വീട്ടില്‍ തന്നെ തയാറാക്കിയ പോഷണ സപ്ലിമെന്റുകള്‍ കഴിച്ച് ചര്‍മത്തിന്റെ നിറം നീലയായി മാറിയ പോള്‍ കാരസണ്‍ മരിച്ച് ഒരു ദശാബ്ദക്കാലത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 2013ല്‍ 62-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് പോള്‍ മരണപ്പെടുന്നത്. അതിനും അഞ്ച് വര്‍ഷം മുന്‍പ് 2008ലാണ് തന്റെ നീല നിറമുള്ള ചര്‍മവുമായി ഇദ്ദേഹം ദേശീയ ടിവി ചാനലിലെ തത്സമയ പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നത്.
തന്റെ ചര്‍മപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായിട്ടാണ് പോള്‍ വീട്ടില്‍ തന്നെ തയാറാക്കിയ വെള്ളി ചേര്‍ത്ത ന്യൂട്രീഷണല്‍ സപ്ലിമെന്റ് കഴിച്ചിരുന്നത്. ഈ പാനീയം പോളിന്റെ സന്ധിവാതത്തെയും സൈനസ് പ്രശ്‌നങ്ങളെയും പരിഹരിച്ചെങ്കിലും ശരീരത്തിന് നീല നിറം നല്‍കുകയായിരുന്നു. നീല നിറമുള്ള ചര്‍മവും വെളുത്ത താടിയുമൊക്കെയായി കാര്‍ട്ടൂണ്‍ കഥാപാത്രമായ പാപ്പ സ്മര്‍ഫിനെ അനുസ്മരിപ്പിച്ച പോള്‍ ചുരുങ്ങിയ കാലം കൊണ്ട് ഈ ചെല്ലപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കുട്ടികളുടെ ഈ വിളി ഇഷ്ടപ്പെട്ടിരുന്ന പോള്‍ പക്ഷേ മുതിര്‍ന്നവര്‍ ഇത് വിളിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല.
പത്ത് വര്‍ഷത്തോളമുള്ള സ്വയം ചികിത്സയാണ് പോളിനെ നീല മനുഷ്യനാക്കി മാറ്റിയത്. ചര്‍മത്തിന്റെ നിറം മാറ്റി കളഞ്ഞ പാനീയം ഉപേക്ഷിക്കാനും പോള്‍ തയാറായിരുന്നില്ല. മരണം വരെ പോള്‍ ഇത് ഉപയോഗിച്ചിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Summary: Man turns blue after consuming dietary supplements