2021ൽ ലോകത്ത് 1.06 കോടി പേർക്ക് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തിയതിൽ 28 ശതമാനവും ഇന്ത്യയിലായിരുന്നു. കേരളത്തിൽ ഓരോ വർഷവും 20,000 പേർക്ക് ക്ഷയരോഗം പിടിപെടുന്നു. ഇന്ത്യയിൽ ഒരു ദിവസത്തിൽ 1380 പേർ ക്ഷയരോഗം വന്നു മരിക്കുന്നുമുണ്ട്. ഒട്ടേറെ മുതിർന്ന പൗരന്മാരെയും ഈ രോഗം ബാധിക്കുന്നു. ക്ഷയരോഗത്തെ നേരിടാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ക്ഷയരോഗം ശ്വാസകോശത്തെയാണ് കൂടുതലായി ബാധിക്കുന്നത്. മറ്റു ശരീരഭാഗങ്ങളെയും രോഗം ബാധിക്കാറുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്നതാണ് ഈ രോഗം. വായുവിലൂടെ പകരുന്ന രോഗമായതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. നീണ്ടുനിൽക്കുന്ന ചുമ, ചുമച്ച് രക്തം വരുന്ന അവസ്ഥ, നെഞ്ചുവേദന, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്തണം.
നേരിടാം രോഗത്തെ
∙ ബിസിജി വാക്സിനേഷൻ ക്ഷയരോഗത്തിനെതിരെ വലിയ തോതിൽ സംരക്ഷണം നൽകും.
∙ വായുവിലൂടെ പകരുന്ന രോഗമായതിനാൽ ക്ഷയരോഗികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി ഡോക്ടർ നിർദേശിക്കുന്ന ക്വാറന്റീൻ നിബന്ധനകൾ പാലിക്കുക.
∙ രോഗികൾ ചുമയ്ക്കുന്നതും തുമ്മുന്നതും രോഗം പകരാനിടയാക്കാറുണ്ട്. ടിഷ്യു പേപ്പറിലേക്ക് തുമ്മിയതിനു ശേഷം ടിഷ്യു പേപ്പർ പ്രത്യേക സ്ഥലത്ത് ഉപേക്ഷിച്ച് നശിപ്പിക്കാം.
∙ ക്ഷയരോഗത്തിന് മരുന്നുകൾ ലഭ്യമാണ്. രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്നു കഴിക്കുക.
∙ എത്രയും നേരത്തേ രോഗം തിരിച്ചറിയുന്നത് വേഗത്തിലുള്ള രോഗമുക്തിക്ക് സഹായകമാകും. പരിശോധനകൾ വൈകിപ്പിക്കാതിരിക്കുക.
Content Summary : A potentially serious infectious bacterial disease that mainly affects the lungs.