ADVERTISEMENT

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും  അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന ചിന്തയുമായി പരക്കം പായുകയാണ് പൊതുജനം. എന്നാല്‍ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്നും മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥ ശാസ്ത്രജ്ഞര്‍. 

 

കിഴക്കന്‍ ശാന്ത സമുദ്രോപരിതലത്തിലെ ജലത്തിന്‍റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എല്‍ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്ക് വീശുന്ന കാറ്റിന്‍റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യും. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. ഇതിന് മുന്‍പ് എല്‍ നിനോ എത്തിയ 2016 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തിയിരുന്നു. 

 

എല്‍ നിനോ എത്തുന്നതോടെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. 0.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് അനുമാനം. എല്‍ നിനോയുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ ദൃശ്യമാകാനുള്ള സാധ്യത 70 ശതമാനമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും പറയുന്നു. 

 

കാലവര്‍ഷത്തിന്‍റെ രണ്ടാം പാതിയിലാകാം എല്‍ നിനോയുടെ പ്രഭാവം കാണപ്പെടുകയെന്ന് പ്രവചിക്കപ്പെടുന്നു. ഇന്ത്യയിലെ ആകെ മഴയുടെ 70 ശതമാനത്തിനും കാരണമാകുന്ന കാലവര്‍ഷത്തെ ഇത് ദുര്‍ബലപ്പെടുത്താം. അത്യുഷ്ണവും വരള്‍ച്ചയും കൃഷി നാശവുമൊക്കെ ഇതു മൂലം ഉണ്ടാകാമെന്നും കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.  

 

1992നും 2015നും ഇടയില്‍ 22,000 പേര്‍ ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങള്‍ മൂലം കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കനത്ത വെയില്‍ ഏല്‍പ്പിക്കുന്ന ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നതാണ്. 

 

1. ഉയര്‍ന്ന ശരീര താപനില

2. ആശയക്കുഴപ്പം, മതിഭ്രമം, ദേഷ്യം

3. മനംമറിച്ചില്‍

4. കനത്ത തലവേദന

6. ദുര്‍ബലമായ ശ്വാസമെടുപ്പ്

7. ഉയരുന്ന ഹൃദയമിടിപ്പ്

 

എല്‍നിനോ കൂടിയെത്തുന്നതോടെ കൂടുതല്‍ മുന്‍കരുതലുകള്‍ ചൂടിന്‍റെ കാര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കാം.

Content Summary: El Nino Predicted This Year: Will India Witness Deadly Heat Waves?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com