എപ്പോഴും വിഷാദമഗ്നരായിരിക്കുന്ന യുവാക്കൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ജോൺ ഹോപ്കിൻസ്‍ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. 18 നും 49 നും ഇടയിലുള്ള അഞ്ച് ലക്ഷത്തോളം പേരിലാണ് പഠനം നടത്തിയത്.
വിഷാദമോ സമ്മർദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദവും ഉയരുമെന്ന് ഗവേഷകർ പറയുന്നു. വിഷാദമഗ്നനായ അവസ്ഥ പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, അലസത തുടങ്ങിയ ജീവിതശൈലിയിലേക്കും നയിക്കാം. ഇവയെല്ലാം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജോൺ ഹോപ്കിൻസിലെ അസോഷ്യേറ്റ് പ്രഫസർ ഗരിമ ശർമ ചൂണ്ടിക്കാട്ടി.
2017 നും 2020 നും ഇടയിലുള്ള കാലയളവിലാണ് പഠനം നടന്നത്. ഒരു മാസത്തിൽ 13 ദിവസത്തിലധികം മോശം മാനസികാരോഗ്യ സ്ഥിതിയാണ് തങ്ങളെന്ന് അഭിപ്രായപ്പെട്ടവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഒന്നരമടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു. 14 ദിവസത്തിലധികം മോശം മാനസികാരോഗ്യ സ്ഥിതിയിൽ തുടർന്നവർക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണ്.
വിഷാദവും ഹൃദ്രോഗവും പരസ്പര പൂരകങ്ങളായ രോഗങ്ങളാണെന്നും ഗവേഷകർ അടിവരയിടുന്നു. വിഷാദം ഹൃദ്രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നതു പോലെതന്നെ ഹൃദ്രോഗികൾക്ക് വിഷാദമുണ്ടാകാനും സാധ്യതയുണ്ട്. യുവാക്കൾ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും ഗവേഷണ റിപ്പോർട്ട് നിർദേശിക്കുന്നു.
Content Summary: Young adults who feel depressed are more likely to have poor heart health