ADVERTISEMENT

പ്രായമാകുമ്പോൾ  നല്ലൊരു ശതമാനം പേരെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ഇതിന് പരിഹാരമായി പലരും ലാക്സേറ്റീവ് മരുന്നുകളെയും ആശ്രയിക്കാറുണ്ട്. എന്നാല്‍ നിത്യവുമുള്ള ഈ ലാക്സേറ്റീവ് ഉപയോഗം മറവിരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വയറിലെ സൂക്ഷ്മജീവികളുടെ സംവിധാനത്തെ സ്വാധീനിക്കുന്ന ലാക്സേറ്റീവുകള്‍ പ്രതിരോധ പ്രതികരണത്തിലും ദീര്‍ഘകാല മാറ്റം ഉണ്ടാക്കാമെന്ന് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി.  

 

ലാക്സേറ്റീവുകളുടെ ഉപയോഗം ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന വിഷവസ്തുക്കളുടെ ഉൽപാദനം വര്‍ധിപ്പിക്കുമെന്നും നാഡീകോശങ്ങളുടെ നാശത്തിന് കാരണമാകുമെന്നും മറവിരോഗത്തിന് കാരണമായ അമിലോയ്ഡ് പ്രോട്ടീന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. യുകെ ബയോബാങ്കില്‍ നിന്നും 56.5 വയസ്സ് ശരാശരി പ്രായമുള്ള 5,02,229 പേരുടെ ആരോഗ്യവിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ 54.4 ശതമാനം പേര്‍ സ്ത്രീകളായിരുന്നു. 3.6 ശതമാനം പേര്‍ തങ്ങള്‍ നിത്യേനയെന്നോണം ലാക്സേറ്റീവുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രേഖപ്പെടുത്തി. 9 വര്‍ഷവും എട്ട് മാസങ്ങള്‍ക്കും ശേഷം നടത്തിയ തുടര്‍നിരീക്ഷണത്തില്‍ ലാക്സേറ്റീവ് ഉപയോഗിച്ചവരില്‍ 1.3 ശതമാനത്തിനും ഉപയോഗിക്കാത്തവരില്‍ 0.4 ശതമാനത്തിനും മറവിരോഗം വന്നതായി നിരീക്ഷിച്ചു. മറ്റ് ജനസംഖ്യാപരമായ ഘടകങ്ങളെയെല്ലാം പരിഗണിച്ച ശേഷം ലാക്സേറ്റീവ് ഉപയോഗം ഡിമന്‍ഷ്യ സാധ്യത 51 ശതമാനവും വാസ്കുലാര്‍ ഡിമന്‍ഷ്യ സാധ്യത 65 ശതമാനവും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി.   

 

പലതരം ലാക്സേറ്റീവുകള്‍ ഉപയോഗിക്കുന്നവരില്‍ മറവിരോഗ സാധ്യത അധികരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഒരേ തരം ലാക്സേറ്റീവ് ഉപയോഗിക്കുന്നവരില്‍ മറവിരോഗ സാധ്യത 28 ശതമാനം വര്‍ധിച്ചപ്പോള്‍ രണ്ടോ അതിലധികമോ തരം ലാക്സേറ്റീവുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത് 90 ശതമാനത്തിന് മുകളിലായിരുന്നു. വയറിലെയും കുടലിലെയും സൂക്ഷ്മജീവികളെ ലാക്സേറ്റീവ് സ്വാധീനിക്കുന്നത് ധാരണശേഷിക്ക് ആവശ്യമായ വിവിധതരം ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉൽപാദനത്തെ ബാധിക്കുന്നുണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു. ചില സൂക്ഷ്മജീവികള്‍ തലച്ചോറിലെത്തി പക്ഷാഘാതത്തിനും കാരണമായേക്കാമെന്ന് പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലാക്സേറ്റീവുകളും മറവിരോഗവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് ഷെന്‍സെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസര്‍ ഫെങ് ഷാ കൂട്ടിച്ചേര്‍ത്തു.

Content Summary: Regular laxative use linked to increased dementia risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com