ശസ്ത്രക്രിയ സാമഗ്രികൾ ശരീരത്തിൽ അകപ്പെടുന്നത് എങ്ങനെ? അറിയാം, ഓപ്പറേഷൻ തിയറ്ററിലെ നടപടിക്രമങ്ങൾ

scissors-in-womans-stomach-kozhikode-medical-collegerefutes-allegation-of-lapses
SHARE

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ  ഡോക്ടർ മറന്നുവച്ച കത്രിക 5 വർഷത്തിനു ശേഷം  മറ്റൊരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഞെട്ടിപ്പിക്കുന്ന വാർത്തകേട്ടത് ഈയിടെ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു സംഭവം. കത്തിയും കത്രികയും  മറ്റു ശസ്ത്രക്രിയ സാമഗ്രികളും എങ്ങനെയാണു രോഗിയുടെ ശരീരത്തിൽ അകപ്പെടുന്നത്? ഓപ്പറേഷൻ തിയറ്ററിലെ നടപടിക്രമങ്ങൾ എങ്ങനെയെന്നു നോക്കാം...

മുന്നൊരുക്കം

ഓരോ ശസ്ത്രക്രിയയ്ക്കു മുൻപും ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ചാണു സാമഗ്രികൾ ഒരുക്കുന്നത്. ന്യൂറോ സർജറി, ഹൃദ്രോഗം, വൃക്കമാറ്റം തുടങ്ങി സങ്കീർണ ശസ്ത്രക്രിയകൾക്ക് ഏറെ ഉപകരണങ്ങൾ വേണ്ടിവരും. താക്കോൽദ്വാര ശസ്ത്രക്രിയകൾക്കാകട്ടെ, കുറച്ചു മതിയാകും. മേജർ ഹൃദയ ശസ്ത്രക്രിയയിൽ 80 മുതൽ 100 വരെ  ഉപകരണങ്ങൾ വേണ്ടിവരുമെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം േമധാവി ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. സാധാരണ ശസ്ത്രക്രിയകൾക്കു പോലും 20 മുതൽ 30 വരെ ഉപകരണങ്ങൾ വേണം. മോപ്പുകളുടെയും പഞ്ഞിക്കെട്ടുകളുടെയും എണ്ണവും വ്യത്യാസപ്പെട്ടിരിക്കും. സഹായിയായ നഴ്സിനാണ് ഇവ ഒരുക്കേണ്ട ചുമതല. അണുനശീകരണം കഴിഞ്ഞ സർജിക്കൽ ഉപകരണങ്ങളുടെ ട്രേയിൽനിന്നു കത്തി, കത്രിക, ബ്ലേഡ്, ബ്ലേഡ് സ്റ്റാൻഡ്, സൂചി, നൂൽ, മോപ്, പഞ്ഞി തുടങ്ങിയവ ഓരോന്നും എണ്ണി രേഖപ്പെടുത്തി സർജിക്കൽ ട്രോളിയിലേക്കു മാറ്റും. ആവശ്യമായ ഉപകരണങ്ങൾ മാത്രമേ തിയറ്ററിലെ ട്രേയിലേക്കു എടുത്തുവയ്ക്കാറുള്ളൂവെന്നും അതിനാൽ എണ്ണം പെട്ടന്നു തെറ്റില്ലെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 വർഷമായി ശസ്ത്രക്രിയാ സഹായിയായി ജോലി ചെയ്യുന്ന നഴ്സ് പറയുന്നു.

തിയറ്ററിലെ കണക്ക് ബോർഡ് 

രോഗിയെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നതു മുതൽ ഓരോ നടപടികൾക്കും പ്രോട്ടോക്കോൾ ഉണ്ട്.  2 നഴ്സുമാരാണുണ്ടാകുക. ഒരാൾ ഡോക്ടർക്ക്  ഉപകരണങ്ങൾ എടുത്തുനൽകും. രണ്ടാമത്തെയാൾ  ഉപയോഗിച്ചവ ശുചിയാക്കി തിരിച്ചു ട്രേയിൽ വയ്ക്കും. ശസ്ത്രക്രിയ പൂർത്തിയായാൽ എല്ലാ ഉപകരണങ്ങളും ഉണ്ടോയെന്നു തിട്ടപ്പെടുത്തും. മാലിന്യങ്ങൾ ബയോമെഡിക്കൽ മാലിന്യങ്ങൾ സൂക്ഷിക്കുന്ന ബിന്നിലേക്കു മാറ്റും.  തുന്നുന്നതിനു മുൻപ് ഡോക്ടർ ഒരിക്കൽ കൂടി  സാധനസാമഗ്രികളുടെ എണ്ണം ചോദിച്ച് ഉറപ്പാക്കും. തിയറ്ററിലെ സർക്കുലേറ്റിങ് നഴ്സും സാധന സാമഗ്രികളുടെ എണ്ണം പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷം മാത്രമാണു മുറിവു തുന്നുന്നത്. ക്ലാസ് മുറിയിലേതു പോലെ എല്ലാ തിയറ്ററിലും ഒരു കണക്ക് ബോർഡ് ഉണ്ടാകും. ഈ ബോർഡിൽ മോപ്, പഞ്ഞി എന്നിവയുടെ കണക്ക് തിയറ്റർ നഴ്സ് എഴുതി വയ്ക്കും. ഉപയോഗിക്കുന്നതിന് അനുസരിച്ചു ബോർഡിലെ കണക്കിൽ കുറവു വരുത്തും. ശസ്ത്രക്രിയ അവസാനിക്കുന്നതിനു മുൻപ് ബോർഡിലെ കണക്കും ബാക്കിയുള്ളതും ഒത്തുനോക്കും. 

operation-theatre-whyframe
Representative Image. Photo Credit : Whyframe/Shutterstock.com

 

കൈപ്പിഴ അപ്രതീക്ഷിതം

അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് കൈപ്പിഴയ്ക്കു കാരണമെന്നു കോട്ടയം മെഡിക്കൽ കോളജിലെ മുൻ സർജറി വിഭാഗം മേധാവി എം.എൻ.ശശികുമാർ പറയുന്നു. 

രോഗിക്ക് അമിത രക്തസ്രാവമോ മറ്റു സങ്കീർണ പ്രശ്നങ്ങളോ സംഭവിച്ചാൽ ഡോക്ടർമാരും സഹായികളും അസ്വസ്ഥരാകും. ഈ സമയം വീഴ്ച സംഭവിക്കാം. അശ്രദ്ധമായി വസ്തുക്കൾ കൈകാര്യം ചെയ്താലും പിഴവുപറ്റും. ഉപകരണങ്ങൾ ശരീരത്തിൽ കുടുങ്ങിയാൽ വേദന കാരണം ഉടൻ തിരിച്ചറിയാൻ കഴിയും. അപൂർവമായി മാത്രം ശ്രദ്ധയിൽപെട്ടില്ലെന്നു വരാം. ശരീരത്തിൽ ഏതു ഭാഗത്ത് എങ്ങനെയാണ് വസ്തു ഇരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണു ഗൗരവം.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS