മൂന്നര ലക്ഷം കടന്ന് രോഗികൾ; അസാധാരണ രീതിയിൽ പനിയും അനുബന്ധ രോഗങ്ങളും പടരുന്നു, വേണം ശക്തമായ പ്രതിരോധം

fever
Photo Credit: monstArrr_/ Istockphoto
SHARE

തണുപ്പു കാലമായതോടെ സംസ്ഥാനത്ത് കുട്ടികളിലടക്കം അസാധാരണ രീതിയിൽ പനിയും അനുബന്ധ രോഗങ്ങളും പടരുന്നു. പനിക്കൊപ്പം ദേഹം വേദനയും ചുമയും ശ്വാസ തടസ്സവും ഉൾപ്പെടെ അസ്വസ്ഥതകൾ പ്രകടമാകുന്ന തരത്തിലുളള  ഇൻഫ്ലുവൻസ ആണ് വ്യാപകമാകുന്നത്. ദിവസവും 9000–10,000 പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്കു ചികിത്സ തേടുന്നത്. കഴിഞ്ഞ മാസം സർക്കാർ ആശുപത്രികളിൽ മാത്രം  2.7 ലക്ഷത്തോളം പേർ ചികിത്സ തേടി. 

സ്വകാര്യ ആശുപത്രികളിലെ കണക്കുകുടി ചേർത്താൽ മൂന്നര ലക്ഷം കടക്കും. എന്നാൽ ജീവന് ഭീഷണിയില്ലാത്തതിനാൽ കിടത്തി ചികിത്സ വേണ്ടി വരുന്നവർ കുറവാണ്. 

പ്രായമേറിയവർ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ, അവയവം മാറ്റി വച്ചവർ തുടങ്ങി രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇൻഫ്ലുവൻസ രൂക്ഷമാകുന്നത്. കോവിഡ് വന്നവരിലും ശ്വാസകോശത്തിന്റെ ശേഷി ദുർബലമായവരിലും ശ്വാസ തടസ്സവും ചുമയും നീണ്ടു നിൽക്കുന്നു. 

കുട്ടികളിൽ കഫക്കെട്ടും അതിനെ തുടർന്നുള്ള ന്യുമോണിയ ബാധയും വർധിച്ചു.  മഞ്ഞുപെയ്യുന്ന തണുത്ത കാലാവസ്ഥയും കാലംതെറ്റി ഇടയ്ക്കിടെ എത്തുന്ന മഴയുമെല്ലാം രോഗവ്യാപനത്തിനു കാരണമാകുന്നുണ്ട്. 

കഴിഞ്ഞ മാസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതിൽ അഞ്ഞൂറോളം പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇതിൽ 3 പേർ മരിച്ചു. എലിപ്പനി, ചിക്കുൻഗുനിയ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നവംബറിൽ കൂടുതൽപേർ മരിച്ചത് എലിപ്പനി ബാധിച്ചാണ്; 7 പേർ. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ശരാശരി 150ൽ താഴെയാണ്. 

ആശുപത്രികളിൽ ഒപിയിൽ പനിയുമായി എത്തുന്നവരിൽ ഇപ്പോൾ കോവിഡ് പരിശോധന വിരളമാണ്. 

ആന്റിബയോട്ടിക് നൽകുന്നതും ഏറിയെങ്കിലും പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നു വാങ്ങുകയേ നിർവാഹമുള്ളൂ. സർക്കാർ ആശുപത്രികളിലാകട്ടെ മരുന്ന് ക്ഷാമം തുടരുകയാണ്. നെബുലൈസേഷനുള്ള മരുന്ന് പോലും പുറത്ത് നിന്നു വാങ്ങിക്കൊടുക്കേണ്ട അവസ്ഥയാണ് മിക്ക ആശുപത്രികളിലും. 

മാസ്ക് ധരിക്കാം, പ്രതിരോധിക്കാം 

സാധാരണ പനിയും ജലദോഷവും വരുമ്പോഴുള്ള ശരീര വേദനയും ക്ഷീണവും ശ്വാസ തടസ്സവും വയറിളക്കവും മുതൽ ന്യുമോണിയ വരെ ഇൻഫ്ലുവൻസ വൈറസ് ബാധ മൂലം ഉണ്ടാകാറുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ രൂക്ഷമാകും. അപൂർവമായി തലച്ചോറിനെ ബാധിച്ചേക്കും. 

കോവിഡ് പടരുന്ന അതേ രീതിയിൽ തന്നെ വായിലൂടെയും മൂക്കിലൂടെയുമാണ് രോഗാണു ഉള്ളിലെത്തുന്നത്. അതിനാൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതും കൈകൾ അണുമുക്തമാക്കുന്നതുമാണ് പൊതുവായ പ്രതിരോധം. 60 വയസ്സിനു മുകളിലുള്ളവരും മറ്റ് ഗുരുതര രോഗമുള്ളവരും അവയവം മാറ്റി വച്ചവരും വർഷത്തിലൊരിക്കൽ ഇൻഫ്ലുവൻസ പ്രതിരോധ വാക്സീൻ എടുക്കണം. ഗർഭിണികൾക്കും വാക്സീൻ എടുക്കാം. രോഗം വന്നാൽ ചികിത്സയ്ക്കൊപ്പം മതിയായ വിശ്രമം അത്യാവശ്യമാണ്. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയും യഥേഷ്ടം കുടിക്കണം.

ഡോ.കെ.സി.അജിത

അസോഷ്യേറ്റ് പ്രഫസർ (ജനറൽ മെഡിസിൻ)

ഗവ.മെഡിക്കൽ കോളജ്, കോന്നി

Content Summary: Seasonal diseases and prevention tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS