ADVERTISEMENT

ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും. 

 

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾ (multi morbidity) അതായത് ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും. 

 

രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കുമെന്നു പഠനം പറയുന്നു. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്‌ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ. 

 

കിടപ്പുമുറി  

ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നല്ലത്. 

 

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപേ സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കുന്നത് നിർത്താം. 

 

അമിതഭക്ഷണം

ഉറങ്ങും മുൻപ് കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം അമിതമായാൽ വയറിന് അസ്വസ്ഥത ഉണ്ടാകുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം. ഇങ്ങനെയായാൽ ഭക്ഷണം ദഹിക്കാനുള്ള സമയം കിട്ടും.

 

വൈറ്റമിൻ ഡി

ശരിയായ ഉറക്കത്തിന് പകൽ സമയം വെയിൽ കൊള്ളുന്നത് ഏറെ നല്ലതാണ്. ഇതുവഴി വൈറ്റമിൻ ഡി ശരീരത്തിനു ലഭിക്കും. ഡിയുടെ അഭാവം ഉറക്ക പ്രശ്നങ്ങൾക്കു കാരണമാകും. 

 

വ്യായാമം

ഉറക്ക സമയം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും പതിവായുള്ള വ്യായാമം സഹായിക്കും. സമ്മർദവും ഉത്കണ്ഠയും അകറ്റാനും വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും. ഇത് നല്ല ഉറക്കം ലഭിക്കാനും കാരണമാകും.

Content Summary: Sleeping less than 5 hours a night? You're at higher risk for multimorbidity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com