ADVERTISEMENT

മൂത്രാശയത്തിലെ അണുബാധ ഇന്ന് പതിവുപ്രശ്നമായി മാറിയിരിക്കുന്നു. ഈ അവസ്ഥയിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതു മൂത്രനാളിയിലും മൂത്രസഞ്ചിയിലും മാത്രമായി പരിമിതപ്പെട്ടു നിൽക്കുന്ന അത്ര സാരമല്ലാത്ത പ്രശ്നമാണെന്നാണ് (Lower UTI) മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ യൂറിനറി ഇൻഫെക്‌ഷൻ വൃക്കളെ ബാധിക്കാം (Upper UTI). മൂത്രാശയത്തിനു ഘടനാപരമായോ പ്രവർത്തനപരമായോ തകരാറുകൾ ഉള്ളവർ എന്നിവരിൽ ഉണ്ടാകുന്ന അണുബാധയാണു കൂടുതൽ സങ്കീർണം.

മൂത്രാശയത്തിലെ അണുബാധ ഉണ്ടാക്കുന്നതു സാധാരണയായി ഇ കോളി എന്ന ബാക്ടീരിയ ആണ്. മനുഷ്യന്റെ കുടലിനുള്ളിൽ കാണുന്ന ഈ ബാക്ടീരിയ മലദ്വാരത്തിനു ചുറ്റും തമ്പടിക്കുകയും അവിടെ നിന്നു മൂത്രനാളിയിലേക്കു വ്യാപിച്ചു യൂറിനറി അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു.

 

സ്ത്രീകളിൽ കൂടുന്നതിനു പിന്നിൽ

സ്ത്രീകളിൽ മൂത്രനാളിയുടെ നീളം വളരെ കുറവായതിനാലും മലദ്വാരവും മൂത്രനാളിയും തമ്മിലുള്ള അകലം കുറവായതുകൊണ്ടും രോഗാണുക്കൾക്ക് എളുപ്പം മൂത്രനാളിയിലെത്തുവാൻ സാധിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും വ്യക്തിശുചിത്വം അണുബാധ തടയുന്നതിന് ഒരളവു വരെ പ്രയോജനകരമാണ്. സ്ത്രീകളിൽ മലശോധനയ്ക്കുശേഷം വൃത്തിയാക്കുന്നതു മുമ്പിൽ നിന്നും പുറകോട്ടാക്കിയാൽ രോഗാണുക്കൾ മൂത്രനാളിയിലേക്ക് എത്താതെ തടയാം. മൂത്രാശയ അണുബാധ ഉണ്ടാകുന്നതിൽ ബാക്ടീരിയയുടെ പ്രവർത്തനശേഷി ശരീരത്തിന്റെ പ്രതിരോധശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കും രോഗബാധ.

 

ആൺകുട്ടികളിലും പുരുഷന്മാരിലും

ആൺകുട്ടികളിലും പുരുഷന്മാരിലും ലിംഗത്തിലെ അഗ്രചർമം പുറകോട്ടു മാറാത്ത അവസ്ഥയിൽ രോഗാണുക്കൾ തൊലിക്കടിയിൽ പെരുകുകയും അവിടെ പഴുപ്പുണ്ടാകുകയും ചെയ്യാം. അതിനാൽ മൂത്രമൊഴിച്ച ശേഷം അഗ്രചർമം പുറകോട്ട് നീക്കി കഴുകി വൃത്തിയാക്കണം.

 

മൂത്രം പോകാൻ യൂറിനറി കത്തീറ്റർ ഇട്ടിട്ടുള്ള രോഗികളിൽ പുറമെ നിന്നു രോഗാണുക്കൾ മൂത്രസഞ്ചിയിലേക്ക് എളുപ്പം പ്രവേശിക്കും. മൂത്രനാളിയിലുള്ള തടസങ്ങളും മൂത്രത്തിലെ അണുബാധയ്ക്കു കാരണമാകും. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥകളിൽ രക്തത്തിലൂടെയും രോഗാണുക്കൾ വൃക്കയെ ബാധിക്കാം. ഇ കോളി അല്ലാതെയുള്ള ബാക്ടീരിയകളാണ് ഇങ്ങനെയുള്ള അണുബാധ ഉണ്ടാക്കുന്നത്.

 

വൃക്കകളെ ബാധിക്കുമ്പോൾ

അണുബാധകൾ പരിഹരിച്ചില്ലെങ്കിൽ വൃക്കകളെ ബാധിക്കുകയും തുടർന്ന് വൃക്കകൾക്കു തകരാറുണ്ടാകാനുമിടയുണ്ട്. ഇതു രോഗിയുടെ പ്രായത്തെയും മൂത്രാശയത്തിലുള്ള മറ്റു തകരാറുകളെയും ആശ്രയിച്ചിരിക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന മൂത്രസഞ്ചിയെ മാത്രം ബാധിക്കുന്ന അണുബാധ വൃക്കകൾക്കു തകരാറുണ്ടാക്കുന്നില്ല. എന്നാൽ, ഇവർക്കു വീണ്ടും അണുബാധ ഉണ്ടാകുവാനുള്ള സാധ്യതയേറെയാണ്. മുതിർന്നവരിൽ കാണുന്ന അത്ര സങ്കീർണമല്ലാത്ത വൃക്കരോഗം ശരിയായ അളവിലുള്ള ആന്റിബയോട്ടിക് ചികിത്സ കൊണ്ടു പൂർണമായി ഭേദപ്പെടും.

 

മൂത്രനാളിക്ക് നേരത്തെ തകരാറൊന്നുമില്ലാത്തവരിൽ ഉണ്ടാകുന്ന അണുബാധ മുതിർന്നവരിൽ സ്ഥിരമായ തകരാറുകൾ ഉണ്ടാക്കാറില്ല. ഇവർക്കുണ്ടാകുന്ന വൃക്കപരാജയംഅണുബാധ നിയന്ത്രണത്തിലാകുന്നതോടെ മിക്കപ്പോഴും ഭേദമാകാറുണ്ട്.

 

പ്രായമേറിയവരിൽ കൂടുതൽ ദോഷം

പ്രായമായവരിൽ ഉണ്ടാകുന്ന യൂറിനറി അണുബാധ കൂടുതലും സങ്കീർണത കൂടിയ ഗണത്തിൽപ്പെടുത്താവുന്നവയാണ്. കാരണം, പ്രായമാകുമ്പോൾ പ്രമേഹം തുടങ്ങി മറ്റു പല അസുഖങ്ങളോടൊപ്പം തന്നെ മൂത്രനാളിയിലും മറ്റും തടസങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്.

 

ദീർഘകാലം പ്രമേഹരോഗമുള്ളവരിൽ വൃക്കകളുടെ പ്രവർത്തനം മറ്റുള്ളവരുടേതിൽ നിന്നു കുറവായിരിക്കും. ഇങ്ങനെയുള്ളവരിലുണ്ടാകുന്ന മൂത്രത്തിലെ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ വീണ്ടും തകരാറിലാക്കുന്നു. വൃക്കകൾക്കുണ്ടാകുന്ന ഗുരുതരമായ അണുബാധ പഴുപ്പുണ്ടാകുന്നതിനും പഴുപ്പു പുറത്തേക്കു വ്യാപിക്കുന്നതിനു ഇടയാകുന്നു. രക്തത്തിലേക്ക് അണുബാധയുണ്ടായി മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും തകരാറിലാക്കാം. 

Content Summary: Can urinary tract infection damage kidneys?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com