ഒറ്റയ്ക്കിരിക്കരുത്, ആരോടും മിണ്ടാതെയുമിരിക്കരുത്; രണ്ടും ഹൃദയത്തിന് ഭീഷണിയാകുമെന്ന് പഠനറിപ്പോർട്ട്

sudden cardiac arrest
SHARE

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഹൃദയസ്തംഭനവുമായി അവയ്ക്കുള്ള  ബന്ധത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. ഹൃദയസ്തംഭനത്തിന്റെ ഉയർന്ന നിരക്ക്  സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് JACC-യിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനറിപ്പോർട്ടിൽ പറയുന്നത്. ഒരു വ്യക്തി യഥാർഥത്തിൽ തനിച്ചാണോ അല്ലയോ എന്നതല്ല മറിച്ച്  അയാൾ  ഏകാന്തത അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് അപകടസാധ്യത നിർണയിക്കുന്നത്. 

സാമൂഹികമായ ഒറ്റപ്പെടലുകളെ രണ്ട് വ്യത്യസ്തവും  എന്നാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ ഘടകങ്ങളായി തരംതിരിക്കാം. വസ്തുനിഷ്ഠമായി പറഞ്ഞാൽ ‘സോഷ്യൽ ഐസൊലേഷൻ’ എന്നത് ഒറ്റയ്ക്കാകുന്നതോ അല്ലെങ്കിൽ അപൂർവമായ സാമൂഹിക ബന്ധങ്ങൾ ഉള്ളതോ ആണ്, അതേസമയം ‘ഏകാന്തത’ ഒരാളുടെ യഥാർഥ സാമൂഹിക ഇടപെടലിന്റെ നിലവാരം അവർ ആഗ്രഹിക്കുന്നതിലും കുറവായിരിക്കുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ വികാരമായാണ്  നിർവചിക്കപ്പെടുന്നത്. 

പഠനത്തിനായി  യുകെ ബയോബാങ്ക് പഠനത്തിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. മധ്യവയസ്കരും പ്രായമായവരുമായ 400,000-ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങൾ വിലയിരുത്തുകയും ചെയ്തു.   സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും വിലയിരുത്തുന്നതിൽ വ്യത്യസ്ത അളവുകൾ ഉപയോഗിച്ചിരുന്നതിനാൽ മുമ്പത്തെ പഠനങ്ങൾ അനിശ്ചിതത്വത്തിലായിരുന്നതായി ചൈനയിലെ ഗ്വാങ്‌ഷൂവിലെ ഗ്വാങ്‌ഷോ മെഡിക്കൽ സർവകലാശാലയിലെ ഗവേഷകനും പഠനസംഘത്തിലെ സീനിയറുമായ ജിഹുയി ഷാങ് പറഞ്ഞു. 

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം  ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതൽ 20% വരെ വർധിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നിരുന്നാലും, സാമൂഹിക ഒറ്റപ്പെടൽ  ഏകാന്തത ഉണ്ടാക്കുന്നു എങ്കിൽ മാത്രമേ അപകടകരമാകൂ എന്നും ഗവേഷകർ വിലയിരുത്തി.   മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെടുകയും ഏകാന്തത അനുഭവിക്കുകയും ചെയ്താൽ, ഏകാന്തതയാണ് കൂടുതൽ പ്രധാനം. അതായത്  വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെഏകാന്തത അപകടസാധ്യത വർധിപ്പിക്കും. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നു, പുകയില ഉപയോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപരമായ പെരുമാറ്റങ്ങളുമായും അവസ്ഥകളുമായും ഇത്  ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

ആളുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോഴും  മറ്റുള്ളവരുമായി ഇടപഴകുമ്പോഴും  ഏകാന്തത അനുഭവിക്കുന്നു എന്നതാകും ഈ കണ്ടെത്തലുകളുടെ പിന്നിലെന്ന്  ഷാങ് പറഞ്ഞു. വസ്തുനിഷ്ഠമായ സാമൂഹിക ഒറ്റപ്പെടലിനേക്കാൾ ആത്മനിഷ്ഠമായ ഏകാന്തതയുടെ ആഘാതം വളരെ പ്രധാനമാണെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഏകാന്തത നിലനിൽക്കുമ്പോൾ, സാമൂഹിക ഒറ്റപ്പെടലിന് ഹൃദയസ്തംഭനത്തിൽ  വലിയ പ്രാധാന്യമില്ലെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഏകാന്തത സാമൂഹ്യമായ ഒറ്റപ്പെടലിനേക്കാൾ ശക്തമായ മാനസിക പിരിമുറുക്കം ഉണ്ടാക്കാമെന്നും ശത്രുതയുള്ളവരോ സമ്മർദ്ദപൂരിതമായ സാമൂഹിക ബന്ധങ്ങളുള്ളവരോ ആയ വ്യക്തികളിൽ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകർ പറയുന്നു.

സാധാരണ ക്ലിനിക്കൽ പരിചരണത്തിൽ സാമൂഹിക ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമാകുന്ന ഫലപ്രദമായ നടപടികളുടെ ആവശ്യകത പഠനസംഘം ചൂണ്ടിക്കാണിക്കുന്നു.  കൂടുതൽ സാമൂഹിക പിന്തുണ നൽകുന്നതിനുള്ള വിശാലമായ മുന്നേറ്റമുണ്ടാകണം. ഏകാന്തത അനുഭവിക്കുന്ന  വ്യക്തികൾക്ക് തങ്ങൾ കൂടുതൽ ശ്രദ്ധ നൽകുമെന്നും ഏകാന്തതയില്ലാത്തവരുടെ സാമൂഹിക  ഒറ്റപ്പെടൽ പരിശോധിക്കുമെന്നും  ജിഹുയി ഷാങ് പറഞ്ഞു. കോവിഡ്–19 മഹാമാരി സാമൂഹികമായ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ആഘാതം ഉയർത്തിക്കാട്ടുന്നതിനാൽ ഈ കണ്ടെത്തലുകൾ പ്രത്യേകിച്ചും പ്രസക്തമാണെന്നും  അദ്ദേഹം ഓർമിപ്പിക്കുന്നു.

ഭാവിയിലെ പഠനങ്ങൾക്കായി, ടൈപ്പ് 2 പ്രമേഹമുള്ള രോഗികൾ ഉൾപ്പെടെ ദുർബലരായ ജനസംഖ്യയിലെ പ്രധാന ആരോഗ്യഫലങ്ങളിൽ സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ആഘാതം അന്വേഷിക്കാൻ ഗവേഷകർ പദ്ധതിയിടുന്നുണ്ട്. കൂടാതെ സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഹൃദയധമനികളെ ബാധിക്കുന്ന സംവിധാനങ്ങൾ നന്നായി മനസ്സിലാക്കാൻ പരീക്ഷണാത്മക പഠനങ്ങൾ നടത്താനും സംഘം തയാറെടുക്കുകയാണ്.   

Content Summary: Social Isolation and Loneliness Linked to Risk of Cardio Vascular Diseases

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS