ADVERTISEMENT

മദ്യപാനത്തിന് സുരക്ഷിതമായ അളവ് എന്നൊന്ന് ഇല്ലെന്നും എത്ര കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നതും ഏഴു തരം അര്‍ബുദങ്ങളുടെയെങ്കിലും സാധ്യത വർധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന. നിശ്ചിത അളവിൽ കൂടുതൽ‌ മദ്യം കഴിച്ചാലേ അർബുദമുണ്ടാകൂ എന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലാന്‍സറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടന പറയുന്നു. 

 

2020ല്‍ ആഗോളതലത്തിലുണ്ടായ 7.40 ലക്ഷം അര്‍ബുദ കേസുകൾ‌ക്കു കാരണം മദ്യപാനമാണെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യത്തിനൊപ്പം ആസ്ബെറ്റോസ്, റേഡിയേഷന്‍, പുകയില എന്നിവയെയും അര്‍ബുദ കാരണമാകുന്ന ഗ്രൂപ്പ് 1 കാര്‍സിനോജനുകളായി ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ തരംതിരിച്ചിരിക്കുന്നു. കുടല്‍, സ്തനങ്ങള്‍, അന്നനാളി, കരള്‍, കൊളോറെക്ടല്‍ അര്‍ബുദങ്ങളുമായി മദ്യപാനത്തിന് ബന്ധമുണ്ടെന്നും ഏജന്‍സി പറയുന്നു. 

 

മദ്യം ശരീരത്തിനുള്ളില്‍ വച്ച് വിഘടിക്കുന്ന ജൈവപരമായ സംവിധാനമാണ് അര്‍ബുദത്തിന് കാരണമാകുന്നത്. അതിനാല്‍ മദ്യം അടങ്ങിയ ഏത് പാനീയവും അര്‍ബുദ സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. പരിമിതമായ തോതില്‍ മദ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന മട്ടിലുള്ള ചില പഠനങ്ങള്‍ മറ്റ് ഘടകങ്ങള്‍ പരിഗണിക്കാതെയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് അഡ്വൈസറി കൗണ്‍സില്‍ ഫോര്‍ നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ് റീജനല്‍ ഡയറക്ടര്‍ ജുര്‍ഗെന്‍ റെഹം പറയുന്നു. 

 

അര്‍ബുദമുണ്ടാക്കാനുള്ള മദ്യത്തിന്‍റെ കഴിവിനെക്കുറിച്ച് കാര്യമായ ബോധവൽക്കരണം പല രാജ്യങ്ങളിലും നടക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ റീജനല്‍ ഓഫിസിലെ നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് മാനേജ്മെന്‍റ് യൂണിറ്റ് ഹെഡ് കരീന ഫെറൈറ-ബോര്‍ഗസ് പറയുന്നു. പുകയില ഉൽപന്നങ്ങള്‍ക്ക് സമാനമായി മദ്യക്കുപ്പികളിലും ഇവ അര്‍ബുദകാരണമാകുമെന്ന മുന്നറിയിപ്പ് ആവശ്യമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Content Summary : Cancer risk starts from first drop of alcohol, there is no safe limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com