ADVERTISEMENT

ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക്  വഹിക്കുന്ന പ്രധാനപ്പെട്ട അവയവമാണ് കരള്‍. രക്തത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യുക, ദഹനപ്രക്രിയയെ സഹായിക്കുക എന്നിങ്ങനെ പല കാര്യങ്ങളും സുഗമമായി നടക്കാന്‍ കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. കരളിന്‍റെ വലുപ്പത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം ഈ അവയവത്തെ മാത്രമല്ല ശരീരത്തിന്‍റെ ആകമാനമുള്ള പ്രവര്‍ത്തനത്തെയും താളം തെറ്റിക്കും. ഹെപ്പറ്റോമെഗലി എന്നാണ് കരള്‍ വീര്‍ക്കുന്ന ഗുരതരമായ ആരോഗ്യാവസ്ഥയ്ക്ക് പറയുന്ന പേര്. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാകാം. 

 

1. അമിതമായ മദ്യപാനം

2. ഹൃദയത്തിന് രക്തം പമ്പ്  ചെയ്യാന്‍ കഴിയാതെ സ്തംഭിക്കുന്ന അവസ്ഥ

3.കരള്‍ അര്‍ബുദം അല്ലെങ്കില്‍ മറ്റിടങ്ങളില്‍ ആരംഭിച്ച് കരളിലേക്ക് പടരുന്ന അര്‍ബുദം

4. ഗ്ലൈക്കോജന്‍ സ്റ്റോറേജ് ഡിസീസ് പോലുള്ള ജനിതകമായി കൈമാറ്റം ചെയ്യുന്ന രോഗങ്ങള്‍

5. കരളിലെ കോശങ്ങളില്‍ അമിതമായി അയണ്‍ അടിയുന്ന ഹെമോക്രോമാറ്റോസിസ്

6. ടോക്സിക് ഹെപ്പറ്റൈറ്റിസ്

7. വൈറല്‍ ഹെപ്പറ്റൈറ്റിസ്

8. ഫാറ്റി ലിവര്‍ രോഗം

9. എപ്സ്റ്റീന്‍-ബാര്‍ വൈറസ് മൂലമുണ്ടാകുന്ന മോണോന്യൂക്ലിയോസിസ്

 

ഹ്രസ്വകാലത്തേക്ക് വരുന്നതും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതുമായ അക്യൂട്ട്, കരളിനെ പതിയെ പതിയെ നശിപ്പിക്കുന്ന ക്രോണിക് എന്നിങ്ങനെ രണ്ട് തരത്തില്‍ കരള്‍ വീക്കം സംഭവിക്കാം. കൃത്യസമയത്തെ രോഗനിര്‍ണയവും ചികിത്സയും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമാണ്. ചികിത്സിക്കാതിരിക്കുന്നത് ഹൃദയ സ്തംഭനം, അര്‍ബുദം തുടങ്ങിയ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കാം. 

 

ഗ്യാസ്, വയര്‍ നിറഞ്ഞ തോന്നല്‍, അടിവയറ്റിന് മുകളില്‍ വലത് ഭാഗത്ത് കരളിന്‍റെ സ്ഥാനത്ത് വേദന, അത്യധികമായ ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, മനംമറിച്ചില്‍, മഞ്ഞപ്പിത്തം, ചര്‍മത്തിന്‍റെയും കണ്ണുകളുടെയും നിറം മാറ്റം, മൂത്രത്തിന് കടുത്ത നിറം, ചൊറിച്ചില്‍, പ്ലീഹയിലെ വീക്കം എന്നിവയെല്ലാം കരള്‍ അപകടത്തിലാണെന്നതിന്‍റെ ലക്ഷണങ്ങളാണ്. മദ്യപാനം ഒഴിവാക്കുന്നതും ശരീരഭാരം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തോത്, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിച്ച് നിര്‍ത്തുന്നതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതും നിത്യവും വ്യായാമം ചെയ്യുന്നതും കരള്‍ വീക്കത്തെ ചികിത്സിക്കാനും കരളിന്‍റെ വലുപ്പം പഴയപടിയാക്കാനും സഹായിക്കും.

content Summary: What Causes Sudden Liver Enlargement?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com