ADVERTISEMENT

വൃക്കരോഗങ്ങൾക്കു കാരണമാകുന്ന മറ്റ് രോഗാവസ്ഥകളിൽ നിന്നും ഉയർന്ന രക്തസമ്മർദമെന്ന രോഗത്തിന് ഒരു വ്യത്യാസമുണ്ട്. ഉയർന്ന ബി പി വൃക്കരോഗമുണ്ടാക്കും: ചില വൃക്കരോഗങ്ങൾ രക്തസമ്മർദമുയർത്തുകയും ചെയ്യും. പരസ്പരം കാരണമായി മാറുന്നതിനാൽ രക്തസമ്മർദത്തെ വളരെ കരുതലോടെ വേണം കാണാൻ. രക്തസമ്മർദമുണ്ടെന്നു കണ്ടാൽ അതിന്റെ ശരിയായ കാരണങ്ങൾ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും പ്രധാനമാണ്. ഒപ്പം വൃക്കരോഗം മൂലമല്ല രക്തസമ്മർദം ഉണ്ടായതെന്ന് ഉറപ്പുവരുത്തുന്നതും.

 

ഉയർന്ന ബി പിയുടെ അപകടം

ഹൃദയത്തിൽ നിന്നു പമ്പു ചെയ്യുന്ന രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുന്നത് ഒരു പ്രത്യേക അളവിൽ മർദം ലഭിക്കുമ്പോഴാണ്. ഇതു ശരീരത്തിന്റെ ഒരു പ്രക്രിയയാണ്. എന്നാൽ മർദത്തിന്റെ അളവു കൂടുകയോ കുറയുകയോ ചെയ്യാം. ഇങ്ങനെ സംഭവിക്കുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിക്കു കേടുപാടു സംഭവിക്കാം. ഒഴുകുന്ന രക്തം രക്തക്കുഴലുകളുടെ ഭിത്തിയിൽ ഉണ്ടാക്കുന്ന മർദത്തെ രക്തസമ്മർദം എന്നു പറയുന്നു. രക്തസമ്മർദം അധികമാകുമ്പോൾ ഹൃദയം, വൃക്ക, തലച്ചോറ് തുടങ്ങിയ ശരീരത്തിലെ മറ്റ് അവയങ്ങൾക്കു കേടുപാടുണ്ടാകാം.

 

രക്തസമ്മർദം അധികമായാൽ പ്രത്യേകിച്ച് ഒരു രോഗലക്ഷണവും ഉണ്ടാകണമെന്നില്ല. അതിനാൽ പ്രായഭേദമന്യേ ആറുമാസത്തിൽ ഒരിക്കൽ രക്തസമ്മർദം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 

രക്തസമ്മർദം നിയന്ത്രിക്കുന്നതിനു വൃക്കകളുടെ പങ്കു വളരെ പ്രധാനമാണ്. വൃക്കകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റനിൻ എന്ന ഹോർമോൺ ആൻജിയോടെൻസിൻ I, ആൻജിയോടെൻസിൻ II എന്നീ ഹോർമോണുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഇവയുടെ പ്രവർത്തനം മൂലം വൃക്കകൾ രക്തത്തിലെ സോഡിയത്തിന്റെ അളവിൽ വ്യതിയാനം വരുത്തി രക്തസമ്മർദം നിയന്ത്രിക്കുന്നു. പ്രോഡ്റ്റാഗ്ലാൻഡിൻ, കൈനിൻ എന്നീ രാസവസ്തുക്കളുടെ ഉപാപചയത്തിലും വൃക്കൾക്കു പങ്കുണ്ട്. വൃക്കകളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും അപാകത വന്നാൽ ഈ നിയന്ത്രണം തെറ്റുകയും ഉയർന്ന രക്തസമ്മർദം ഉണ്ടാവുകയും ചെയ്യുന്നു.

 

ശരീരത്തിൽ നിന്ന് ഉപ്പും വെള്ളവും പുറന്തള്ളുന്ന ജോലി വൃക്കയുടേതാണ്. എന്നാൽ വൃക്ക പ്രവർത്തനരഹിതമാകുമ്പോൾ ശരീരത്തിൽ ഉപ്പിന്റെയും ജലാംശത്തിന്റെയും അളവു കൂടുന്നു. ഇതു മറ്റു പല ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും. വൃക്ക പ്രവർത്തനരഹിതമാകുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ മാറുകയും രക്തസമ്മർദം കൂടുകയും ചെയ്യുന്നു.

 

ഏതാണ്ട് 80 ശതമാനം പ്രമേഹരോഗികളിൽ ഉയർന്ന രക്തസമ്മർദം കാണപ്പെടുന്നു. പ്രമേഹരോഗികളിൽ വൃക്കകളുടെ പ്രവർത്തനം തകരാറാകാൻ ഏറ്റവും പ്രധാനപ്പെട്ട കാരണം ഉയർന്ന രക്തസമ്മർദമാണ്.

 

രക്തസമ്മർദവും വൃക്കയും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ കൃത്യമായി ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് ആവശ്യമാണ്. ഏതു രോഗവും പോലെ തന്നെ നേരത്തെ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പാരമ്പര്യഘടകങ്ങൾ ഉള്ളവർ നിർബന്ധമായും ഡോക്ടറെ കണ്ടിരിക്കണം. വ്യായാമം, ഭക്ഷണനിയന്ത്രണം (കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. അച്ചാർ, പപ്പടം, ഉണക്കമത്സ്യം തുടങ്ങിയവ ഒഴിവാക്കണം.), മരുന്ന് ഇതെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി പാലിക്കണം.

Content Summary: High blood pressure and Kidney Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com