ADVERTISEMENT

ആന്റിബയോട്ടിക് മരുന്ന് കഴിച്ച ജപ്പാനിലെ അറുപതുകാരിയുടെ നാവ് മരുന്നിനോടുള്ള പ്രതികരണമെന്ന നിലയില്‍ കറുത്ത്, രോമം നിറഞ്ഞ മട്ടിലായതായി റിപ്പോര്‍ട്ട്. റെക്ടല്‍ അര്‍ബുദം ബാധിച്ച ഈ സ്ത്രീ 14 മാസങ്ങളായി ചികിത്സയിലായിരുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കീമോതെറാപ്പിയുടെ പരിണിത ഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ കഴിച്ച മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് മരുന്നാണ് രോഗിക്ക് ഈ അവസ്ഥയുണ്ടാക്കിയത്. 

 

പ്രതിദിനം 100 മില്ലിഗ്രാം മിനോസൈക്ലിനാണ് സ്ത്രീ ഉപയോഗിച്ചു കൊണ്ടിരുന്നത്. നാവു കറുത്തതിന് പുറമേ രോഗിയുടെ മുഖവും ചാര നിറമായതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച്  ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാക്ക് ഹെയര്‍ ടങ് എന്ന ഈ രോഗാവസ്ഥ ആന്റിബയോട്ടിക്‌സ് നാവിലെ ബാക്ടീരിയയിലും യീസ്റ്റിലും വരുത്തുന്ന മാറ്റങ്ങള്‍ മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖത്തെ ചാരനിറത്തിലുള്ള പാടുകളും മിനോസൈക്ലിന്റെ പാര്‍ശ്വ ഫലമായ ചര്‍മനാശത്തിന്റെ ലക്ഷണമാണ്. മരുന്ന് മാറ്റി നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീയുടെ നാവിലെ കറുപ്പും മുഖത്തെ ചാര നിറവും മാറിയതായി ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. 

 

വായ്‌നാറ്റവും ബ്ലാക് ഹെയര്‍ ടങ്ങിന്റെ ഒരു ലക്ഷണമാണ്. കാണുമ്പോള്‍ ഭീകരമായി തോന്നുമെങ്കിലും ഇതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എളുപ്പത്തില്‍ മാറ്റാനാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ ധാരാളം വെള്ളം കുടിക്കുന്നതും നാവ് ബ്രഷ് ചെയ്യുന്നതും കറുത്ത നിറം മാറാന്‍ സഹായിക്കും. എന്നാല്‍ മരുന്ന് മാറ്റിയിട്ടും ഈ നിറവും രോമങ്ങളും പോകാതെ നിന്നാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ലേസര്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഇതിനെ നീക്കം ചെയ്യാനാകുമെന്നും ദ മെട്രോ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

Content Summary: Antibiotic Reaction Left Woman With 'Black Hairy Tongue'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com