ADVERTISEMENT

പ്രമേഹത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണക്കാരില്‍ പ്രമേഹം ഉണ്ടാകുന്നതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. പ്രമേഹം നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ വഴിയൊരുക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 

 

രക്തത്തിലെ ഇന്‍സുലിന്‍ തോതിന്‍റെ വര്‍ധന പ്രമേഹത്തിന്‍റെ മുന്നറിയിപ്പായിട്ടാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന ഇന്‍സുലിന്‍ തോത് ഉള്ളവരില്‍ ഭക്ഷണത്തില്‍ നിന്ന് സുപ്രധാനമായ ഒരു ഫാറ്റി ആസിഡിനെ സംസ്കരിക്കുന്ന എന്‍സൈമിന്‍റെ അഭാവം നിരീക്ഷിക്കപ്പെട്ടതായി ഗവേഷകര്‍ പറയുന്നു. ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ഒരു വ്യക്തിക്ക് ശരീരത്തില്‍ അമിതമായി കൊഴുപ്പ് ഉണ്ടാകുമ്പോൾ  ഇത് പാന്‍ക്രിയാസിലെ ബീറ്റ കോശങ്ങളെ ഉദ്ദീപിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉൽപാദനത്തിന് കാരണമാകും. ഇന്‍സുലിന്‍ തോത് ഉയരുന്നതോടെ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം വളരും. ഒടുക്കം ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റ കോശങ്ങള്‍ നശിക്കുകയും പ്രമേഹരോഗമുണ്ടാകുകയും ചെയ്യും. 

 

ഇന്‍സുലിന്‍റെ ഈ അമിത ഉൽപാദനം 'പാല്‍മിറ്റോയ്ലേഷന്‍' എന്ന പ്രക്രിയ മൂലമാണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കോശങ്ങള്‍ ഫാറ്റി ആസിഡ് പാല്‍മിറ്റേറ്റിനെ പ്രോട്ടീനുമായി ഘടിപ്പിക്കുന്ന പ്രക്രിയയാണ് പാല്‍മിറ്റോയ്ലേഷന്‍. ബീറ്റ കോശങ്ങളിലെ പ്രോട്ടീനില്‍ നിന്ന് ഈ ഫാറ്റി ആസിഡ് നീക്കം ചെയ്യാതിരിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന് സഹായിക്കുന്ന എപിടി1 എന്ന എന്‍സൈമിന്‍റെ അഭാവം പ്രമേഹരോഗികളില്‍ നിരീക്ഷിക്കപ്പെട്ടതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

ജനിതക എന്‍ജിനീയറിങ്ങിലൂടെ എപിടി1 എന്‍സൈമില്ലാത്ത എലികളെ ലാബില്‍ ഗവേഷക സംഘം വികസിപ്പിച്ചെടുത്തു. ഈ എലികള്‍ക്ക് പിന്നീട് പ്രമേഹം നിര്‍ണയിക്കപ്പെട്ടു. സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡ്രഗ് ഡിസ്കവറിയുടെ സഹായത്തോടെ എപിടി1 എന്‍സൈമിന്‍റെ പ്രവര്‍ത്തം ഉത്തേജിപ്പിക്കുന്ന ചില സംയുക്തങ്ങളും ഗവേഷകര്‍ കണ്ടെത്തി. ഇത് പ്രമേഹ ചികിത്സയില്‍ വഴിത്തിരിവാകുമെന്ന് ഗവേഷകര്‍ കരുതുന്നു.  

 

പ്രമേഹ നിയന്ത്രണത്തിന്‍റെ പല വഴികളില്‍ ഒന്ന് മാത്രമാണ് ഈ കണ്ടെത്തലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ക്ലേ എഫ്. സെമെന്‍കോവിച്ച് അഭിപ്രായപ്പെട്ടു. ടൈപ്പ് 2 പ്രമേഹം വികസിക്കുന്നതിന് പല മാര്‍ഗങ്ങളുണ്ട് എന്നതിനാല്‍ ഈ എന്‍സൈം എല്ലാത്തിനുമുള്ള ഉത്തരമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം പ്രീഡയബറ്റീസ് ഘട്ടത്തില്‍ നിന്ന് പ്രമേഹത്തിലേക്ക് എത്താതെ ചിലരെ രക്ഷിച്ചെടുക്കാന്‍ ഈ കണ്ടെത്തലിലൂടെ സാധിച്ചേക്കാമെന്ന് സെമെന്‍കോവിച്ച് വിശ്വാസം പ്രകടിപ്പിച്ചു.

Content Summary: Study finds how obesity triggers diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com