ADVERTISEMENT

ലോകത്തിലെ ഏറ്റവും മാരകമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. നേരത്തെ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും ബുദ്ധിമുട്ടുള്ള അര്‍ബുദമാണ് ഇത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്ത പക്ഷം പാന്‍ക്രിയാറ്റിക് അര്‍ബുദ കുടുംബ ചരിത്രമുള്ളവരെയും ചിലതരം ജനിതക പരിവര്‍ത്തനം സംഭവിച്ചവരെയും മാത്രമാണ് സാധാരണ ഗതിയില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാറുള്ളത്. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, എന്‍ഡോസ്കോപിക് അള്‍ട്രാസൗണ്ട് പോലുള്ള ഇത്തരം പരിശോധനകള്‍ ചെലവേറിയതാണ് താനും. എന്നാല്‍ രോഗികളുടെ ആരോഗ്യ രേഖകള്‍ വിലയിരുത്തി പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനുള്ള സാധ്യത വിജയകരമായി പ്രവചിച്ചിരിക്കുകയാണ്  നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു സ്ക്രീനിങ് ടൂള്‍. 

 

രോഗനിര്‍ണയത്തിന് മൂന്ന് വര്‍ഷം മുന്‍പ് പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യതയുള്ള വ്യക്തികളെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിക്ക് സാധിച്ചു. ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹേഗന്‍, വിഎ ബോസ്റ്റണ്‍ ഹെല്‍ത്ത്കെയര്‍ സിസ്റ്റം, ഡാന-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍വഡ് ടി.എച്ച്.ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

 

നിലവില്‍ വലിയൊരു ജനസംഖ്യയെ പാന്‍ക്രിയാറ്റിക് അര്‍ബുദത്തിനായി സ്ക്രീന്‍ ചെയ്യാനുള്ള മാര്‍ഗങ്ങളൊന്നും ലഭ്യമല്ല. ഇവിടെയാണ് നിര്‍മിത ബുദ്ധി വഴിത്തിരിവാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.രോഗസാധ്യതയുള്ളവരെ കണ്ടെത്തിയാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി ഇത്  സ്ഥിരീകരിക്കാനും  നേരത്തെ ചികിത്സ ആരംഭിക്കാനും സാധിക്കുമെന്നും നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.   

Read Also: രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനം: സര്‍വസാധാരണമായ അഞ്ച് കാരണങ്ങള്‍

ഡെന്‍മാര്‍ക്കിലെയും അമേരിക്കയിലെയും 90 ലക്ഷം രോഗികളുടെ ആരോഗ്യ ഡേറ്റ ഉപയോഗിച്ചാണ് എഐ അല്‍ഗോരിതത്തെ പരിശീലിപ്പിച്ചത്. കുടുംബത്തില്‍ പാന്‍ക്രിയാറ്റിക് രോഗ ചരിത്രമുള്ളവരുടെ മാത്രമല്ല ഏതൊരാളുടെയും ആരോഗ്യ രേഖകള്‍ എഐ ടൂളിലൂടെ അപഗ്രഥിച്ച് രോഗസാധ്യത പ്രവചിക്കാന്‍ സാധിക്കും. അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഈ ടൂള്‍ സഹായിക്കും.

 

ആദ്യ ഘട്ടങ്ങളില്‍ പാന്‍ക്രിയാറ്റിക് അര്‍ബുദം നിര്‍ണയിക്കപ്പെടുന്ന 44 ശതമാനം രോഗികളും രോഗനിര്‍ണയത്തിന് ശേഷം അഞ്ച് വര്‍ഷം അതിജീവിക്കുമെന്ന് കണക്കാക്കുന്നു. എന്നാല്‍ 12 ശതമാനം കേസുകളില്‍ മാത്രമേ നേരത്തെയുള്ള രോഗനിര്‍ണയം നടക്കുന്നുള്ളൂ. അര്‍ബുദകോശങ്ങള്‍ ഉത്ഭവസ്ഥാനത്ത് നിന്ന് മറ്റിടങ്ങളില്‍ പടര്‍ന്നു കഴി‍ഞ്ഞാല്‍ അതിജീവന നിരക്ക് 2-9 ശതമാനത്തിലേക്ക് താഴുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അർബുദ രോഗ നിർണയത്തിലും ചികിത്സയിലും  നിർമിത ബുദ്ധി വരും നാളുകളിൽ ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ പലതും  ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Content Summary: AI Predics Future Pancreatic Cancer Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com