ADVERTISEMENT

ലോകത്തെ പ്രമേഹ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ പ്രമേഹം ഒരു പ്രധാന പൊതു ജനാരോഗ്യ വെല്ലുവിളിയായി ഉയർന്നിരിക്കുകയാണ്. പാദങ്ങളും കാലുകളും മുറിച്ചു കളയപ്പെടേണ്ടി വരുന്നവരുടെ പ്രായം, കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്ത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഉദാഹരണത്തിന്, 2012ൽ

1300 കിടക്കകളുള്ള കൊച്ചിയിലെ അമൃത ആശുപത്രിയിൽ വലിയ ഛേദങ്ങൾ വേണ്ടി വന്നവരുടെ ശരാശരി പ്രായം 67.4 വയസ്സായിരുന്നെങ്കിൽ 2016ൽ അത് 62.6 ലേക്കും 2019ൽ 59.7 വയസ്സിലേക്കും കുറഞ്ഞു. 2012ൽ ഇത്തരം മുറിച്ചുകളയൽ വേണ്ടി വന്ന 50 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം 7.9 ശതമാനമായിരുന്നെങ്കിൽ 2016ൽ ഇത് 15.1 ശതമാനമായി കുതിച്ചുയർന്നു. 2019ൽ 24.3 ശതമാനവുമായി. അതായത് വലിയ ഛേദങ്ങൾ വേണ്ടി വന്ന 50 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം ഒരു ദശകം കൊണ്ട് മൂന്നു മടങ്ങ് വർധിച്ചെന്ന് അർഥം.

 

diabetes-woman-health-deepak-sethi-istockphoto-com

ഇതിന് പല കാരണങ്ങളും ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ പ്രമേഹം ആരംഭിക്കുന്ന പ്രായം ഒരു ദശകം മുമ്പേയാണ്. ഇത് വീണ്ടും കുറഞ്ഞു കൊണ്ടിരിക്കുന്നു. പെരിഫറൽ ന്യൂറോപതി, പെരിഫറൽ വാസ്‌കുലാർ അസുഖങ്ങൾ ഉണ്ടാകാൻ 10-15 വർഷത്തെ അനിയന്ത്രിത പ്രമേഹം ആവശ്യമാണ്. ഒരാൾക്ക് 50 വയസ്സിൽ പ്രമേഹം പിടിപ്പെട്ടാൽ അയാൾക്ക് കാലിനും മറ്റും കാര്യമായ കുഴപ്പങ്ങളുണ്ടാകാൻ ഏതാണ്ട് 65 വയസ്സെങ്കിലും ആകണം. അതേസമയം, ഡയബറ്റീസ് 30-35 വയസ്സിൽ ഉണ്ടായാൽ 45-50 വയസ്സാകുമ്പോൾ കുഴപ്പങ്ങൾ ആരംഭിക്കും.

 

പ്രമേഹ രോഗ ബാധിതരായവരിൽ15 ശതമാനത്തിനും കാലക്രമേണ പാദങ്ങൾക്ക് കുഴപ്പങ്ങൾ തുടങ്ങും. സ്ഥിരമായ അനിയന്ത്രിതമായ പ്രമേഹം പെരിഫറൽ ന്യൂറോപതിക്കും (കാലിന്റെ സംവേദന ക്ഷമത നഷ്ടപ്പെടുക) പെരിഫറൽ വാസ്‌കുലർ രോഗത്തിനും (കാലിലേക്കുള്ള രക്ത പ്രവാഹം നിലയ്ക്കുക) കാരണമാകുകയും ഡയബറ്റിക് ഫുട് അൾസറിന് വഴിയൊരുക്കുകയും ചെയ്യും. ഇത് പല അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. ഉയർന്ന അപകട സാധ്യതയുള്ള പ്രമേഹ രോഗികളിൽ പോലും വിരലും ജീവനും നഷ്ടപ്പെടുന്ന സങ്കീർണതകൾ സൂക്ഷിച്ചാൽ ഒഴിവാക്കാനാകും എന്നത് പ്രതീക്ഷ നൽകുന്നു.

type-1-diabetes-kids-children-amr-image-istock-photo-com

 

സ്ഥായിയായ പ്രമേഹം രോഗികളിൽ പ്രതിരോധ ശേഷി കുറയ്ക്കുന്നു. ഇത് അണുബാധയ്ക്കും അത് പടരുന്നതിനും കാരണമാകുന്നു. പ്രമേഹം മൂലമുള്ള അണുബാധ കടുക്കുമ്പോഴാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായി കാലും മറ്റും മുറിക്കേണ്ടി വരുന്നത്. പെരിഫറൽ ന്യൂറോപതിയും പെരിഫറൽ വാസ്‌കുലറും  പോലുള്ള സങ്കീർണ രോഗാവസ്ഥയിലും ലളിതമായ പാദ സംരക്ഷണവും ശുചിത്വവും അടിക്കടിയുള്ള പരിശോധനയിലൂടെയും അൾസറും അണുബാധയും തടയാനാകും. മഴക്കാലത്ത് ആശുപത്രികളിൽ കാലിലെ സങ്കീർണതകളുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാറുണ്ട്. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന വളരെ ഗുരുതരമായ അണുബാധയാണ് നെക്രോറ്റൈസിങ് ഫസിയൈറ്റിസ്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ പാദത്തിലെ ചർമത്തിനടിയൂടെ മുകളിലേക്ക് പടർന്ന് തുടവരെയെത്തുന്നു. നേരത്തെ ചികിൽസിച്ചില്ലെങ്കിൽ ഫലം വളരെ മോശമായിരിക്കും. മഴക്കാലത്ത് നെക്രോറ്റൈസിങ് ഫസിയൈറ്റിസ് കേസുകളുടെ എണ്ണത്തിലും വർധനയുണ്ടാകാറുണ്ട്. ശക്തമായ മഴയിൽ റോഡിൽ കെട്ടി നിൽക്കുന്ന വെള്ളമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് കാനകളിൽ നിന്നും അഴുക്കുചാലിൽ നിന്നും മറ്റുമുള്ള വെള്ളവുമായി ചേർന്ന് മലിനമാകുന്നു. ചെറിയ മുറിവുകളുള്ള പ്രമേഹ രോഗികൾ ഈ വെള്ളവുമായി സ്പർശനമുണ്ടാകുമ്പോൾ അവരുടെ രക്തത്തിലേക്ക് ഇതിലെ ബാക്ടീരിയ പ്രവേശിക്കുകയും നെക്രോറ്റൈസിങ് ഫസിയൈറ്റിസ് പോലുള്ള അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പ്രമേഹ രോഗികൾ നഗ്ന പാദരായി വെള്ളക്കെട്ടുകളിലൂടെയുള്ള നടത്തം ഒഴിവാക്കുന്നതിനായ ബോധവൽക്കരണം ആവശ്യമാണ്. വെള്ളക്കെട്ടിലൂടെ നടന്നതിനെ തുടർന്ന് കാലിൽ അണുബാധയോ വീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ അവർ അടിയന്തരമായി വൈദ്യ പരിശോധന നടത്തണം. 

 

പ്രമേഹ രോഗികൾ ഡോക്ടർ അല്ലെങ്കിൽ ഡയറ്റീഷൻ കൽപ്പിക്കുന്ന ഭക്ഷണക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്. സ്ഥിരമായ വ്യായാമവും ആവശ്യമാണ്. ധ്യാനം, യോഗ തുടങ്ങിയ വിദ്യകളിലൂടെ സമ്മർദം കുറയ്ക്കുക. രക്തത്തിലെ ശരാശരി പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതായിരിക്കണം മുദ്രാവാക്യം. മൂന്നു മാസം കൂടുമ്പോൾ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനുള്ള ടെസ്റ്റിനെ എച്ച്ബിഎ1സി എന്ന് വിളിക്കുന്നു. എച്ച്ബിഎവൺസി സ്ഥിരമായി ഏഴു ശതമാനത്തിലും കുറവാണെങ്കിൽ സുരക്ഷിതമാണ്. നിങ്ങൾ‌ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കുറവാണ്. 3-6 മാസത്തിലൊരിക്കലെങ്കിലും എച്ച്ബിഎഎ1സി പരിശോധന നടത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് കുറയ്ക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നയന്ത്രിക്കാൻ ഇത്തരം സ്ഥിരമായ പരിശോധനകൾ ആവശ്യമാണ്.

യാതൊരു പ്രകോപനവുമില്ലാതെ കാലുകളിൽ കുത്തുന്നതു പോലെയോ ചൊറിച്ചിലോ തോന്നാം. അമിതമായ ഈ സംവേദനക്ഷമതയെ ഹൈപ്പർസ്‌തേഷ്യ എന്ന് വിളിക്കുന്നു. എന്നിരുന്നാലും കാലക്രമേണ ഞരമ്പുകൾ ദുർബലമാകുകയും അസ്വസ്ഥതകളുടെ അളവ് കുറയുകയും ചെയ്യും. പാദങ്ങളുടെ സംവേദനക്ഷമത പൂർണമായും നശിക്കുന്നതാണിത്. പ്രാഥമിക ഘട്ടത്തിലെ അസ്വസ്ഥതയെ മരവിപ്പാക്കി മാറ്റുന്നതായി തോന്നും. പിന്നീടുള്ള ഘട്ടം അപകടം പിടിച്ചതാണ്. അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അങ്ങനെ പ്രമേഹം മൂലം കാലിലെ പ്രശനങ്ങൾക്ക് തുടക്കമാകുന്നു. നടക്കുമ്പോൾ പേശികളിലെ ബലക്കുറവ്, പാദരക്ഷകൾ ഊരിപോകുക, കാലിലെ രോമം കുറയുക, വിയർക്കൽ കുറഞ്ഞ് കാല് വരളുക തുടങ്ങിയവയെല്ലാം മുൻകൂട്ടിയുള്ള ലക്ഷണങ്ങളാണ്. ഞരമ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്റെ ലക്ഷണമാണ് വിയർക്കൽ. പതിവിലും കുറവാണ് വിയർപ്പെങ്കിൽ ഞരമ്പിലെ കുഴപ്പത്തിന്റെ സൂചനയാണ്. പാദം വേദന കൊണ്ട് അധിക ദൂരം നടക്കാനാകാത്തതും പെരിഫറൽ വാസ്‌കുലർ രോഗത്തിന്റെ ലക്ഷണമാണ്. ഇത്തരം സാഹചര്യത്തിൽ

പാദത്തിലേക്കുള്ള രക്തത്തിന്റെ സഞ്ചാരം കുറയുന്നു. ആവശ്യത്തിന് രക്തം ലഭിക്കാത്തത് കോശങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണത്തിന്റെ അളവ് കുറയ്ക്കുകയും പേശി വേദനയ്ക്കു കാരണമാകുകയും ചെയ്യും. നടത്തത്തിനിടെ ഇടയ്ക്ക് നിൽക്കുന്നത് ഓക്‌സിജൻ ലഭ്യമാക്കുന്നതിനും പേശികളിലെ വേദന കുറയുന്നതിനും വഴിയൊരുക്കും. എന്നാൽ ഇത് ഒരു പരിഹാരമല്ല, ഏതാനും നിമിഷം കഴിഞ്ഞാൽ വേദന പിന്നെയും വരും. ഇതിനെ ഇന്റർമിറ്റന്റ് ക്ലോഡിക്കേഷൻ (ഇടിവിട്ടുള്ള വേദന) എന്ന് വിളിക്കും. 

 

പെരിഫറൽ വാസ്‌കുലർ രോഗത്തിന് പ്രമേഹം മാത്രമല്ല കാരണക്കാരൻ. പുകവലിക്കും നിർണായക പങ്കുണ്ട്. പുകവലിയുള്ള പ്രമേഹ രോഗികൾ പെട്ടെന്ന് ഈ അവസ്ഥയിലേക്ക് എത്തിപ്പെടും. പ്രമേഹം കൊണ്ടുണ്ടാകുന്ന പാദത്തിലെ അൾസറിനും അണുബാധയ്ക്കുമുള്ള അടിസ്ഥാന ചികിൽസ ആന്റിബയോട്ടിക്കുകൾ, സർജറി തുടങ്ങിയവയാണ്. ആൻജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും പോലുള്ള ആധുനിക രീതികളും കാലിലേക്കുള്ള രക്തയോട്ടം ശരിയാക്കാൻ ഉപയോഗിക്കാറുണ്ട്. വാക്വം തെറാപ്പി, ഹൈപ്പർ

ബാരിക് ഓക്‌സിജൻ തെറാപ്പി, സ്‌കിൻ ഗ്രാഫ്റ്റിങ്, വിവിധ ഡ്രെസിങ് മാർഗങ്ങൾ തുടങ്ങിയവയും കാലിലെ വ്രണങ്ങളുടെ ചികിൽസയ്ക്കായി ഉപയോഗിക്കുന്നു. ആന്റിബയോട്ടിക്ക് ബീഡ് തെറാപ്പിയിൽ ആന്റിബയോട്ടിക്ക് ബീഡുകൾ മുറിവിൽ വയ്ക്കുന്നു. ഇത് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കിന്റെ അളവ് കുറയ്ക്കും. അതുവഴി ചികിൽസാ ചെലവും കുറയും.

 

(കൊച്ചി അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിസ് വിഭാഗം മേധാവിയാണ് ലേഖകൻ)

Content Summary: Diabetic Foot: Causes,  Symptoms,Treatment and prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com