ശ്വാസകോശത്തിനു മാത്രമല്ല തലച്ചോറിനും പുകവലി ഹാനികരം

cigarette-smoking-6
ചിത്രം: Reuters/Adnan Abidi
SHARE

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതേ അളവിൽ തലച്ചോറിനും പുകവലി ദോഷം ചെയ്യും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെ പുകവലി എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്നു നോക്കാം. 

തലച്ചോറിന്റെ വ്യാപ്തം കുറയുന്നു

തലച്ചോറിന്റെ വലുപ്പവും വ്യാപ്തവും വർധിച്ച ബുദ്ധിശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പുകവലിക്കുമ്പോൾ തലച്ചോറിന്റെ സബ്കോർട്ടിക്കൽ ഭാഗത്ത് അത് നേരിട്ട് ബാധിക്കുന്നു. തലച്ചോറിന്റെ ഈ ഭാഗത്തിന് വികാരം, ഓർമശക്തി, സന്തോഷം, ഹോർമോണ്‍ ഉൽപാദനം എന്നിവയെല്ലാമായി ബന്ധമുണ്ട്. പുകവലിക്കുന്നവരിൽ തലച്ചോറിന്റെ വ്യാപ്തി കുറഞ്ഞു വരാനുള്ള സാധ്യത അധികമാണ്. 

മറവിരോഗത്തിനു കാരണം

പുകവലി മറവിരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. പുകവലിക്കുന്ന എല്ലാവർക്കും മറവിരോഗം (dementia) വരണമെന്നില്ല. എന്നാൽ നിക്കോട്ടിന്റെ ഉപയോഗം കുറച്ചാൽ മറവിരോഗത്തിനുള്ള സാധ്യതയും കുറയ്ക്കാം. 

പക്ഷാഘാതം

പുകവലി, പക്ഷാഘാതം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ പുകയിലയുടെ അപടങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് 20 സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത ആറിരട്ടി ആണ്. പുകയിലപ്പുകയില്‍ ആയിരക്കണക്കിന് അപകടകാരികളായ രാസവസ്തുക്കൾ ഉണ്ട്. ഇവ ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് കലരും. ഈ രാസവസ്തുക്കൾ കോശങ്ങളെ നശിപ്പിക്കും. ഇത് രക്തചംക്രമണവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും പക്ഷാഘാതം (stroke) വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. 

ബൗദ്ധികനാശം

പുകവലി എങ്ങനെ ബൗദ്ധികമായ ഇടിവിന് കാരണമാകും എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. അതിൽ ആദ്യത്തേത് പുകവലി, തലച്ചോറിന്റെ പ്രായമാകൽ (brain ageing) നേരത്തെയാക്കും എന്നതാണ്. ഇത് ഓക്സീകരണസമ്മർദം കൂടി അൽസ്ഹൈമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടും. കൂടാതെ ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ്2 പ്രമേഹം ഇവയെല്ലാം വർധിച്ച മറവിരോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കമില്ലായ്മ, മറ്റ് ഉറക്കപ്രശ്നങ്ങൾ ഇവയ്ക്കെല്ലാം ഉള്ള സാധ്യതയ്ക്കും പുകവലി കാരണമാകുന്നു. ഈ അവസ്ഥകളെല്ലാം മറവി രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. 

തലച്ചോറിലെ കാൻസർ

പുകവലി ശ്വാസകോശാർബുദത്തിനു കാരണമാകുമെന്ന് പലർക്കും അറിയാം. എന്നാൽ ബ്രെയ്ൻ കാൻസറിനും പുകവലി കാരണമാകും എന്ന് ഗവേഷകർ. വേക്ക് ഫോറസ്റ്റ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. ശ്വാസകോശ അർബുദ കോശങ്ങൾ തലച്ചോറിലേക്ക് പകരുന്നതിന് നിക്കോട്ടിൻ കാരണമാകുന്നു. 281 ശ്വാസകോശാർബുദരോഗികളിലാണ് പഠനം നടത്തിയത്. പുകവലിക്കാരിൽ ബ്രെയ്ൻ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു.

Content Summary: Not Just Your Lungs, Smoking May Not Just Be Harmful To Brain As Well

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS