അഴിമതി കാണിക്കുന്ന ജനപ്രതിനിധികളെ തല്ലുന്നുണ്ടോ? പിന്നെയെന്തിന് ഡോക്ടർമാരോട് മാത്രം?

dr bibin
ഡോ. ബിബിൻ മാത്യു
SHARE

ഞാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലം. സർജറി വിഭാഗത്തിൽ കാഷ്വൽറ്റി ഡ്യൂട്ടി എടുക്കുന്ന ഒരു ദിവസം. പുതിയ ഡ്യൂട്ടി എംഒ ആണ് വരുന്നത് എന്ന് കേട്ടു. പേര് അരുൺ (യഥാർഥ പേര് അല്ല) എന്നാണെന്നും ആരോ പറഞ്ഞു. ഞങ്ങൾ കാഷ്വൽറ്റിയിൽ ഡ്യൂട്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരു 30 വയസ്സ് പ്രായമുള്ള വ്യക്തി കാഷ്വൽറ്റിയിലൂടെ നടക്കുന്നു. നമ്മുടെ പുറകിലത്തെ മേശയിൽ ഇരിക്കുന്നു. ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൺ അഴിച്ചിട്ടിട്ടുണ്ട്. ടക്ക് ഇൻ ചെയ്തിട്ടില്ല. സാധാ ചെരുപ്പ്. ആരോ വഴി തെറ്റിക്കയറിയ പോലെ തോന്നി. ഞാൻ എഴുന്നേറ്റു ചെന്ന് ചോദിച്ചു. ‘അല്ല ആരാ? ഇവിടെന്താ ഇരിക്കാൻ?’

‘അനിയാ ഞാൻ ആണ് ഇന്നത്തെ ഡ്യൂട്ടി ഡോക്ടർ....’ അദ്ദേഹം മറുപടി പറഞ്ഞു.

‘അയ്യോ കണ്ടിട്ട് തോന്നിയില്ല സർ’ എന്നാദ്യം പറഞ്ഞിട്ടാണ് അമളി പറ്റിയത് ഓർത്തത്. ‘അയ്യോ  സാറിനെ കണ്ടാൽ ഒരു ഡോക്ടറിന്റെ ലുക്ക് ഇല്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്’

‘അനിയാ ഞാൻ ഉദ്ദേശിക്കുന്നത് അതുതന്നെ ആണ്. കണ്ടാൽ ഡോക്ടർ ആണെന്ന് തോന്നരുത്. ഞാൻ ഇവിടെ പുതിയ ആളാ. ഇവിടെ കാഷ്വൽറ്റിയിൽ ഇടയ്ക്കു തല്ലുണ്ടാകുമെന്നു കേട്ടിട്ടുണ്ട്. ഈ സെക്യൂരിറ്റികൾ ഒന്നും മിണ്ടാതെ നിൽക്കുമെന്നും കേട്ടു. നമ്മുടെ തടി നമ്മള് നോക്കണം. അവന്മാർക്ക് നമ്മളെ കണ്ടാൽ ഒരു കാരണവശാലും തോന്നരുത് നമ്മളാണ് ഡ്യൂട്ടി ഡോക്ടറെന്ന്..’

അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് അത്രയ്ക്കങ്ങോട്ട് മനസ്സിലായില്ലെന്നതു സത്യം.

പക്ഷേ അടുത്ത ഒരു ബഹളം നടന്നപ്പോൾ പുള്ളിയും അവരുടെ കൂടെ കൂടി. ‘ഞങ്ങടെ നികുതി കൊണ്ടാടാ നിങ്ങളൊക്കെ പഠിക്കുന്നത്. ഇവനൊക്കെ എവിടുന്നു വരുന്നു..’ എന്നൊക്കെ പറഞ്ഞ് അവിടുത്തെ ഗ്രില്ലിനിട്ട് ഒരു തല്ലും, അവിടുന്നിറങ്ങി ഒരു പോക്കും. 

പറഞ്ഞു വന്നതെന്തെന്നു വച്ചാൽ, അന്ന് പുതിയ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടയിൽ അടി കിട്ടുമോ എന്ന പേടി കാരണം കണ്ടു പിടിച്ച ഒരു ടെക്‌നിക് ആണിത്. ചിലരെങ്കിലും ചിന്തിക്കുന്നത് ഡോക്ടർമാർക്ക് ഇത്തിരി പേടി ഉള്ളത് നല്ലതാണെന്നാണ്. പക്ഷേ ഈ പേടി കൂടുന്നതനുസരിച്ചു ‘ഡിഫൻസിവ് മെഡിസിൻ’ കൂടുതലായി പ്രാക്ടീസ് ചെയ്യപ്പെടും. 

കോടതിയിലെ കേസ് തോറ്റാൽ വക്കീലിനെ ആരെങ്കിലും തല്ലുന്നുണ്ടോ?

പാലം തകർന്നു വീണാൽ പണിത എൻജിനീയറെ ആരെങ്കിലും തല്ലുന്നുണ്ടോ ?

പൊലീസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടിയില്ലെങ്കിൽ പൊലീസിനെ കയറി തല്ലുന്നുണ്ടോ ?

വില്ലേജ് ഓഫിസിൽനിന്ന് അർഹിക്കുന്ന സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ വില്ലേജ് ഓഫിസറെ തല്ലുന്നുണ്ടോ?

വാക്കു പാലിക്കാത്ത, അല്ലെങ്കിൽ അഴിമതി കാണിക്കുന്ന ജനപ്രതിനിധികളെ തല്ലുന്നുണ്ടോ ?

അതുകൊണ്ട് തല്ലിത്തീർക്കുന്ന കാലമല്ല ഇത്. തെറ്റുകൾ ഉണ്ടാകാം. ഞങ്ങളും മനുഷ്യരാണ്. അതിനിവിടെ നിയമങ്ങൾ ഉണ്ട്, അധികാരികൾ ഉണ്ട്. തിരിച്ചു തല്ലില്ല അല്ലെങ്കിൽ പ്രതികരിക്കില്ല എന്നു പൂർണ ബോധ്യം ഉള്ളതുകൊണ്ടാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.

കേരള സമൂഹത്തോട് ഒരപേക്ഷയുണ്ട്. ഞങ്ങളാരും ദൈവങ്ങളല്ല. നിങ്ങളെപ്പോലെ ഉള്ള സാധാരണ മനുഷ്യരാണ്. ഞങ്ങളെയും മറ്റേതൊരു തൊഴിൽ വിഭാഗങ്ങളെയും പോലെ കണ്ടാൽ മതി. ഓർക്കുക, ഞങ്ങളെ ഉപദ്രവിക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യമേഖലയുടെ കടയ്ക്കൽ തന്നെ ആണ് കത്തി വയ്ക്കുന്നത്.

ഡോക്ടർമാർ നടത്തുന്ന ഈ സമരം പൊതുജനങ്ങൾക്കെതിരെ അല്ല. ഞങ്ങൾക്ക് ഭീതിയില്ലാതെ ജോലി ചെയ്യാനാണ്. നമ്മുടെ ആരോഗ്യമേഖലയുടെ നല്ല നാളേക്കു വേണ്ടിയാണ്.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS