ADVERTISEMENT

ഈ കഴിഞ്ഞ മാർച്ച് 4 നാണ് ബീഹാറിലെ 22 കാരനായ സുരേന്ദ്രകുമാർ തന്റെ വിവാഹപ്പന്തലിൽ കുഴഞ്ഞുവീണ് മരിച്ചത്. വരണമാല്യം കൈമാറിയ ഉടനെയാണ് കുഴഞ്ഞു വീണത്. ആ സമയം ഉയർന്ന ഡെസിബെല്ലിലുള്ള ഡി ജെ മ്യൂസിക് സ്റ്റേജിൽ മുഴങ്ങുന്നുണ്ടായിരുന്നു. 

 

തെലങ്കാനയിൽ ഇതേപോലെ വിവാഹത്തിനെത്തിയ ബന്ധുവായ 19 കാരൻ വിവാഹവേദിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞവർഷം വാരണാസിയിലും ഇതേ പോലൊരു സംഭവം നടന്നു. 

 

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നു. ഉച്ചത്തിലുള്ള സംഗീതം സഹിക്കാനാകാതെ കുഴഞ്ഞുവീഴുകയും ചില കേസുകളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. 

 

ഏതു തരത്തിലുള്ള സംഗീതവും ഉച്ചത്തിലുള്ളതോ താഴ്ന്ന ശബ്ദത്തിലുള്ളതോ ആയിക്കൊള്ളട്ടെ ഒരു വ്യക്തിയെ ദുർബലനാക്കുന്നതായി 2019 നവംബറിൽ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

 

വളരെ തിരക്കുള്ള മാർക്കറ്റിനു സമീപം താമസിക്കുന്ന, തുടർച്ചയായി ഉച്ചത്തിലുള്ള സംഗീതം കേട്ടുകൊണ്ടിരിക്കുന്ന ആരോഗ്യവാൻമാരായ 500 പേരിലാണ് പഠനം നടത്തിയത്. 5 വർഷം നടത്തിയ പഠനത്തിൽ ഹൃദ്രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത ആളുകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ വരുന്നതായി കണ്ടു. 

 

വായു മലിനീകരണം ഉൾപ്പെടെ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്ന മറ്റ് ഘടകങ്ങളും പരിശോധിച്ചു. ശരാശരി 24 മണിക്കൂറിൽ ശബ്ദത്തിലുള്ള ഓരോ 5 ‍െഡസിബൽ വർധനയും ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയപ്രശ്നങ്ങൾ ഇവ വരാനുള്ള സാധ്യത 34 ശതമാനം വർധിപ്പിക്കുന്നതായി പഠനം പറയുന്നു. തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന തലച്ചോറിലെ ഗ്രേമാറ്റർ ആയ അമിഗ്ഡാലയെയും ഇത് ബാധിക്കുന്നതായി കണ്ടു. ഉയർന്ന ശബ്ദം തലച്ചോറിന്റെ ഈ ഭാഗത്തെ ചുരുക്കുന്നു. ഇതുവഴി മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നു. ആക്രമണോത്സുകത കൂടുന്നു.

 

ജർമനിയിലെ 35 മുതൽ 74 വയസ്സു വരെയുള്ള 15,000 പേരിൽ മേൻസ് സർവകലാശാല മെഡിക്കൽ സെന്റർ ഇതേ പോലുള്ള ഒരു പഠനം നടത്തി. സംഗീതമോ ശബ്ദമോ എന്തുമാകട്ടെ, ഒരു പരിധിക്കുമപ്പുറം ഉയർന്നാല്‍ അത് മനുഷ്യന്റെ ഹൃദയത്തെ ദോഷകരമായി ബാധിക്കും. ഉച്ചത്തിലുള്ള സംഗീതം േകൾക്കുമ്പോൾ ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് വളരെ പെട്ടെന്ന് വർധിക്കുന്നു. ജോഗിങ്ങോ ശാരീരിക വ്യായമങ്ങളോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നതു പോലെയാണിത്. 

 

ക്രമരഹിതമായ ഹൃദയമിടിപ്പിന് ആട്രിയിൽ ഫൈബ്രിലേഷൻ എന്നാണ് പേര്. ഇത് ഹൃദയാഘാതം, ബ്രെയ്ൻസ്ട്രോക്ക്, രക്തം കട്ടപിടിക്കൽ ഇവയ്ക്കു കാരണമാകും. രക്തസമ്മർദം വർധിപ്പിക്കുന്ന എന്തു പ്രവൃത്തിയും ഹൃദയമിടിപ്പിനെ ക്രമരഹിതമാക്കും. ഇതു തന്നെയാണ് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോഴും സംഭവിക്കുന്നത്. ഈ ഘട്ടത്തിൽ ഹൃദയത്തിന്റെ മുകളിലെ രണ്ടറകളിലേക്ക് രക്തം ശരിയായി എത്തുന്നില്ല. ഇതു മൂലം താഴത്തെ അറകളിലേക്കുള്ള രക്തപ്രവാഹവും തടസ്സപ്പെടുന്നു. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു. 

 

ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കാം

വളരെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് ചെവിയിലെ സെൻസറി കോശങ്ങളെയും ഘടനകളെയും ക്ഷീണിതരാക്കും. ശബ്ദം തുടർന്നാൽ ഇതിന് കേടുപാട് വരുകയും കേൾവിശക്തി നഷ്ടപ്പെടുകയും ചെയ്യും. മനുഷ്യന്റെ കർണത്തിന് 60 ഡെസിബൽ വരെയുള്ള ശബ്ദം നോർമൽ ആണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മണിക്കൂറുകളോളം തുടർച്ചയായി ഇയർഫോൺ ഉപയോഗിക്കുക. സംഗീതപരിപാടികൾ, വിവാഹവേദികൾ, ബാർ, ക്ലബുകൾ, വിനോദവേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ സമയം ഉച്ചത്തിലുള്ള ശബ്ദം കേൾക്കുക ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. 

 

45 മിനിറ്റ് നേരം 100 ‍ഡെസിബെല്ലോ അതിലധികമോ ശബ്ദത്തിൽ സംഗീതം കേൾക്കുന്നത് ഒഴിവാക്കണം. കാരണം ഇത് കേൾവിശക്തിയെ ബാധിക്കും. 50 മുതൽ 70 ഡെസിെബൽ വരെയുള്ള ശബ്ദവും ഒരു വ്യക്തിയുടെ ഹൃദയത്തെയും മനസ്സിനെയും ബാധിക്കും എന്നതിനാൽ ദോഷകരമാണ്. 

 

ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായും അമിതമായും കേൾക്കുന്നതു കൊണ്ട് ചെറുപ്പക്കാരിൽ രണ്ടിൽ ഒരാൾക്ക് വീതം ബധിരതയ്ക്ക് സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Content Summary: Loud music at weddings increases risk of heart attack?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com