ADVERTISEMENT

പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (Nonalcoholic Fatty Liver) രോഗത്തിലേക്കു നയിക്കുമെന്ന് പഠനം. തങ്ങളുടെ പ്രതിദിന കലോറി ആവശ്യത്തിന്‍റെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിന്‍റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ലൊസാഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ കെക് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

 

അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരും തങ്ങളുടെ ഭക്ഷണത്തിന്‍റെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാല്‍ കരളിലെ കൊഴുപ്പ് മിതമായ തോതില്‍ ഉയരുമെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യമുള്ള കരളില്‍ സാധാരണ 5 ശതമാനത്തിന് താഴെയാണ് കൊഴുപ്പ് കാണാറുള്ളത്. കൊഴുപ്പിന്‍റെ തോത് ചെറുതായി വർധിച്ചാല്‍ പോലും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അനി കര്‍ദാഷിയന്‍ ചൂണ്ടിക്കാട്ടി. 

 

ദിവസത്തില്‍ ഒരു തവണ ഫാസ്റ്റ് ഫുഡ് ഭക്ഷണം പ്രശ്നമല്ലെന്നു കരുതുന്നവരാണ് പലരും. എന്നാല്‍ ഇത് അവരുടെ പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കില്‍ കരള്‍ അപകടത്തിലാണെന്നു കരുതണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ 2017-18ലെ നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് കര്‍ദാഷിയനും സംഘവും ഗവേഷണം നടത്തിയത്. പീ‌ത്‌സ, ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള ഭക്ഷണവിഭവങ്ങള്‍ ഫാസ്റ്റ് ഫുഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണ്. ഇതില്‍ 29 ശതമാനമാണ് തങ്ങളുടെ പ്രതിദിന കലോറിയുടെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്നത്. ഈ 29 ശതമാനത്തിന്‍റെ കരളിലെ കൊഴുപ്പിന്‍റെ തോതിലാണ് വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഫാസ്റ്റ് ഫുഡ് ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഡോ. അനി കര്‍ദാഷിയന്‍ പറയുന്നു. കോവിഡ് സമയത്തും ഫാസ്റ്റ് ഫുഡ് ഉപയോഗം കാര്യമായി വർധിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളെ കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കേണ്ട ആവശ്യകതയ്ക്കും ഗവേഷണ റിപ്പോര്‍ട്ട് അടിവരയിടുന്നു.  

 

Content Summary : Consumption of fast food linked to potentially deadly liver disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com