ഉപ്പു കൂടിയ ഭക്ഷണം വൃക്കയെ തകരാറിലാക്കുന്നത് എങ്ങനെ? അറിയാം

kidney dat 2022
Photo Credit : SvetaZi/ Shutterstock.com
SHARE

‘ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കണം’– തന്നെ കാണാനെത്തിയ എഴുപതുകാരനോട് ഡോക്ടറുടെ നിർദേശം. രക്തസമ്മർദം വർധിപ്പിക്കുക മാത്രമല്ല, വൃക്കരോഗമുണ്ടാകാനും ഉപ്പ് കാരണമാകുന്നതിനെപ്പറ്റി ഡോക്ടർ വിശദീകരിച്ചു. ഉപ്പു കൂടിയ ഭക്ഷണം ശരീരത്തിന്റെ ‘സോഡിയം ബാലൻസ്’ ഇല്ലാതാക്കും. വൃക്കയുടെ പ്രവർത്തനം തകരാറിലാകാൻ ഇതു കാരണമാകുകയും ചെയ്യും. 

ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കാത്തതു കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വൃക്കരോഗം ബാധിച്ച മുതിർന്ന പൗരന്മാർ ഒട്ടേറെയുണ്ട്. വൃക്കരോഗം എങ്ങനെയുണ്ടാകുന്നു എന്നതിനെപ്പറ്റിയുള്ള അവബോധമില്ലാത്തതാണ് കൂടുതൽ പേരെയും കുഴപ്പത്തിലാക്കുന്നത്. 

വയോജനങ്ങളിൽ വൃക്കരോഗമുണ്ടാകാൻ സാധ്യത കൂടുതലാണ്. മറ്റു രോഗങ്ങളുടെ അനുബന്ധമായോ അല്ലാതെയോ വൃക്കകൾക്കു തകരാറുണ്ടാകാം. പ്രമേഹം, രക്താതിസമ്മർദം, പാരമ്പര്യ പ്രശ്നങ്ങൾ, പുകവലി–മദ്യപാന ശീലങ്ങൾ, മറ്റു രോഗങ്ങൾക്കു കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലം തുടങ്ങിയവ മൂലം വൃക്കരോഗമുണ്ടാകാം. 

മൂത്രപരിശോധനയിലൂടെ വൃക്കരോഗമുണ്ടോ എന്നു കണ്ടുപിടിക്കാവുന്നതാണ്. മൂത്രത്തിൽ ആൽബുമിൻ എന്ന പ്രോട്ടീൻ കൂടുതലായി ഉണ്ടാകുന്നത് വൃക്കരോഗ സാധ്യതയെ അറിയിക്കുന്നതാണ്. മൂത്രത്തിൽ രക്താണുക്കളുടെ സാന്നിധ്യവും വൃക്കരോഗസാധ്യത വെളിപ്പെടുത്തുന്നു. പ്രമേഹരോഗികളുടെ മൂത്രത്തിൽ ‘മൈക്രോആൽബുമിനൂറിയ’ എന്ന അവസ്ഥ ഉണ്ടെങ്കിൽ രോഗം വൃക്കകളെ ബാധിച്ചുവെന്നു മനസ്സിലാക്കണം. 

Read Also: ഹൃദ്രോഗത്താല്‍ യുവാക്കള്‍ മരിച്ച് വീഴുന്നു; കാരണങ്ങള്‍ ഇവ

രക്തപരിശോധനയിലൂടെയും വൃക്കരോഗസൂചന ലഭിക്കും. രക്തത്തിൽ യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് കൂടുതലായി കാണുമ്പോഴാണ് വൃക്കരോഗസാധ്യതയുണ്ടെന്നു മനസ്സിലാകുന്നത്. വൃക്കകളുടെ തകരാറ്, രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയ്ക്കുകയും വിളർച്ചരോഗത്തിനു കാരണമാകുകയും ചെയ്യുന്നു. 

ആദ്യഘട്ടങ്ങളിൽ വൃക്കരോഗം കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാം. വൃക്കയ്ക്ക് അധികമായി തകരാറു സംഭവിച്ചിട്ടുണ്ടെങ്കിൽ വൃക്കയുടെ അപ്പോഴുള്ള പ്രവർത്തനം നിലനിർത്തി മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. 

പ്രതിരോധ മാർഗങ്ങൾ

∙ പ്രമേഹം നിയന്ത്രണവിധേയമാക്കുക. 

∙ അമിതവണ്ണമുള്ളവർ ഭാരം കുറയ്ക്കുക. 

∙ പച്ചക്കറികൾ അധികമായി കഴിക്കുക.

∙ ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കുക. 

∙ വേദനാസംഹാരികൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. 

∙ രക്താതിസമ്മർദം നിയന്ത്രിക്കുക. 

∙ ദിവസവും ലഘുവായി വ്യായാമം ചെയ്യുക. 

∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. 

∙ മനസ്സിന്റെ സന്തോഷത്തിനു വേണ്ട കാര്യങ്ങൾ  ചെയ്യുക. 

∙ വൃക്കരോഗ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യുക. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. അബ്ദുൽ സുക്കൂർ, അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്)

Content Summary: Reasons behind Kidney Disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA