ADVERTISEMENT

വീട്ടിലുള്ള എല്ലാവരും കൂടി യാത്ര പോകാനായി ആലോചന തുടങ്ങുമ്പോഴേ മുത്തച്ഛൻ പറയും– ‘ഞാനില്ല’. എന്തു കാര്യത്തിലും ആശങ്ക അൽപം കൂടുതലുള്ളയാളാണ് ഈ എഴുപതുകാരൻ. ആശങ്ക കൂടിക്കൂടി ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്ന അസുഖമായി മാറി. ഐബിഎസ് മൂലം കൂടെക്കൂടെ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നലുണ്ടാവുന്നതിനാലാണ് ഇദ്ദേഹം യാത്രകൾ ഒഴിവാക്കുന്നത്. യാത്രയ്ക്കിടെ ആ തോന്നലുണ്ടായാൽ എന്തു ചെയ്യുമെന്ന ആശങ്ക. അതിനെക്കുറിച്ചുള്ള ആശങ്ക രൂക്ഷമാകുമ്പോൾ ഉടൻ ടോയ്‌ലറ്റിൽ പോകണമെന്നു തോന്നും. ചുരുക്കത്തിൽ, മനസ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലായി ഈ മുത്തച്ഛൻ. സമ്മർദം ഏറെയുള്ള ജോലികളിൽ ഏർപ്പെടുന്നവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. ആശങ്ക കൂടുതലായുള്ളവരിലും ഇതു കാണപ്പെടുന്നുണ്ട്. 

 

ലക്ഷണങ്ങൾ

വിട്ടുമാറാത്ത വയറുവേദനയും വയറ്റിളക്കവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് മലബന്ധവും ഉണ്ടാകാറുണ്ട്. ഇത് മാറിമാറി വരും. കുറച്ചുകാലം മലബന്ധവും പിന്നീട് വയറിളക്കവും വരാറുണ്ടെന്നു ഡോക്ടറോടു പറയുന്നവർ ഏറെ. ഇതിന്റെ കൂടെ വയർ സ്തംഭിച്ചുവരാറുമുണ്ട്. ലക്ഷണങ്ങൾ ആറു മാസത്തിൽ കൂടുതൽ നിലനിൽക്കുമ്പോഴാണ് ഇത് ഐബിഎസ് ആണോ എന്നു സംശയിക്കേണ്ടത്. രോഗം മാറാത്തതു കൊണ്ടുള്ള നിരാശ ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. ഇത് രോഗാവസ്ഥ കൂടുതലാക്കുന്നു. ജീവിതത്തിൽ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥയാകുന്നു. 

 

രോഗനിർണയം

മേൽപറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ചില ലക്ഷണങ്ങൾ ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. മലത്തിൽ കൂടി രക്തം പോകുന്നില്ലെന്നും രക്തത്തിന്റെ അളവു കുറയുന്നില്ലെന്നും പരിശോധനകളിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്. കലശലായ ക്ഷീണം വരിക, വയറ്റിൽ മുഴകൾ ഉണ്ടാകുക തുടങ്ങിയവയും ഇല്ലെന്ന് ഉറപ്പാക്കണം. ഇവ ഉണ്ടെങ്കിൽ കുടൽ കാൻസർ പോലുള്ള മറ്റു രോഗങ്ങളുടെ സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ലക്ഷണങ്ങൾ ഉണ്ടായിരിക്കുമ്പോഴും എല്ലാ പരിശോധനകളിലും ‘നോർമൽ’ എന്നു ഫലം ലഭിക്കുമ്പോഴാണ് രോഗിക്ക് ഐബിഎസ് ആണ് എന്നു മനസ്സിലാക്കേണ്ടത്. കുടൽ കാൻസറിനും വയറുവേദനയും വയറ്റിളക്കവും ലക്ഷണമാകുന്നതിനാൽ ഇവയെ വേർതിരിച്ചറിയാനുള്ള പരിശോധനകൾ നടത്തണം. കൊളോണോസ്കോപ്പി പരിശോധനയിലൂടെ കുടൽ കാൻസർ, കുടലിൽ പോളിപ്പ് (അരിമ്പാറ പോലുള്ള കുരു) തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കാനാകും. പോളിപ്പ് ഉണ്ടെങ്കിൽ അത് എടുത്തുകളയുന്നതിലൂടെ ഭാവിയിൽ കാൻസർ വരാനുള്ള സാധ്യത ഒഴിവാക്കാം. 

ഐബിഎസ് വന്നത് ഭാവിയിൽ കാൻസറിനു കാരണമാകുമോ എന്ന് ആശങ്കപ്പെടുന്നവർ ഒട്ടേറെയുണ്ട്. ഐബിഎസ് വന്നു എന്നതിനാൽ കാൻസർ സാധ്യത കൂടുന്നില്ല. സാധാരണ ഒരാൾക്ക് കാൻസർ വരാനുള്ള സാധ്യത മാത്രമേ ഐബിഎസ് രോഗിക്കുമുള്ളൂ. 

 

ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം

ചിലരുടെ ശരീരത്തിന് ചില ഭക്ഷണങ്ങൾ പിടിക്കില്ല. ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും. മറ്റു ചില ഭക്ഷണങ്ങളാകും ചിലർക്ക് പിടിക്കാത്തത്. ഐബിഎസ് രോഗി തന്റെ ശരീരത്തിന് പിടിക്കാത്ത ഭക്ഷണം ഒഴിവാക്കണം. 

 

ചികിത്സ

ഐബിഎസ് നീണ്ടുനിൽക്കുന്ന അസുഖമാണ്. ചിലർക്ക് ചികിത്സയിലൂടെ ഇതു മാറുന്നുണ്ട്. ചിലരിൽ മാറാൻ ബുദ്ധിമുട്ടാണു താനും. മരുന്നുകൾ കഴിക്കുന്നതിനൊപ്പം സ്വമേധയാ മനസ്സിനെ പാകപ്പെടുത്തിയെടുക്കലും ഈ രോഗത്തിന്റെ ചികിത്സയിൽ പ്രധാനമാണ്. ആറും ഏഴും തവണ ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥയിലുള്ള ഒരാൾക്ക് മനസ്സിനെ ശക്തിപ്പെടുത്തുന്നതിലൂടെ ഇതിന്റെ എണ്ണം കുറച്ചുകൊണ്ടുവരാൻ സാധിക്കും. പതുക്കെപ്പതുക്കെ അതു സാധാരണ നിലയിലേക്ക് എത്തിക്കാനുമാകും. ജീവഹാനി ഉണ്ടാക്കുന്ന രോഗമല്ല ഇതെന്നു തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ആ അറിവ് മനസ്സിന് ശക്തി പകരും. ആശങ്കകളെ മനസ്സിന്റെ ശക്തികൊണ്ട് കീഴ്പ്പെടുത്താനാകും. ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുകയും വേണം. 

 

(വിവരങ്ങൾക്കു കടപ്പാട്– 

ഡോ. എം. രമേഷ്, 

സീനിയർ കൺസൽറ്റന്റ്, 

ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്ട്രോ എന്ററോളജി, മാർ സ്ലീവാ മെഡിസിറ്റി, പാലാ.

drrameshnair@gmail.com) 

Content Summary: Irritable Bowel Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com