തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഈ മാസം മുതല്‍

rare-disease-meeting
SHARE

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി അപൂര്‍വ രോഗങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഈ മാസം മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള രോഗികള്‍ക്കും കുടുംബത്തിനുമുള്ള സംശയ നിവാരണം, സെന്റര്‍ ഓഫ് എക്‌സലന്‍സ് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍, ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഹെല്‍പ്പ് ഡെസ്‌കില്‍ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. എസ്.എ.ടി. ആശുപത്രിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ എവിടെ അപൂര്‍വ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴിയായിരിക്കണം റജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി അതത് ആശുപത്രികളില്‍ ചികിത്സ ലഭിക്കും. ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനമാരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടൊപ്പം എസ്.എ.ടി. ആശുപത്രിയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും ഉയര്‍ത്താനും ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമുള്ള ജനിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കുന്നതാണ്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പിജി കോഴ്‌സ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ എസ്.എ.ടി. ആശുപത്രിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തെ പ്രധാന ആശുപത്രികളുടെ പട്ടികയില്‍ എസ്.എ.ടി.യും ഇടംപിടിച്ചു. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ടിങ്കു ബിസ്വാള്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, റെയര്‍ ഡിസീസസ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ശങ്കര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Summary: Registration for rare diseases at TVPM SAT Hospital

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS