ADVERTISEMENT

അർബുദം പിടികൂടിയപ്പോഴും ഇന്നസെന്റ് അത് നേരിട്ടത് സ്വതമേവയുള്ള തമാശയിലൂടെത്തന്നെയാണ്. മൂന്നാം തവണയും കാൻസർ പിടികൂടിയപ്പോൾ അതിനെക്കുറിച്ച് ഇന്നസന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും. ഡോക്ടർമാർ എന്റെ ദേഹത്തൊളിച്ച കാൻസറിനെ കണ്ടുപിടിക്കും; കക്ഷി പുതിയ സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്’ എന്നായിരുന്നു. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നായിരുന്നു.

 

innocent-alice-3

കാൻസറിനെ വീട്ടിലെ അതിഥിയായാണ് ഇന്നസന്റ് കണ്ടിരുന്നത്. എന്റെ വീട്ടിൽ 11 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. 2020–ൽ ഭാര്യ ആലിസിന് കോവിഡ് ബാധിച്ചപ്പോഴും അതു തമാശരൂപേണയാണ് ഇന്നസന്റ് അവതരിപ്പിച്ചത്. ‘രണ്ടു ദിവസം മുൻപു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു, ചിരിച്ച് എല്ലാവരെയും ഫോൺ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാൻസർ. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും’ എന്നായിരുന്നു ഇന്നസന്റ് പങ്കുവച്ചത്. 

 

കോവിഡ് കാലത്തെ സങ്കടത്തെ കുറിച്ചും ഇന്നസന്റ് പറഞ്ഞിരുന്നു. അത് ‘സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാൻ മൈക്ക് കിട്ടാത്തതുകൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോവുകയേ വേണ്ട. പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ.

 

വള്ളത്തോൾ നാരായണ മേനോൻ മരിച്ചത് എനിക്കോർമയുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു കുട്ടികൾ പറയുന്നത് സ്കൂളില്ല, വള്ളത്തോൾ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കൾ ആശുപത്രിയിലായി എന്നു കേൾക്കുമ്പോൾ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല.

 

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ, സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ടുമാത്രം കിട്ടുന്ന സന്തോഷം എത്രയെന്ന് എനിക്കറിയാം. അതു മരുന്നുപോലെ ശക്തിയുള്ളതാണ്. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...’ നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാൻ പലതവണ ചാടിയതാണ്!– കോവിഡ് ബാധിച്ചവർക്ക് ആത്മധൈര്യം പകർന്ന് അന്ന് ഇന്നസന്റ് പറഞ്ഞു

 

English Summary: Actor Innocent about Cancer and COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com