ADVERTISEMENT

വൈദ്യശാസ്ത്ര വിദഗ്ധന്മാര്‍ക്ക് ഇതുവരെ തിരിച്ചറിയാൻ‌ കഴിയാത്ത ഒരു രോഗവുമായി ജീവിക്കുകയാണ് യുകെയിലെ നാൽപത്തേഴുകാരി ഡെബ്ബി ഷ്വാര്‍ട്സ്. ഡെബ്ബിയുടെ ജീവിതം ഒരു വീല്‍ചെയറിലേക്ക് ഒതുക്കിയ ഈ രോഗം വർഷങ്ങളായി ഇവരെ വേട്ടയാടുന്നു. ബയോകെമിസ്ട്രി ബിരുദധാരിയായ ഡെബ്ബിക്ക് അധ്യാപികയാകാന്‍ യോഗ്യതയുണ്ടായിട്ടും ഈ രോഗം മൂലം അതിനു കഴിയാത്ത അവസ്ഥയാണ്. 

 

ഡെബ്ബി ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് ഈ ദുരൂഹരോഗത്തിന്‍റെ ആരംഭം. പലതരം ലക്ഷണങ്ങളുമായി വന്ന രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. പരിശോധനകളിലെല്ലാം ഡെബ്ബിയുടെ ശരീരത്തിന് ഒരു കുഴപ്പവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ന്യൂകാസിലിലെയും ലണ്ടനിലെയും പല ആശുപത്രികളില്‍ പല ഡോക്ടര്‍മാരുടെ അടുത്ത് കുഞ്ഞു ഡെബ്ബിയെയും കൊണ്ട് മാതാപിതാക്കള്‍ കയറിയിറങ്ങി. പക്ഷേ, ഫലമുണ്ടായില്ല. രോഗം ഡെബ്ബിയുടെ തോന്നലാണെന്ന് പല ഡോക്ടര്‍മാരും പറഞ്ഞു. സ്കൂള്‍ കുട്ടിയായിരുന്ന ഡെബ്ബിക്ക് പക്ഷേ തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മാത്രം അറിയാമായിരുന്നു. മനസ്സ് തകര്‍ന്ന്, ആകെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് ഈ ദുരൂഹ രോഗം ഡെബ്ബിയെ തള്ളിയിട്ടു.  

 

2000ല്‍ ഡെബ്ബി പെട്ടെന്നൊരു ദിവസം കുഴഞ്ഞു വീഴുകയും പത്തു മാസത്തോളം ആശുപത്രിയില്‍ ചെലവിടേണ്ടി വരികയും ചെയ്തു. അക്കാലത്തും പല പരിശോധനകളും നടന്നു. പല ഡോക്ടര്‍മാരും ഈ രോഗത്തെ ആവേശത്തോടെയാണ് ആദ്യം സമീപിക്കാറുള്ളതെന്നും എന്നാല്‍ പരിശോധനകളില്‍ ഒന്നും തെളിയാതെ വരുന്നതോടെ പിന്മാറുമെന്നും ഡെബ്ബി പറയുന്നു. 

 

വര്‍ഷങ്ങളോളം രോഗവുമായി മല്ലിട്ട ശേഷം 2005ല്‍ ഡെബ്ബിക്ക് മൈറ്റോകോണ്‍ട്രിയല്‍ രോഗമാണെന്ന് ചില ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീര കോശങ്ങളിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ തകരാര്‍ വരുന്ന രോഗമാണ് ഇത്. പിന്നീട് അപൂര്‍വമായ മൂന്ന് രോഗങ്ങള്‍ കൂടി ഡെബ്ബിക്ക് ഉണ്ടെന്ന് നിര്‍ണയിക്കപ്പെട്ടു. ഒന്ന് നാഡീവ്യൂഹസംബന്ധവും ഒന്ന് പ്രതിരോധശക്തിയെ ബാധിക്കുന്നതും മറ്റൊന്ന് ചലനത്തെ ബാധിക്കുന്നതുമാണ്. കേള്‍വിനഷ്ടം, കാഴ്ചനഷ്ടം, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍, കൈകള്‍ക്കും മുട്ടുകള്‍ക്കും സംവേദനമില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങള്‍ ഡെബ്ബിക്ക് ഈ കാലഘട്ടത്തില്‍ അനുഭവപ്പെട്ടു.

 

തന്‍റെ ഈ രോഗാവസ്ഥകള്‍ക്കു പരസ്പരം ബന്ധമുണ്ടെന്ന്  ഉറച്ച് വിശ്വസിക്കുമ്പോഴും ഡോക്ടര്‍മാര്‍ ഇവയെ പ്രത്യേകം പ്രത്യേകമാണ് ചികിത്സിക്കുന്നതെന്ന കാര്യം ഡെബ്ബിയെ നിരാശയാക്കുന്നു. എന്നാല്‍  യുകെയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന, പേരില്ലാത്ത അസുഖങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലിനിക്ക് ഡെബ്ബിയെ പോലെ പലര്‍ക്കും ആശ്വാസം പകരുന്നു. സിന്‍ഡ്രോംസ് വിത്ത്ഔട്ട് എ നെയിം (സ്വാന്‍) എന്ന് പേരിട്ടിരിക്കുന്ന ഈ ക്ലിനിക്ക് കാര്‍ഡിഫ് സര്‍വകലാശാലയുടെ ഹോസ്പിറ്റല്‍ ഓഫ് വേള്‍സിലാണ് തുടങ്ങിയിരിക്കുന്നത്. 

 

ഓരോ വര്‍ഷവും യുകെയില്‍ 6000 ഓളം ശിശുക്കള്‍ അപൂർവ രോഗങ്ങളുമായി ജനിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഡെബ്ബിയെ പോലെ കാരണം കണ്ടെത്താനാകാത്ത രോഗസാഹചര്യവുമായി മൂന്നരലക്ഷത്തോളം പേര്‍ ഇവിടെ ജീവിക്കുന്നു. ഇവര്‍ക്കെല്ലാം പ്രതീക്ഷയുടെ നേരിയ വെളിച്ചമാവുകയാണ് സ്വാന്‍.

Content Summary: UK woman opens up about her mystery illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com