അഞ്ച് ബാക്ടീരിയകള്‍ മൂലം 2019ല്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 6.8 ലക്ഷം പേരെന്ന് ലാന്‍സെറ്റ് പഠനം

anti microbial
Photo Credit: luchschenF/ Shutterstock.com
SHARE

ഇ-കോളി, എസ്. ന്യുമോണിയെ, കെ.ന്യുമോണിയെ, എസ്.ഓറിയസ്, എ.ബൗമനി എന്നീ അഞ്ച് ബാക്ടീരിയകള്‍ മൂലം മാത്രം 2019ല്‍ ഇന്ത്യയില്‍ സംഭവിച്ചത് 6.8 ലക്ഷം മരണങ്ങളാണെന്ന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗ മരണങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം മരണം സംഭവിക്കുന്നത് ബാക്ടീരിയല്‍ അണുബാധകള്‍ മൂലമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ ആഗോള തലത്തിലെ എട്ടിലൊരു മരണം ബാക്ടീരിയല്‍ അണുബാധ മൂലമായിരുന്നു. 

33 ബാക്ടീരിയല്‍ അണുബാധകളുമായി ബന്ധപ്പെട്ട് 77 ലക്ഷം പേരാണ് 2019ല്‍ ലോകമെങ്ങും മരണപ്പെട്ടത്. ഇതില്‍ പകുതിയിലധികവും അഞ്ച് ബാക്ടീരിയകള്‍ മൂലമായിരുന്നു. ആഗോള മരണങ്ങളുടെ 13.6 ശതമാനവും ബാക്ടീരിയ മൂലമാണെന്നും കണക്കാക്കപ്പെടുന്നു.  77 ലക്ഷം മരണങ്ങളില്‍ 75 ശതമാനത്തിലധികവും സംഭവിച്ചത് ശ്വാസകോശത്തിലെയും രക്തപ്രവാഹത്തിലെയും അടിവയറ്റിലെയും അണുബാധകള്‍ മൂലമാണ്.  

ബാക്ടീരിയല്‍ അണുബാധകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം മരണം വിതച്ചത് ഇ-കോളി ബാക്ടീരിയയാണ്. 2019ല്‍ 1.57 ലക്ഷം പേരാണ് ഈ ബാക്ടീരിയയ്ക്ക് കീഴടങ്ങിയത്. എച്ച്ഐവി എയ്ഡ്സ് മരണങ്ങളേക്കാള്‍(8.64 ലക്ഷം) കൂടുതല്‍ മരണം വിതയ്ക്കാന്‍ എസ്.ഓറിയസ്, ഇ-കോളി ബാക്ടീരിയകള്‍ക്ക് 2019ല്‍ സാധിച്ചതായും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍സ് സ്കൂള്‍ ഓഫ് മെഡിസിനിലെ  ഗവേഷകര്‍ പറയുന്നു. 

ആഗോള തലത്തിലെ കണക്കെടുത്താല്‍ ഏറ്റവുമധികം മരണകാരണമായ ബാക്ടീരിയ എസ്.ഓറിയസ് ആണ്. 11 ലക്ഷം മരണങ്ങളാണ് ഇതു മൂലം 2019ല്‍ ഉണ്ടായത്. ബാക്ടീരിയല്‍ അണുബാധകള്‍ മൂലമുള്ള മരണനിരക്ക് ഏറ്റവുമധികം കാണപ്പെട്ടത് സബ് സഹാറന്‍ ആഫ്രിക്കന്‍ പ്രദേശത്താണ്. ഒരു ലക്ഷത്തില്‍ 230 മരണങ്ങള്‍ എന്നതാണ് ഇവിടുത്തെ നിരക്ക്. മരണ നിരക്ക് കുറവുള്ളത് പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയും സമീപ ദ്വീപുകളും ഉള്‍പ്പെടുന്ന ഓസ്ട്രേലേഷ്യയിലുമാണ്. ഒരു ലക്ഷത്തില്‍ 52 ബാക്ടീരിയല്‍ മരണങ്ങളാണ് ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

കൂടുതല്‍ രോഗനിര്‍ണയ ലാബ് ശേഷികളോട് കൂടിയ ശക്തമായ ആരോഗ്യസംവിധാനം, നിയന്ത്രണ നടപടികള്‍, വിവേകത്തോട് കൂടിയ ആന്‍റിബയോട്ടിക് ഉപയോഗം എന്നിവയെല്ലാം ബാക്ടീരിയല്‍ അണുബാധകളെ നേരിടാന്‍ ആവശ്യമാണെന്ന് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

Content Summary: Bacteria Are the Leading Cause of Deaths in India

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS