ADVERTISEMENT

എല്ലാവര്‍ഷം ഇന്ത്യയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും നൂറ് കണക്കിന് പേര്‍ ഇത് മൂലം മരണപ്പെടുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ച് കൂടുതല്‍ മാരകമായതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഡെങ്കി വൈറസിനെതിരെ അടിയന്തിരമായി വാക്‌സീന്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം അടിവരയിടുന്നു. 

 

ഗവേഷണ സംഘം നടത്തിയ കംപ്യൂട്ടേഷണല്‍ വിലയിരുത്തലിലാണ് കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിച്ചതായി കണ്ടെത്തിയത്. ദക്ഷിണ, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം ഇക്കാലളവില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാല്‍ 2002ല്‍ നിന്ന് 2018ലെത്തുമ്പോള്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം 25 മടങ്ങ് വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മധ്യം എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ മേഖലകളിലും ഡെങ്കിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2000 മുതല്‍ നാലു തരത്തില്‍പ്പെട്ട ഡെങ്കി വൈറസുകള്‍ ഇന്ത്യയില്‍ പരക്കുന്നതായും പ്ലോസ് പാത്തൊജന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

 

ഇന്ത്യന്‍ ഡെങ്കിപ്പനി വൈറസ് വകഭേദങ്ങളുടെ 408 ജനിതക സീക്വന്‍സുകള്‍ ഗവേഷകര്‍ പഠനത്തിന്റെ ഭാഗമായി വിലയിരുത്തി. സങ്കീര്‍ണമായ തോതില്‍ വൈറസിന്റെ ഘടന മാറിയിരിക്കുന്നതായി ഇതില്‍ നിന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 2012 വരെ ഡെങ്കി 1, ഡെങ്കി 2 വകഭേദങ്ങള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ കാണപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സ്ഥിതി മാറി. ഇപ്പോള്‍ ഡെങ്കി 2 വകഭേദം വ്യാപകമായി പടരുന്നുണ്ട്. മാത്രമല്ല ഡെങ്കി 4 വകഭേദവും അതിന്റേതായ വ്യാപന ഇടങ്ങള്‍ സൃഷ്ടിച്ചെടുത്തു. 

 

ഒരു രോഗിക്ക് ഡെങ്കിപ്പനിയുടെ രണ്ട് വകഭേദങ്ങള്‍ ഒരുമിച്ച് പിടിപെട്ടാല്‍ രോഗലക്ഷണങ്ങള്‍ കടുത്തതായിരിക്കുമെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു. വൈറസിന് സംഭവിച്ച മാറ്റങ്ങള്‍ ഡെങ്കിപ്പനിക്കെതിരെ ഒരു വാക്‌സീന്‍ അനിവാര്യമാക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍മിച്ച ഡെങ്കി വാക്‌സീന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്.

Content Summary: Dengue virus has evolved to become more severe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com