ഡിസ്കു പ്രശ്നങ്ങളും നടുവേദനയും കൂടാനുള്ള കാരണങ്ങളും പരിഹാരങ്ങളും

back pain omicron variant
Photo Credit : Siripint / Shutterstock.com
SHARE

ഡിസ്ക്കും നട്ടെല്ലും അതിനോടു ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും  ഇന്ന് ഒരു പകർച്ചവ്യാധിപോലെ  സമൂഹത്തിൽ പടരുകയാണ് . ചെറുപ്രായത്തിൽ തന്നെ ഡിസ്ക് സംബന്ധമായ നടുവേദന ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. തിരക്കാർന്ന ജീവിതസാഹചര്യങ്ങളും പിരിമുറുക്കങ്ങളും  ആരോഗ്യപരമായ ജീവിതശൈലിയെപ്പറ്റിയുള്ള അറിവില്ലായ്മയും അശ്രദ്ധയും അല്ലെങ്കിൽ നട്ടെല്ലും അനുബന്ധ അവയവങ്ങളും വേണ്ടവിധം സംരക്ഷിക്കാനുള്ള സമയക്കുറവുമാണ് ഈ അവസ്ഥയ്ക്കു കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

നട്ടെല്ലന്ന അത്ഭുതം

അസ്ഥികളും തരുണാസ്ഥികളും നാഡികളും പേശിയും രക്തക്കുഴലുകളും ചേർന്നു വിപുലമായ ഉറപ്പും എന്നാൽ വഴക്കവുമുള്ള ചങ്ങലപോലെയുള്ള സംവിധാനമാണു നട്ടെല്ല്. നട്ടെല്ല് ഒരു ഏകാസ്ഥിയല്ല. ഇതു 33 ഘടകാസ്ഥികളായ  കശേരുക്കളെ  കൂട്ടി യോജിപ്പിച്ചുണ്ടാക്കിയ അസ്ഥിവ്യവസ്ഥയാണ്. ഈ ഘടനയാണു ശരീരത്തെ കുനിയുവാനും നിവരുവാനും തിരിയുവാനും ചലിക്കുവാനും  സഹായിക്കുന്നത്.

തലയോട്ടിയുടെ പിൻഭാഗത്തുനിന്ന് ആരംഭിച്ച് ഇടുപ്പല്ലു വരെ എത്തിനിൽക്കുന്ന നട്ടെല്ല് ശരീരത്തിനു നിശ്ചിത ആകൃതിയും ഉറപ്പും നൽകുന്നു. മാത്രമല്ല നിവർന്നു നിൽക്കുന്നതിനും ചലിക്കുന്നതിനും  സഹായിക്കുകയും ചെയ്യുന്നു. അതീവ മൃദുവായതും എന്നാൽ ശരീര ചലനങ്ങൾ  നിയന്തിക്കുന്നതിൽ  സുപ്രധാനവുമായ നാഡീവ്യൂഹമാണ് സുഷുമ്നനാഡി. അങ്ങനെയുള്ള സുഷുമ്നയ്ക്ക് സംരക്ഷണ കവചം കൂടി തീർത്തുകൊണ്ടാണ് നട്ടെല്ല് ഈ കടമകൾ നിർവഹിക്കുന്നതെന്ന് ആലോചിക്കുമ്പോൾ  അദ്ഭുതപ്പെടാതിരിക്കാനാവില്ല. 

back pain

ഡിസ്ക് നട്ടെല്ലിലെ കുഷൻ

നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മൃദുലമായ ഭാഗമാണ് ഡിസ്ക്. അവയുടെ പ്രധാന ധർമം കശേരുക്കൾ തമ്മിൽ നിയന്ത്രിത ചലനം സാധ്യമാക്കുകയും ശരീരഭാരത്തെ മുകളിലെ കശേരുവിൽ നിന്നും താഴത്തേതിൽ എത്തിക്കുക എന്നതുമാണ്. ഏതാണ്ട് ഒരിഞ്ചോളം  വ്യാസത്തിലുള്ള വൃത്താകാരമാണ് ഇതിനുള്ളത്. അരസെന്റീമീറ്ററോളം കനവും ഉണ്ട്. 

33 കശേരുക്കളുണ്ടെങ്കിലും എല്ലാ കശേരുക്കൾക്കിടയിലും ഡിസ്ക് ഇല്ല. 23 ഡിസ്കുകളാണ് പൂർണരൂപത്തിലുള്ളത്. നട്ടെല്ലിൽ അനുഭവപ്പെടുന്ന  ഭാരവും മർദവും താങ്ങി നട്ടെല്ലിനു കേടുണ്ടാകാതെ സംരക്ഷിക്കുന്ന ഒരു കുഷൻ എന്നോ ഷോക്ക് അബ്സോർബർ എന്നോ ഒക്കെഡിസ്കിനെ വിളിക്കാം. ഇത് നട്ടെല്ലിന്റെ ഭാഗം തന്നെയാണ്. അത് കശേരുക്കൾക്കിടയിൽ നിന്നും തെന്നിമാറാത്തവിധം ദൃഢമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ഡിസ്കിന്റെ മധ്യഭാഗത്തുള്ള വളരെ മൃദുവായ ജെല്ലിപോലെകാണുന്ന ന്യൂക്ലിയസ് പൾ പോസസ് എന്ന ഭാഗമാണ് ഡിസ്കിന് ഷോക്ക് അബ്സോർബർ ശേഷി നൽകുന്നത്. ഇതിന്റെ 80 ശതമാനവും ജലാംശമാണ്. കുട്ടികളിൽ  ഈ ജലാംശത്തിന്റെ അളവും കൂടും. ഈ ജെല്ലിക്കു ചുറ്റും വളരെ ബലമേറിയതും എന്നാൽ നേർത്തതുമായ നാരു കൊണ്ടു നിർമിച്ച കവചം ഉണ്ട്. നടുവിലുള്ള ജല്ലിയെ നിയന്ത്രിച്ചു നിർത്തുന്നതിനൊപ്പം മുകളിലേയും താഴത്തേതുമായ കശേരുക്കളെ തമ്മിൽ  ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ കവചത്തിന് വാഹനങ്ങളുടെ  ടയറിന്റെ  ഘടനയോട് സാദൃശ്യമുണ്ട്. ഡിസ്കിന്റെ  മറ്റൊരു  സവിശേഷത അതിൽ  രക്തധമനികളില്ല എന്നതാണ്. അതിനാൽ  ഡിസ്കിനു വേണ്ട പോഷണം കശേരുക്കളിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെയാണ്. 

എല്ലാ വേദനയ്ക്കും പിന്നിൽ ഡിസ്കല്ല

back-pain
Photo Credit : wavebreakmedia / Shutterstock.com

നമുക്ക് പ്രായം കൂടുന്നതിനനുസരിച്ച് പല മാറ്റങ്ങളും സംഭവിക്കുന്നു. മുടി നരയ്ക്കുന്നതും കാഴ്ച കുറയുന്നതും പോലെ ഡിസ്കിനു മാറ്റങ്ങൾ വരും. ഡിസ്കിനുള്ളിലെ ജല്ലിയിലെ ജലാംശത്തിൽ കുറവുവരുന്നതാണ് അതിൽ പ്രധാനം. അതുമൂലം ഡിസ്കിന്  ഉയരവും മൃദുത്വവും വഴക്കവും കുറഞ്ഞുവരും. ഇതുകൊണ്ടു മാത്രം നടുവേദന വരണമെന്നില്ല, പക്ഷേ നട്ടെല്ലിന്റെ ചലനശേഷിയിൽ കുറവു വരും.

പലരും വിചാരിക്കുന്ന പോലെ എല്ലാ നടുവേദനയും ഡിസ്കിന്റെ തകരാറുമൂലം ഉണ്ടാകുന്നതല്ല. നടുവേദനകളിൽ  ഏതാണ്ട് 40 ശതമാനം മാത്രമാണ് ഡിസ്കുമായി ബന്ധപ്പെട്ടത്. നടുവേദനയിൽ വലിയൊരു ശതമാനവും അത്ര ഗൗരവമല്ലാത്ത പേശിവലിവു മൂലമായിരിക്കും ഉണ്ടാകുന്നത്. എന്നാൽ  ചിലപ്പോൾ  ഗൗരവമായ അണുബാധകൾ മൂലവും അപകടത്തിലുണ്ടാകുന്ന പൊട്ടലുകൾ  മൂലവും നടുവേദന ഉണ്ടാകാം. നീണ്ടു നിൽക്കുന്ന നടുവേദന (ആറാഴ്ചയിലധികം) ഡിസ്കിന്റെ പ്രശ്നം മൂലമുള്ളതാകാം. ആരോഗ വിദഗ്ധ പരിശോധനയ്ക്ക് വിധേയനായിരിക്കണം

വേദനയ്ക്കു പിന്നിൽ 

ഡിസ്കിന്റെ ഉള്ളിലെ ജെല്ലിയുടെ മൃദുത്വം നഷ്ടപ്പെട്ട് കട്ടിയായിമാറുമ്പോൾ അത് ഡിസ്കിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ ബാധിക്കുന്നു. ഡിസ്കിന്റെ ആവരണ കവചത്തിലും ഈ പക്രിയ പ്രകടമാകും. അതിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് അതിൽ ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെടും  ഈ അവസ്ഥകശേരുക്കളുടെ  ഉപരിതലത്തിലുള്ള ശരീരഭാരം അസന്തുലിതമാക്കുകയും രോഗിയെ  കലശലായ നടുവേദനയിലേക്കും നയിക്കാം

ഡിസ്ക് തെറ്റലും തള്ളലും

ഡിസ്കിന്റെ ഈ ബലക്ഷയം തുടർന്നാൽ ഡിസ്കിലെ കവചത്തിനു ഉള്ളിലെ വിള്ളലുകളിലേക്ക് ജല്ലി പ്രവേശിക്കും. ഈ അവസ്ഥ വീണ്ടും തുടർന്നാൽ ഡിസ്ക് കവചം പൊട്ടി കട്ടിയായ ജെല്ലി പുറത്തു വരും. ഇതിനെയാണ് ഡിസ്കു തെറ്റൽ എന്നു പറയുന്നത്. 

spondylodiscitis-back-pain-causes-and-treatment

പുറത്തേക്കു ചാടുന്ന ജെല്ലി, സുഷുമ്നാനാഡിയിൽ നിന്നു പുറപ്പെടുന്ന കൈയിലേക്കോ കാലിലേക്കോ ഉള്ള നാഡികളേ ഞെരുക്കാം. അവയിലെ രക്തയോട്ടത്തേയും  ബാധിക്കാം. അപ്പോൾ രോഗികൾക്ക് കൈയിലോ കാലുകളിലോ അസഹ്യമായ വേദന, മരവിപ്പ് , ബലകുറവ് ,തുടങ്ങിയവയും അനുഭവപ്പെടും. തെന്നിമാറിയ  ജെല്ലി ഡിസ്കിനോടു ചേർന്നു തന്നെ നിൽക്കുകയോ  മുകളിലേക്കോ താഴേക്കോ കടക്കാം. കൂടുതൽ  ജെല്ലി തെന്നിമാറിയ ജെല്ലി ഡിസ്കിനോടു ചേർന്ന  തന്നെ നിൽക്കുകയോ മുകളിലേക്കോ താഴേക്കോ വീണ്ടും തെന്നിമാറി ഗുരുതരാവസ്ഥകളിലേക്കോ കടക്കാം. കൂടുതൽ ജെല്ലി തെന്നിമാറിയാൽ അത് സുഷുമ്നാനാഡിയെത്തന്നെ ഞെരുക്കുന്ന മാരകമായ അവസ്ഥയിലേക്കും എത്താം. ഇത്തരം അവസ്ഥകളിൽ  ശസ്ത്രക്രിയമാത്രമാണ് പരിഹാരം.

നടുവിലും കഴുത്തിലും 

നടുവിലേയും കഴുത്തിലേയും കശേരുക്കൾക്കിടയിലേ ഡിസ്കുകൾക്കാണ് പ്രശ്നങ്ങൾ ഉണ്ടാവുക. കഴുത്തിലെ ഡിസ്കിനെ ബാധിക്കുമ്പോൾ സ്പോണ്ടിലോസിസ്  പോലുള്ള കഴുത്തുവേദനാപ്രശ്നങ്ങളായിരിക്കും ആദ്യ സൂചനകൾ. ഡിസ്കുതെന്നലും തുടർന്നുള്ള അവസ്ഥകളും കഴുത്തിലാണെങ്കിൽ  അത് കൈകളിലും നടുവിലേ ഡിസ്കാണെങ്കിൽ അതു കാലുകളേയുമായിരിക്കും  വേദനയായും മരവിപ്പായുമൊക്കെ ബാധിക്കുക. 

നിവർന്നു നിൽക്കുമ്പോഴും ചാഞ്ഞു നിൽക്കുമ്പോഴും ഉണ്ടാകുന്നതിനേക്കാൾ ഇരിക്കുമ്പോഴാണ് ഡിസ്കിൽ സമ്മർദം കൂടുന്നത്. കുനിയുമ്പോഴും കുനിഞ്ഞ് ഭാരമെടുക്കുമ്പോഴും സമ്മർദം പിന്നെയും കൂടും. ഡിസ്കിനു പ്രശ്നമുള്ളവർക്ക് ഈ സമയത്ത് വേദന കൂടുന്നത് അതിനാലാണ്. 

പ്രതിരോധിക്കാൻ വഴിയുണ്ടോ

വ്യായാമം കുറഞ്ഞവരിൽ നട്ടെല്ലിനോടു ചേർന്നു നിൽക്കുന്ന പേശികൾക്ക് ബലക്ഷയം ഉണ്ടാകും. ഇത് ഡിസ്കിൽ അമിതസമ്മർദമേൽക്കാൻ  കാരണമാകും . അതു ബലക്ഷയത്തിലേക്കു നയിക്കാം. അതുപോലെ അതികഠിനമായ  കായികാധ്വാനം  ഡിസ്കിനേൽപിക്കുന്ന ക്ഷതങ്ങൾ പിന്നീട് ഡിസ്കുപ്രശ്നങ്ങൾക്കു കാരണമാകും. ഡിസ്കിന്റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നം  അമിതവണ്ണമാണ്. പുകവലിയും ഡിസ്കിന്റെ ആരോഗ്യം നശിപ്പിക്കും. ഇതുപോലുള്ള ജീവിതശൈലീകാര്യങ്ങളിൽ ആരോഗ്യകരമായ രീതി പിന്തുടർന്നാൽ ഡിസ്ക് രോഗങ്ങൾ  ഒരു പരിധിവരെ ഒഴിവാക്കാം.

Content Summary: Disc problems and back pain

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS