മൂക്കടപ്പ് മാറ്റാന്‍ ഉപയോഗിക്കുന്ന ഡീകണ്‍ജെസ്റ്റന്‍റുകള്‍ പക്ഷാഘാതത്തിനു കാരണമാകുമോ?

Mail This Article
മൂക്കടപ്പു മാറ്റാന്‍ ഉപയോഗിക്കുന്ന ചില നേസല്‍ ഡീകണ്‍ജെസ്റ്റന്‍റുകള്‍ തലച്ചോറിലെ കോശങ്ങള്‍ക്കു നാശം വരുത്തി പക്ഷാഘാതത്തിനും ചുഴലി രോഗത്തിനും വരെ കാരണമാകാമെന്ന മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ അധികൃതര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന സ്യൂഡോഎഫെഡ്രിന്‍ എന്ന രാസവസ്തുവാണ് തലച്ചോറിന് അപകടകാരിയാകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. യുകെയിലെ ആരോഗ്യ ഏജന്‍സിയായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റഗുലേറ്ററി ഏജന്‍സി ഇതിനെപ്പറ്റി പരിശോധിക്കുകയാണ്.
മൂക്കിലൊഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്ന ചില ഡീകണ്‍ജസ്റ്റന്‍റുകള്‍ മൂലം, പോസ്റ്റീരിയര്‍ റിവേഴ്സിബിള്‍ എന്‍സെഫലോപതി സിന്‍ഡ്രോം (പിആര്‍ഇഎസ്), റിവേഴ്സബിള്‍ സെറിബ്രല്‍ വാസോകണ്‍സ്ട്രിക്‌ഷന്‍ സിന്‍ഡ്രോം (ആര്‍സിവിഎസ്) എന്നീ അപൂര്‍വ രോഗാവസ്ഥകള്‍ ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ രണ്ട് രോഗാവസ്ഥകളും തലച്ചോറിലേക്കുള്ള രക്തസഞ്ചാരം പരിമിതപ്പെടുത്തി ജീവനുതന്നെ ഹാനികരമാകുന്ന അവസ്ഥയുണ്ടാക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത തലവേദന, മനംമറിച്ചില്‍, ഛര്‍ദി, ചുഴലി, ബ്രെയ്ന്‍ ഫോഗ്, കാഴ്ച നഷ്ടം പോലുള്ള ലക്ഷണങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടാകാം.
മൂക്കിലേക്കുള്ള രക്തയോട്ടത്തെ താൽക്കാലികമായി പരിമിതപ്പെടുത്തിയാണ് നേസല്‍ ഡീകണ്‍ജസ്റ്റന്‍റുകള്‍ മൂക്കടപ്പിൽനിന്ന് ആശ്വാസമേകുന്നത്. എന്നാല്‍ തലച്ചോര്‍ പോലുള്ള അവയവങ്ങളില്‍ ഇത്തരത്തില്‍ രക്തയോട്ടം കുറയുന്നത് അവിടുത്തെ കോശങ്ങള്‍ക്ക് അപകടകരമാണെന്ന് ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സുരക്ഷാ സമിതിയും സ്യൂഡോഎഫെഡ്രിന്‍ ചേര്‍ന്ന മരുന്നുകളുടെ അപകട സാധ്യത പരിശോധിച്ചു വരികയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Summary: Commonly Used Nasal Decongestants Can Damage Brain Nerves