ADVERTISEMENT

ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.2.75.2 രക്തത്തിലെ ന്യൂട്രലൈസിങ് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടുമെന്നും പല കോവിഡ് – 19 ആന്റിബോഡി തെറാപ്പികളും ഇവയ്ക്കെതിരെ ഫലപ്രദമല്ലെന്നും ലാൻസറ്റ് ഇൻഫെക്‌ഷ്യസ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഈ ഉപവകഭേദം മൂലം വരുന്ന ശൈത്യകാലത്ത് സാർസ് കോവ്–2 അണുബാധകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു. 

 

ഉപവകഭേദത്തിനെതിരെയുള്ള ആന്റിബോഡി പ്രതിരോധം പൂർണമായും നഷ്ടമായെന്ന് പറയാൻ സാധിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രഫസർ ബെൻ മ്യൂറെൽ പറയുന്നു. എന്നാൽ മുന പോലുള്ള സ്പൈക് പ്രോട്ടീനിലെ റിസപ്റ്റർ ബൈൻഡിങ് ഡൊമൈനിൽ വന്നിട്ടുള്ള രണ്ട് വ്യതിയാനങ്ങൾ ബി.എ.2.75.2 ന് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ശേഷി ആന്റിബോഡികൾ തീർക്കുന്ന പ്രതിരോധത്തിനെതിരെ നൽകുന്നു. 

 

സ്റ്റോക്ഹോമിലെ 75 രക്തദാതാക്കളിൽ നിന്നെടുത്ത സെറം സാംപിളുകളിലുള്ള ആന്റിബോഡികൾ ബി.എ. 5 വകഭേദത്തോട് കാണിച്ച കാര്യക്ഷമതയുടെ ആറിലൊന്ന് മാത്രമേ ബി.എ.2.75.2 ന് എതിരെ പ്രദർശിപ്പിക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ വർഷം നവംബറിലും ഈ വർഷം ഏപ്രിലിലും പിന്നീട് ഓഗസ്റ്റ് അവസാനം – സെപ്റ്റംബര്‍ ആദ്യവുമായി മൂന്ന് ഘട്ടങ്ങളിലാണ് രക്തം ശേഖരിച്ചത്. ലഭ്യമായ മോണോക്ലോണൽ ആന്റിബോഡി ട്രീറ്റ്മെന്റുകളിൽ ബെബ്ടെലോവിമാബ് മാത്രമാണ് പുതിയ വകഭേദത്തെ നിർവീര്യമാക്കിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദമായ ബി.എ.2.75 പരിണമിച്ചുണ്ടായതാണ് ബി.എ.2.75.2 ഉപവകഭേദം. ഈ വർഷം ആദ്യം കണ്ടെത്തിയ ഈ ഉപവകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടർന്നെങ്കിലും ഇത് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. 

 

പുതിയ ഉപവകഭേദം മൂലം ശൈത്യകാലത്ത് കോവിഡ് അണുബാധകളുടെ എണ്ണം കൂടാമെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ഉയരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Content Summary: New Omicron sub variant largely evades neutralising antibodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com