റ് സംഭവിക്കുമ്പോഴോ അലംഭാവം പ്രകടിപ്പിക്കുമ്പോഴോ വൃക്കയിലോ കരളിലോ ഒക്കെ രോഗം സംഭവിക്കുകയാണെങ്കിൽ നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്ന പല മരുന്നുകളും കഴിക്കാൻ സാധിക്കാതെ വരും. 

പ്രമേഹത്തിന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് മെറ്റ്ടാബ്. പ്രമേഹ പ്രാരംഭ ദിശയിലാണ് ചികിത്സ തുടങ്ങുന്നതെങ്കിൽ എക്സർസൈസും ഡയറ്റും മാത്രം മതി. എന്നിട്ടും പ്രമേഹം നിയന്ത്രണവിധേയമായില്ലെങ്കിൽ സാധാരണ ഗതിയിൽ മെറ്റ്ഫോർമിൻ ആണ് ആദ്യം കൊടുക്കേണ്ടത്. മെറ്റ്ഫോർമിൻ വളരെ സുരക്ഷിതമായ ഒരു ഔഷധം ആണ്. പെൺകുട്ടികളിലെ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് വരുമ്പോഴും മെറ്റ്ഫോർമിൻ ആണ് നൽകുന്നത്. മെറ്റ്ഫോർമിൻ ഒരു ഇൻസുലിൻ സെൻസിറ്റൈസർ ആണ്.  അതിന് സുരക്ഷിതത്വം മാത്രമല്ല ഒരുപാട് ഗുണങ്ങളും ഉണ്ട്. കാൻസർ പ്രതിരോധത്തിനും ഇപ്പോൾ കാൻസർ ചികിത്സയിലും വരെ മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഒരു വ്യക്തിക്ക് വൃക്കരോഗം തീവ്രമായി മാറിക്കഴിഞ്ഞാൽ മെറ്റ്ഫോർമിന്റെ ഡോസ് കുറയ്ക്കേണ്ടതായോ നിർത്തേണ്ടതായോ വരും. 

മോഡേൺ മെഡിസിന്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ഗവേഷണങ്ങൾ തീവ്രമായി നടന്നു കൊണ്ടിരിക്കുന്നു. പ്രമേഹരോഗത്തിനും അർബുദരോഗത്തിനുമാണ് ഏറ്റവുമധികം ഗവേഷണങ്ങൾ നടക്കുന്നത്. പത്തിരുന്നൂറ് വർഷങ്ങൾക്കു മുൻപ് ഏകദേശം 35– 40 വയസ്സുവരെ ആയുർദൈർഘ്യമുണ്ടായിരുന്ന മനുഷ്യർക്ക് മോഡേൺ മെഡിസിന്റെ ഗവേഷണവും ഔഷധങ്ങളും പ്രതിരോധ കുത്തിവയ്പുകളും കാരണവും ഇപ്പോൾ 80–85 വയസ്സുവരെ അതും സുഖമായി തന്നെ അവശതകൾ ഇല്ലാതെ തന്നെ ജീവിച്ചിരിക്കുവാനുള്ള ഭാഗ്യം കൈവന്നിരിക്കുകയാണ്. ഇനി വരുന്ന വർഷങ്ങളിൽ ആയുർദൈർഘ്യം ഇനിയും വർധിക്കട്ടെ.

Content Summary: Diabetes and related diseases

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}