ADVERTISEMENT

ചര്‍മത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചോദ്യോത്തരങ്ങള്‍ പൂരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയിലെ ലിവര്‍പൂള്‍ സ്വദേശി അന്ന മക് കാര്‍ട്‌നെ മുഖത്തിന്റ ഒരു സെല്‍ഫി എടുക്കുന്നത്. സെല്‍ഫിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ കണ്ട അസാധാരണ പാട് അന്നയ്ക്ക് അത്ര പന്തിയായി തോന്നിയില്ല. പലരും നിസ്സാരമായി തള്ളിക്കളയാമായിരുന്ന ഈ പാട് പക്ഷേ അന്നയെ അസ്വസ്ഥയാക്കി. ഇതൊരു സാധാരണ പാടല്ലെന്ന തോന്നല്‍ അന്നയ്ക്ക് മനസ്സിലുണ്ടായി. 

 

പെട്ടെന്നൊരു ദിവസം എങ്ങനെയോ പ്രത്യക്ഷമായ ഈ പാട് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത് ഓരോ ദിവസവും വളരുന്നതായി അന്നയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്നയെ ഞെട്ടിച്ചു കൊണ്ട് ഇത് തൊലിപ്പുറത്ത് ബാധിക്കുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന അര്‍ബുദമാണെന്ന് തെളിഞ്ഞു. 30 മിനിറ്റോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഈ അര്‍ബുദ കോശങ്ങള്‍ അന്നയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. 

 

ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സണ്‍ ബെഡുകളും അള്‍ട്രാവയലറ്റ് ടാനിങ്ങുമാണ് തനിക്ക് അര്‍ബുദം വരാനുള്ള കാരണമെന്ന് ഈ നാല്‍പത്തിമൂന്നുകാരി വിശ്വസിക്കുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് ഇവ തന്റെ ചര്‍മത്തിനുണ്ടാക്കിയതെന്നും അന്ന മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മറുകുള്ളവര്‍ക്കും സെന്‍സിറ്റീവായ ചര്‍മമുള്ളവര്‍ക്കും ചര്‍മാര്‍ബുദത്തിന്റെ കുടുംബചരിത്രമുള്ളവര്‍ക്കും ചിലതരം മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ടാനിങ്ങ് പ്രതികൂല ഫലങ്ങളുളവാക്കാമെന്നും അന്ന ചൂണ്ടിക്കാട്ടുന്നു. 

Read Also: സ്തനാര്‍ബുദം: മുഴ മാത്രമല്ല, ഈ ലക്ഷണങ്ങളെയും കരുതിയിരിക്കണം

2020ല്‍ മാത്രം പുതുതായി 3.25 ലക്ഷം പേര്‍ക്ക് ചര്‍മാര്‍ബുദം നിര്‍ണയിച്ചതായും 57,000 പേര്‍ ഇതു മൂലം മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍( ഐഎആര്‍സി)  ചൂണ്ടിക്കാട്ടുന്നു. 2040 ഓടു കൂടി പ്രതിവര്‍ഷം അഞ്ച് ലക്ഷം പുതിയ മെലനോമ കേസുകളും ഒരു ലക്ഷം മരണങ്ങളും ആഗോളതലത്തില്‍ ഉണ്ടാകാമെന്നാണ് ഐഎആര്‍സിയുടെ കണക്കുകൂട്ടല്‍. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലാണ് മെലനോമ ഏറ്റവുമധികം ബാധിക്കപ്പെടുന്നത്.

Content Summary: Woman, notices warning sign of skin cancer in a selfie​

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com