മാസം തികയും മുന്‍പെയുള്ള കുഞ്ഞുങ്ങളുടെ ജനനം: ഇന്ത്യ ആദ്യ അഞ്ചില്‍

Caesarean Section Pregnancy Management of Normal Delivery
Representative Image. Photo Credit : Damircudic / iStockPhoto.com
SHARE

ലോകത്ത് ഓരോ രണ്ട് സെക്കന്‍ഡിലും മാസം തികയാതെ പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് ഒരു കുഞ്ഞ് ജനിക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ 40 സെക്കന്‍ഡിലും ഇത്തരത്തില്‍ ജനിച്ച ഒരു കുഞ്ഞ് മരണപ്പെടുകയും ചെയ്യുന്നു. 2020ല്‍ മാസം തികയും മുന്‍പുള്ള ജനനങ്ങളില്‍ ഏതാണ്ട് പകുതിയും സംഭവിച്ചത് ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പാക്കിസ്ഥാന്‍, നൈജീരിയ, ചൈന, എത്യോപിയ  എന്നിവയാണ് മറ്റ് നാലു രാജ്യങ്ങള്‍. ഗര്‍ഭകാലത്തിന്‍റെ 37-ാം ആഴ്ചയ്ക്ക് മുന്‍പ് ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാത്ത കുഞ്ഞുങ്ങളായി പരിഗണിക്കുന്നത്. 

ഇത്തരത്തിലുള്ള ജനനങ്ങള്‍ ശിശു മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫോര്‍ മാറ്റേണല്‍, ന്യൂബോണ്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. 13.4 ദശലക്ഷം കുഞ്ഞുങ്ങളാണ് 2020ല്‍ മാസം തികയാതെ ജനിച്ചത്. ഇതില്‍ 10 ലക്ഷം കുഞ്ഞുങ്ങള്‍ മരണപ്പെട്ടു.  ഏറ്റവുമധികം മാസം തികയാത്ത ജനനങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു; 30.16 ലക്ഷം ജനനങ്ങള്‍. പാക്കിസ്ഥാനില്‍ 9.14 ലക്ഷം കുഞ്ഞുങ്ങളും നൈജീരിയയില്‍ 7.74 ലക്ഷം കുഞ്ഞുങ്ങളും ചൈനയില്‍ 7.52 ലക്ഷം കുഞ്ഞുങ്ങളും ഇത്തരത്തില്‍ ജനിച്ചു. 

എന്നാല്‍ മാസം തികയും മുന്‍പുള്ള  കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിലാണ്.(16.2 ശതമാനം). മലാവി(14.5 % ), പാക്കിസ്ഥാന്‍(14.4 % ) എന്നീ രാജ്യങ്ങളും ഈ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഇത് 13 ശതമാനം വീതമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഇത്തരം മാസം തികയാതെയുള്ള ശിശുജനനങ്ങളില്‍ 16 ശതമാനവും പശ്ചിമബംഗാളിലാണ് നടന്നത്. തമിഴ്നാട്ടില്‍ 14 ശതമാനവും ഗുജറാത്തില്‍ 9 ശതമാനവും ജനനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ശിശു മരണത്തിന്‍റെ കാരണങ്ങളില്‍ മുഖ്യമായ ഒന്നാണ് മാസം തികയാതെയുള്ള ജനനം. മാസം തികയാതെ ജനിക്കുന്ന നാലു കുട്ടികളില്‍ മൂന്ന് പേരും ചാപിള്ളകളായിരിക്കുമെന്നും റിപ്പോർട്ട്‌ കൂട്ടിച്ചേർക്കുന്നു. ഇത്തരം ജനനങ്ങള്‍ ഒഴിവാക്കാന്‍ ഗര്‍ഭകാലത്തും അതിനു മുന്‍പും ഓരോ സ്ത്രീക്കും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭിക്കണമെന്ന് ലോകാരോഗ്യ സംഘടനയിലെ മറ്റേണല്‍, ന്യൂബോണ്‍, ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍റ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ് ഡയറക്ടർ  ഡോ. അന്‍ഷു ബാനര്‍ജി അഭിപ്രായപ്പെടുന്നു. 

Content Summary: India among top 5 Countries where babies born too soon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS