ADVERTISEMENT

ലോകകപ്പ് ഫുട്ബോൾ കാലമാണ്. ഫുട്ബോൾ മത്സരങ്ങൾ പുലർച്ചെ വരെ ഉറക്കമൊഴിച്ചു ടിവിയിലോ മറ്റു ഡിജിറ്റൽ സ്ക്രീനുകളിലോ കാണുന്നവരാണു ഭൂരിഭാഗവും. പിന്നീടു രാവിലെ എണീറ്റു ജോലിക്കു പോകണം. ഇതോടെ പലരുടെയും ഉറക്കം കുറഞ്ഞു. ഉറക്കക്കുറവ് ഏറെ പ്രതികൂലമായി ബാധിക്കുന്ന അവയവമാണ് കണ്ണുകൾ.

ടിവിയോ, മറ്റു ഡിജിറ്റൽ സ്ക്രീനുകളോ ഏറെ നേരം നോക്കിയിരുന്നാൽ കണ്ണുകൾക്കു ബുദ്ധിമുട്ടുണ്ടാകും. ‘ഡിജിറ്റൽ ഐ സ്ട്രെയിൻ’ എന്നു നേത്രരോഗ വിദഗ്ധർ വിളിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഒട്ടേറെ പേർ നേരിടുന്നുണ്ട്. കണ്ണുകൾക്കു കഴപ്പ്, ചെറിയ തലവേദന, കാഴ്ചയ്ക്കു ചെറിയ മങ്ങൽ, കണ്ണുകൾക്കു ചൊറിച്ചിൽ, ചെറിയ തോതിൽ വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടാകാറുണ്ട്.

രാത്രിയിൽ ടിവിയോ, കംപ്യൂട്ടർ പോലുള്ള മറ്റു ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കുന്ന മുറിയിൽ ശരിയായ വെളിച്ചം ഉറപ്പാക്കണം. തിയറ്ററിലേതു പോലുള്ള അനുഭവം കിട്ടാൻ വേണ്ടി മുറിയിൽ വെളിച്ചം ഒഴിവാക്കുകയാണെങ്കിൽ അതു കണ്ണിനു പ്രശ്നമാണ്. ടിവിയുടെയോ, ഡിജിറ്റൽ‌ സ്ക്രീനുകളുടെയോ ‘ബ്രൈറ്റ്നെസ്’ കണ്ണുകൾക്ക് അനുയോജ്യമായ രീതിയിലേക്കു മാറ്റിവയ്ക്കണം. ഡിജിറ്റൽ സ്ക്രീനുകൾ ‘ഐ പ്രൊട്ടക്‌ഷൻ മോഡിൽ’ ക്രമീകരിക്കുന്നതാണു നല്ലത്.

കണ്ണിനു സമാന്തരമായി തന്നെ ഇത്തരം സ്ക്രീനുകൾ ക്രമീകരിക്കണം. ഉയരത്തിലോ, താഴ്ന്നോ ആണു സ്ക്രീനുകൾ ഇരിക്കുന്നതെങ്കിൽ കണ്ണിനു ബുദ്ധിമുട്ടാണ്. സ്ക്രീനുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കരുത്. കണ്ണുകൾക്കു നനവ് കൊടുക്കുന്നതു കണ്ണുനീരാണ്. ഇമവെട്ടുമ്പോഴാണ് ഈ നനവ് കണ്ണുകളിലേക്കു മുഴുവൻ വ്യാപിക്കുന്നത്. ഇമവെട്ടുന്നതു കുറയുമ്പോൾ കണ്ണുകളിൽ നനവ് കുറയും.

കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കിൽ ശരിയായി ഉറങ്ങണം. സ്ഥിരമായി ഉറക്കമൊഴിക്കുന്നതു നല്ലതല്ല. കളി കാണാനായി ഉറക്കമൊഴിക്കുമ്പോൾ മറ്റേതെങ്കിലും സമയത്തു കുറച്ചു നേരം ഉറങ്ങി അതു ക്രമപ്പെടുത്തണം. ഉറക്കം നഷ്ടപ്പെടുന്നതു കൂടുകയാണെങ്കിൽ കണ്ണുകൾക്കു ചുറ്റും കറുത്ത നിറം വരാനുള്ള സാധ്യത കൂടുതലാണ്. കണ്ണുകളുടെ ഞരമ്പുകളെയും ഉറക്കക്കുറവ് പ്രതികൂലമായി ബാധിക്കും.

കണ്ണട ഉപയോഗിക്കുന്നയാളാണെങ്കിൽ ടിവിയോ ഡിജിറ്റൽ സ്ക്രീനോ കാണുമ്പോഴും അത് ഉപയോഗിക്കണം. തുടർച്ചയായ സ്ക്രീൻ ഉപയോഗം മൂലം ഏതെങ്കിലും തരത്തിൽ കണ്ണുകൾക്കു ബുദ്ധിമുട്ടു തോന്നുന്നുവെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിക്കുന്നതാണു നല്ലത്.

 

ചെങ്കണ്ണും വ്യാപകം

മുൻപു പറഞ്ഞ കാര്യങ്ങളുമായി ബന്ധമില്ലെങ്കിലും ചെങ്കണ്ണും ഇപ്പോൾ ആളുകളിൽ വ്യാപകമായി കാണുന്നുണ്ട്. വൈറൽ പനിക്കൊപ്പം പലർക്കും കണ്ണിനും അസുഖം ബാധിക്കുന്നു. വീട്ടിൽ ഒരാൾക്കു വന്നാൽ കുടുംബാംഗങ്ങൾക്കെല്ലാം ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരാൾക്ക് അസുഖം ബാധിച്ചാൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക. 

കയ്യുപയോഗിച്ച് ഒരിക്കലും കണ്ണ് തൊടരുത്. രോഗബാധിതനായ ആളുകളുടെ വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്.  കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.

 

(വിവരങ്ങൾ: ഡോ. ഇന്ദു ബി. നാരായണൻ, ഒഫ്താൽമോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി)

Content Summary: Digital eye strain: Need care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com