രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് ഫിനാന്‍സിങ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'അനുഭവ് സദസ്' ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളില്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു. രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയില്‍ നിന്നുമെടുത്തുള്ള ചികിത്സാ ചെലവ് കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്ന് പഠനം നടത്താന്‍ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതായും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു.
കേരളത്തില്‍ സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി. ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് കേരളത്തിന് ദേശീയ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം ലഭിച്ചിരുന്നു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ബിജോയ്, ഡോ. ജയദേവ് സിങ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Content Summary: WHO Meeting with Kerala Health Minister Veena George